ആഫ്രിക്കയിലെ സൗരോര്‍ജ പദ്ധതികളിലേക്ക് ഇന്ത്യ ശ്രദ്ധിക്കണമെന്ന് ആര്‍കെ സിംഗ്

ആഫ്രിക്കയിലെ സൗരോര്‍ജ പദ്ധതികളിലേക്ക് ഇന്ത്യ ശ്രദ്ധിക്കണമെന്ന് ആര്‍കെ സിംഗ്

ആഫ്രിക്കയില്‍ നിന്ന് നിരവധി സര്‍ക്കാരുകള്‍ സോളാര്‍ പങ്കാളിത്തത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചു; ഇന്ത്യയിലേതിന് സമാനമായി മൈക്രോ ഗ്രിഡുകളാവും ആഫ്രിക്കയിലും സ്ഥാപിക്കേണ്ടി വരിക

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിലൂടെ (ഐഎസ്എ) ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഫ്രിക്കയില്‍ സൗരോര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍കെ സിംഗ്. രാജ്യത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെ ലഭിച്ച അനുഭവ സമ്പത്ത് കമ്പനികള്‍ പ്രയോജനപ്പെടുത്തണം. വലിയ തോതിലുള്ള ഊര്‍ജ പ്രാപ്യതക്കായി സോളാര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ആഫ്രിക്കയില്‍ നിന്ന് നിരവധി സര്‍ക്കാരുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ്എയിലൂടെ ആഫ്രിക്കയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കമ്പനികളെ പ്രോല്‍സാഹിപ്പിക്കാന്‍ ഒരു ബില്യണ്‍ ഡോളറിന്റെ ഫണ്ട് ലോക ബാങ്ക് സജ്ജമാക്കിയിട്ടുണ്ടെന്നും സിംഗ് ചൂണ്ടിക്കാട്ടി. 2022ഓടെ 500 മെഗാവാട്ട് ശേഷിയുള്ള 10,000 പുനരുപയോഗ ഊര്‍ജാധിഷ്ഠിത സൂക്ഷ്മ, ചെറുകിട പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാനുള്ള സര്‍ക്കാരിന്റെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍. 17 ശതമാനം എന്ന ഉയര്‍ന്ന സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന ആഗോള മൈക്രോ ഗ്രിഡ് വിപണി 2025ഓടെ 17.5 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള നെറ്റ്‌വര്‍ക്കിന്റെ ചെലവ് അധികമായതിനാല്‍, ഇന്ത്യയിലെ വിദൂര മേഖലകളിലുള്ള ഗ്രാമങ്ങളില്‍ ഊര്‍ജ ആവശ്യകത നിറവേറ്റാന്‍ മൈക്രോ ഗ്രിഡുകളാണ് സ്ഥാപിക്കുന്നത്. സമാനമായ സ്ഥിതിവിശേഷമാണ് ആഫ്രിക്കയില്‍ നിലനില്‍ക്കുന്നതെന്നും ഇന്ത്യന്‍ മാതൃക അവിടെയും ആവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുനരുപയോഗ ഊര്‍ജ രംഗവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പരിപാടികള്‍ രാജ്യ തലസ്ഥാനത്ത് ഒക്‌റ്റോബര്‍ ആദ്യ വാരം നടക്കാന്‍ പോവുകയാണ്. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ ആദ്യ പ്രതിനിധി സമ്മേളനം, രണ്ടാമത് ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (ഐഒആര്‍എ) പുനരുപയോഗ ഊര്‍ജ മന്ത്രിതല യോഗം, രണ്ടാമത് ആഗോള പുനരുപയോഗ ഊര്‍ജ നിക്ഷേപ യോഗവും പ്രദര്‍ശനവും എന്നിവയാണ് ന്യൂഡെല്‍ഹിയില്‍ വച്ച് അടുത്ത മാസം ആദ്യത്തെ ആഴ്ചയില്‍ നടക്കുന്നത്. ഒക്‌റ്റോബര്‍ രണ്ടിന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

2015 നവംബര്‍ 30ന് പാരിസ് കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയും ചേര്‍ന്നാണ് അന്താരാഷ്ട്ര സോളാര്‍ സഖ്യം ഉത്ഘാടനം ചെയ്തിരുന്നത്. സോളാറിന്റെ സാധ്യതകള്‍ പരിശോധിച്ചു വരുന്ന 121 രാജ്യങ്ങളില്‍ പകുതിയിലധികവും നിലവില്‍ ഐഎസ്എയില്‍ അംഗമായിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഏഴ് ദശലക്ഷം ഡോളര്‍ തുക ഇന്ത്യന്‍ കമ്പനികള്‍ ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ, കോള്‍ ഇന്ത്യയും പവര്‍ ഫിനാന്‍സ് കോര്‍പറേഷനും ഒരു ദശലക്ഷം ഡോളര്‍ വീതം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യ ട്രേഡ് പ്രമോഷന്‍ രണ്ട് മില്യണ്‍ ഡോളര്‍ നല്‍കാമെന്നും ഏറ്റിട്ടുണ്ട്.

Comments

comments

Categories: FK News
Tags: RK Sing, solar