വ്യക്തി വിവര ചോര്‍ച്ച: യുബറിന് 1000 കോടി രൂപ പിഴ

വ്യക്തി വിവര ചോര്‍ച്ച: യുബറിന് 1000 കോടി രൂപ പിഴ

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന വിവരം മറച്ചുവെച്ച കേസില്‍ ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യുബര്‍ 14.8 കോടി ഡോളര്‍ (1000 കോടി രൂപ) പിഴയൊടുക്കും. വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഇതുവരെയുണ്ടായതില്‍ വെച്ചേറ്റവും വലിയ പിഴത്തുകയാണിത്.

യുഎസ് സര്‍ക്കാരും അമ്പതോളം യുഎസ് സംസ്ഥാനങ്ങളുമാണ് യുബറിനെതിരെ കോടതിയെ സമീപിച്ചത്. ഉപഭോക്താക്കളും ഡ്രൈവര്‍മാരുമുള്‍പ്പെടെ 5.7 കോടിപ്പേരുടെ വ്യക്തിവിവരങ്ങള്‍ 2016ല്‍ ചോര്‍ന്നത് യുബര്‍ ഒരുവര്‍ഷത്തോളം മറച്ചുവെച്ചതായാണ് കേസ്. തങ്ങളില്‍നിന്ന് ചോര്‍ത്തിയ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു ലക്ഷം ഡോളര്‍ (ഏകദേശം 72 ലക്ഷം രൂപ) യുബര്‍ ഹാക്കര്‍മാര്‍ക്ക് നല്‍കുകയുംചെയ്തു. തേര്‍ഡ് പാര്‍ട്ടി സെര്‍വറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഉപഭോക്താക്കളുടെ എല്ലാത്തരം സുരക്ഷയും ഉറപ്പാക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുബര്‍ നിയമ മേധാവി ടോണി വെസ്റ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആഗോളതലത്തില്‍ വിവിധസര്‍ക്കാരുകളുമായി സഹകരിച്ച് മുന്നോട്ടുപോകും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto
Tags: Uber