സര്‍ക്കാരില്‍ നിന്നും 5.431 കോടി മൂലധന സഹായം അവശ്യപ്പെടാനൊരുങ്ങി പിഎന്‍ബി

സര്‍ക്കാരില്‍ നിന്നും 5.431 കോടി മൂലധന സഹായം അവശ്യപ്പെടാനൊരുങ്ങി പിഎന്‍ബി

പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അരുണ്‍ ജയ്റ്റ്‌ലി മൂലധന സഹായം ഉള്‍പ്പടെയുള്ള പിന്തുണ ഉറപ്പു നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: സര്‍ക്കാരില്‍ നിന്നും 5,431 കോടി രൂപയുടെ മൂലധന സഹായം ആവശ്യപ്പെടാന്‍ പദ്ധതിയിടുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് പിഎന്‍ബി ഇക്കാര്യം അറിയിച്ചത്. മുന്‍ഗണനാ ഓഹരികള്‍ സര്‍ക്കാരിന് കൈമാറിക്കൊണ്ട് മൂലധന സമാഹരണം നടത്താനാണ് പദ്ധതി. ഇതിനായി ഓഹരി ഉടമകളുടെ അനുമതി തേടുന്നതിന് അസാധാരണ പൊതുയോഗം ചേരേണ്ട തീയതി നിശ്ചയിക്കാനും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ഇന്നലെ പിഎന്‍ബി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു.
ചൊവ്വാഴ്ച പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അരുണ്‍ ജയ്റ്റ്‌ലി മൂലധന സഹായം ഉള്‍പ്പടെയുള്ള പിന്തുണ ഉറപ്പു നല്‍കിയത്. ബാങ്കുകളുടെ വായ്പാശേഷിയെ പരോക്ഷമായി ബാധിക്കുമെന്നതിനാല്‍ ആര്‍ബിഐ യുടെ തിരുത്തല്‍ നടപടി ക്രമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ ചിലര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ ഈ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാമെന്ന തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെഗുലേറ്ററി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച അനുപാതം പാലിക്കുന്നതിനായി ഈ മാസം മുന്‍ഗണന ഓഹരികള്‍ വഴി 2,816 കോടി രൂപയുടെ മൂലധന സഹായം സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അനുവദിച്ചിരുന്നു. റെഗുലേറ്ററി, മൂലധന ആവശ്യകത നിറവേറ്റുന്നതിനായി പിഎന്‍ബി, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് തുടങ്ങിയവ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ക്ക് 11,336 കോടി രൂപ നല്‍കാന്‍ ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 2.11 ട്രില്യണ്‍ മൂലധന സഹായ പദ്ധതിയുടെ ഭാഗമാണിത്.

Comments

comments

Categories: Banking
Tags: PNB