വിവിധ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ

വിവിധ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് ആമസോണ്‍ ഇന്ത്യ

അഞ്ച് പുതിയ സംഭരണ ശാലകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഉല്‍സവകാല വില്‍പ്പനയില്‍ മുന്നേറുന്നതിന് വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുമായി കൈകോര്‍ക്കുകയാണ് ആമസോണ്‍ ഇന്ത്യ. മൊബീല്‍ ഫോണ്‍ വിഭാഗത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമിയുമായും വന്‍കിട അപ്ലയന്‍സസ് വിഭാഗത്തില്‍ ടിസിഎസ്, ബിപിഎല്‍ എന്നിവയുമായും ആമസോണ്‍ ഇന്ത്യ കരാറുറപ്പിച്ചതായി കമ്പനിയുടെ മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.
ആമസോണ്‍ പ്ലാറ്റ്‌ഫോം വഴി റെഡ്മി 6എ വില്‍ക്കാനുള്ള എക്‌സ്‌ക്ലൂസിവ് കരാറാണ് ഷഓമിയുമായി കമ്പനി ഉറപ്പിച്ചിട്ടുള്ളത്. വിവിധ ശ്രേണിയില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും കണ്ടെത്താന്‍ ഈ ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നും തിവാരി പറഞ്ഞു. പ്ലാറ്റ്‌ഫോമിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ തങ്ങളുമായി സഹകരിക്കാന്‍ നോക്കുന്നുണ്ടെന്നും നിലവിലുള്ള ബ്രാന്‍ഡുകള്‍ കരാറിന്റെ കാലാവധി നീട്ടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു. മൊബീല്‍ ബ്രാന്‍ഡായ വണ്‍ പ്ലസുമായി ആമസോണ്‍ ഇന്ത്യ കൈകോര്‍ത്തിട്ട് ഏകദേശം നാലര വര്‍ഷത്തോളമായി.
രണ്ടോ മൂന്നോ ഘട്ടങ്ങളിലായി ഉല്‍സവകാല വില്‍പ്പന മേളയായ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ സംഘടിപ്പിക്കാനാണ് ആമസോണ്‍ നോക്കുന്നത്. നവരാത്രിയോടനുബന്ധിച്ച് ഒക്‌റ്റോബര്‍ പത്ത് മുതല്‍ 15 വരെയുള്ള തീയതികളിലാണ് ആദ്യ ഘട്ട മേള നടക്കുക. ദീപാവലിയോടനുബന്ധിച്ച് രണ്ടാം ഘട്ട വില്‍പ്പന മേളയും പുതുവര്‍ഷത്തിനു മുന്‍പായി മൂന്നാം ഘട്ട വില്‍പ്പന മേളയും നടത്തും. വില്‍പ്പന മേളയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംഭരണ ശേഷി 54 ശതമാനം വര്‍ധിപ്പിച്ച് 20 മില്യണ്‍ ചതുരശ്രയടിയാക്കിയിട്ടുണ്ട്. ഇതിനായി അഞ്ച് പുതിയ സംഭരണ ശാലകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഗുര്‍ഗാവ്, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, വിജയവാഡ എന്നിവിടങ്ങളിലാണ് പുതിയ സംഭരണ ശാലകള്‍ തുറന്നത്.
ഇതിനുപുറമെ സ്വകാര്യ ലേബലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിലും ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഫാഷന്‍, വസ്ത്ര വിഭാഗങ്ങളിലായി സിംമ്പോല്‍, മിക്‌സ് എന്നീ സ്വകാര്യ ലേബലുകളാണ് ആമസോണിനുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ടെനറും ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആമസോണ്‍ ബേസിക്‌സുമാണ് കമ്പനിയുടെ സ്വകാര്യ ലേബലുകള്‍. ഉല്‍പ്പന്നങ്ങളുടെ വില ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമാക്കുന്നതില്‍ സ്വകാര്യ ലേബലുകള്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ വിഭാഗം മേധാവി അരുണ്‍ ശ്രീദേഷ്മുഖ് പറഞ്ഞു. ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ ചില സ്വകാര്യ ബ്രാന്‍ഡുകളും ആമസോണ്‍ വഴി വില്‍ക്കുന്നുണ്ട്. പുതിയ ഉപഭോക്താക്കളില്‍ 80 ശതമാനത്തിലധികവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നാണെന്നും അരുണ്‍ ശ്രീദേഷ്മുഖ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Amazon India