കേരളത്തിന് ഇളവ്; അടിയന്തിരമായി 486.87 കോടി രൂപ ലഭിക്കും

കേരളത്തിന് ഇളവ്; അടിയന്തിരമായി 486.87 കോടി രൂപ ലഭിക്കും

പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം; രാജ്യത്ത് 6.26 ലക്ഷം ഭവനങ്ങള്‍ക്ക് കൂടി നിര്‍മിക്കാനും അനുമതി; ആകെ ചെലവ് 26,157.5 കോടി രൂപ

 

ന്യൂഡെല്‍ഹി: കേരളത്തില്‍ പ്രളയം മൂലമുണ്ടായ അസാമാന്യമായ സാഹചര്യം പരിഗണിച്ച്, ഭവന നിര്‍മാണ പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് (അര്‍ബന്‍) കീഴില്‍ അടിയന്തിരമായി 486.87 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പിഎംഎവൈ(യു) പ്രകാരം ലഭിക്കേണ്ടിയിരുന്ന രണ്ടു തവണത്തെ തുക, മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി ഒരുമിച്ച് അനുവദിക്കും. പിഎംഎവൈ (യു) ക്കു കീഴില്‍ ഭവനങ്ങള്‍ നിര്‍മിക്കാന്‍ കഴിയാവുന്നത്രയും വേഗത്തില്‍ പദ്ധതിയുടെ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലയം കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയ ബാധിതരായ വ്യക്തികള്‍ക്കും ഭവനങ്ങള്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കുകയും ചെയ്യും. ഡെല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര അനുമതി നിരീക്ഷണ സമിതിയുടെ മുപ്പത്തെട്ടാമത് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പദ്ധതി പ്രകാരം കൂടുതല്‍ സഹായവും ഇളവുകളും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

പിഎംഎവൈ (യു) ന് കീഴില്‍ നഗര പ്രദേശങ്ങളില്‍ താങ്ങാവുന്ന നിരക്കിലുള്ള 6.26 ലക്ഷം ഭവനങ്ങള്‍ കൂടി നിര്‍മിക്കാനും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം അനുമതി നല്‍കി. 26,157.5 കോടി രൂപ ഇതിനായി നിക്ഷേപിക്കും. 9,433.6 കോടി രൂപയായിരിക്കും പദ്ധതിക്കു വേണ്ടിയുള്ള കേന്ദ്ര സഹായം. ഇതോടെ പിഎംഎവൈ(യു) ന് കീഴില്‍ നിര്‍മിക്കുന്ന ആകെ ഭവനങ്ങളുടെ എണ്ണം 60,28,608 ആകും.

11 സംസ്ഥാനങ്ങളിലായി 1,294 ല്‍ അധികം പദ്ധതികള്‍ക്കാണ് ഇത്തവണ അനുമതി നല്‍കിയിട്ടുള്ളത്. ആന്ധ്ര പ്രദേശില്‍ 3,922.8 കോടി രൂപ നിക്ഷേപത്തില്‍ 1.40 ലക്ഷം ഭവനങ്ങളും, ബിഹാറില്‍ 2,646.4 കോടി രൂപ നിക്ഷേപത്തില്‍ 50,017 ഭവനങ്ങളും അനുവദിച്ചു. 1,091.9 കോടി രൂപ ചെലവില്‍ 20,712 ഭവനങ്ങളാണ് ഛത്തീസ്ഗഢില്‍ നിര്‍മിക്കുക. ഗുജറാത്തില്‍ 29,185 ഭവനങ്ങള്‍ (2,023.4 കോടി രൂപ നിക്ഷേപം), മധ്യപ്രദേശില്‍ 74,631 വീടുകള്‍ (2,932.4 കോടി രൂപ), മഹാരാഷ്ട്ര 22,265 ഭവനങ്ങള്‍ (709.9 കോടി രൂപ), ഒഡീഷ 13,421 വീടുകള്‍ (399.7 കോടി രൂപ), മണിപ്പൂര്‍ 2,588 ഭവനങ്ങള്‍ (65.2 കോടി രൂപ) എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

264.9 കോടി രൂപ നിക്ഷേപത്തില്‍ 9,778 കോടി വീടുകള്‍ക്കാണ് ത്രിപുരയില്‍ നിര്‍മാണാനുമതി നല്‍കിയത്. 1,387.7 കോടി രൂപ നിക്ഷേപത്തില്‍ 20,794 വീടുകളാണ് തമിഴ്‌നാട്ടില്‍ നിര്‍മിക്കുക. 2.34 ലക്ഷം ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര്‍ പ്രദേശും തയാറെടുക്കുന്നുണ്ട്. ഇതിനായി 10,713.1 രൂപ നിക്ഷേപിക്കും.

Comments

comments

Categories: FK News
Tags: Kerala flood

Related Articles