കുട്ടികളിലെ ബുദ്ധി വളര്‍ച്ചയ്ക്ക് ടിവിയും മൊബീലും വില്ലനാകുന്നു

കുട്ടികളിലെ ബുദ്ധി വളര്‍ച്ചയ്ക്ക് ടിവിയും മൊബീലും വില്ലനാകുന്നു

ദിവസവും രണ്ടു മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ ടിവി, മൊബീല്‍, ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുന്നത് തലച്ചോറിന്റെ ക്ഷമത തകരാറിലാക്കുമെന്ന് ഗവേഷകര്‍

ദീര്‍ഘനേരം കുട്ടികള്‍ ടിവി കാണുന്നതും മൊബീല്‍ ഉപയോഗിക്കുന്നതും അവരുടെ ബുദ്ധി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. കാനഡയിലെ ഒരു സംഘം ഗവേഷകരാണ് ആധുനിക തലമുറയിലെ കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയെ കുറിച്ച് ആശങ്ക നിറഞ്ഞ ഈ പഠനം പുറത്തു വിട്ടിരിക്കുന്നത്.

ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ കുട്ടികള്‍ ടിവി, മൊബീല്‍, ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുന്നത് അവരുടെ തലച്ചോറിന്റെ ക്ഷമത തകരാറിലാക്കുമെന്നാണ് പഠനത്തിലെ സൂചന. ദീര്‍ഘനേരം കംപ്യൂട്ടര്‍ ഗെയിമുകളില്‍ ഏര്‍പ്പെടുക, സമൂഹമാധ്യമങ്ങളിലും മറ്റുമായി വിവിധ പരിപാടികള്‍ നിരന്തരം കാണുക എന്നിവയെല്ലാം ബുദ്ധി വികാസത്തെ സാരമായി ബാധിക്കും. സ്ഥിരമായി കൂടുതല്‍ സമയം ടിവിയിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ സമയം ചെലവഴിക്കുന്ന കുട്ടികളില്‍, 8-11 വയസുവരെയുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് ബുദ്ധി വളര്‍ച്ച അഞ്ച് ശതമാനത്തോളം കുറവായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കുട്ടികളിലെ അമിതമായ ടീവി, മൊബീല്‍ ഉപയോഗം തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനങ്ങളുടെ സന്തുലിതാവസ്ഥയെയാണ് തടസപ്പെടുത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒട്ടാവയിലെ കിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജെര്‍മി വാല്‍ഷ് വ്യക്തമാക്കി. കുട്ടികളില്‍ തിരിച്ചറിയല്‍ ശേഷിയും ബുദ്ധിവികാസവുമുണ്ടാകുന്നത് അവരിലെ ദൈനംദിനം പ്രവര്‍ത്തനങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയുമാണ്. രണ്ടു മണിക്കുറോളം യാതൊരു ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതെ കുട്ടികള്‍ സ്‌ക്രീനില്‍ മാത്രം സമയം ചെലവഴിക്കുന്നത് അവരുടെ ബുദ്ധിപരമായ വികാസത്തിന് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4500 ല്‍ പരം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ അവര്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ചെലവിടുന്ന സമയം, ഉറക്കം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിരീക്ഷണ വിധേയമാക്കിയിരുന്നു. രക്ഷിതാക്കള്‍ക്ക് നല്‍കിയ ചോദ്യാവലിയില്‍ നിന്നുള്ള ഡാറ്റകളും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഠനത്തില്‍ പങ്കെടുത്ത 4500 കുട്ടികളില്‍ 20 കുട്ടികളില്‍ മാത്രമാണ് 9 മുതല്‍ 11 മണിക്കൂര്‍ ഉറക്കവും, ഒരു മണിക്കൂറോളം കായികപ്രവര്‍ത്തനങ്ങളും വളരെ കുറവ് സ്‌ക്രീന്‍ സമയവും കണ്ടെത്തിയതെന്നും ഗവേഷകര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭാഷാപ്രയോഗത്തിലുള്ള കഴിവ്, ചിന്താശേഷി, ശ്രദ്ധ, ഓര്‍മ എന്നിവയില്‍ നടത്തിയ നിരീക്ഷണങ്ങളിലും കൂടുതല്‍ സമയം ടിവി കാണുന്ന കുട്ടികള്‍ പിന്നിട്ടു നിന്നതായി ഗവേഷകര്‍ പറയുന്നു. ആരോഗ്യ വിദഗ്ധര്‍ കുട്ടികള്‍ക്കായി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങളില്‍ പലതും ഇവരില്‍ കണ്ടെത്താനായില്ല. ഏകദേശം പകുതിയോളം പേര്‍ക്കു മാത്രമാണ് ശരിയായ ഉറക്കം ലഭിക്കുന്നത്. ഏതാണ്ട് 73 ശതമാനം കുട്ടികളും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ടിവിയോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ പരിപാടികള്‍ കാണുന്നവരാണ്. അമേരിക്കയിലെ കുട്ടികള്‍ ദിവസം മൂന്നര മണിക്കൂറില്‍ കുടുതല്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കളികള്‍ക്കും മറ്റ് വ്യായാമങ്ങള്‍ക്കുമായി കുട്ടികള്‍ ചെലവിടുന്ന സമയവും കുറവാണ്. 18 ശതമാനത്തോളം പേര്‍ കായികക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ 18 ശതമാനത്തിലേറെ പേരില്‍ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പഠനം പറയുന്നു. കുട്ടികള്‍ സ്‌ക്രീനില്‍ ചെലവിടുന്ന സമയം കുറയ്ക്കുകയും ശരിയായി ഉറങ്ങുകയും ചെയ്താല്‍ ബുദ്ധി വികാസത്തിന് ഏറെ സഹായകമാകുമന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

———-
പഠനത്തില്‍ പങ്കെടുത്ത 4500 കുട്ടികളില്‍ 20 കുട്ടികളില്‍ മാത്രമാണ് 9 മുതല്‍ 11 മണിക്കൂര്‍ ഉറക്കവും, ഒരു മണിക്കൂറോളം കായികപ്രവര്‍ത്തനങ്ങളും വളരെ കുറവ് സ്‌ക്രീന്‍ സമയവും കണ്ടെത്താന്‍ കഴിഞ്ഞത്

കളികള്‍ക്കും മറ്റ് വ്യായാമങ്ങള്‍ക്കുമായി കുട്ടികള്‍ ചെലവിടുന്ന സമയവും കുറവാണ്. 18 ശതമാനത്തോളം പേര്‍ കായികക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ 18 ശതമാനത്തിലേറെ പേരില്‍ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പഠനം പറയുന്നു

Comments

comments

Categories: Top Stories