എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ 4% ഓഹരികള്‍ വില്‍ക്കും

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ 4% ഓഹരികള്‍ വില്‍ക്കും

481.73 കോടി രൂപയുടെ മൂലധന സമാഹരണമാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കുന്നതിന് എസ്ബിഐ ഉന്നതതലസമിതി അനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന എക്‌സിക്യൂട്ടീവ് സമിതി യോഗത്തിലാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് തീരുമാനമായത്.
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ നാല് ശതമാനം ഓഹരികളാണ് ബാങ്ക് വില്‍ക്കാനൊരുങ്ങുന്നത്. ഇതുവഴി 481.73 കോടി രൂപയുടെ മൂലധന സമാഹരണമാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ 86,20,000 ഇക്വിറ്റി ഓഹരികളാണ് ബാങ്ക് വില്‍ക്കുക. ആക്‌സിസ് എഎംസിക്കും പ്രേംജി ഇന്‍വെസ്റ്റ് ഓപ്പോര്‍ച്ചുനിറ്റീസ് ഫണ്ടിനുമാണ് ഓഹരികള്‍ വില്‍ക്കുക. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ 1.65 ശതമാനം ഓഹരികള്‍ ആക്‌സിസ് എഎംസിയും 2.35 ശതമാനം ഓഹരികള്‍ പ്രേംജി ഇന്‍വെസ്റ്റുമാണ് ഏറ്റെടുക്കുക.
ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ജനറല്‍ ഇന്‍ഷുറന്‍സിന്റെ മൊത്തം മൂല്യം 12,000 കോടി രൂപയിലധികമാകും. ഓഹരി വില്‍പ്പനയ്ക്കുശേഷം കമ്പനിയുടെ 70 ശതമാനം ഓഹരികളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുണ്ടാകുക. ഐഎജി ഇന്റര്‍നാഷണലിന് കമ്പനിയില്‍ 26 ശതമാനം ഓഹരി ഉടമസ്ഥാവകാശം ഉണ്ടാകും.
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് ആക്‌സിസ് എഎംസിയെയും പ്രേംജി ഇന്‍വെസ്റ്റിനെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ ഇന്‍ഷുറന്‍ മേഖല ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്നും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് വലിയ വളര്‍ച്ചാ സാധ്യതകളാണ് വിപണിയിലുള്ളതെന്നും രജ്‌നിഷ് കുമാര്‍ അറിയിച്ചു.

Comments

comments

Categories: Banking

Related Articles