മേഖല തിരിച്ചുള്ള കയറ്റുമതി തന്ത്രങ്ങള്‍ അടുത്തയാഴ്ച അവലോകനം ചെയ്യും

മേഖല തിരിച്ചുള്ള കയറ്റുമതി തന്ത്രങ്ങള്‍ അടുത്തയാഴ്ച അവലോകനം ചെയ്യും

കയറ്റുമതി മേഖലയിലേക്കുള്ള വായ്പാ ലഭ്യത മെച്ചപ്പെടുത്താന്‍ ഇടപെടണമെന്ന് അടുത്തിടെ ധനമന്ത്രാലയത്തോട് വാണിജ്യ മന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടിരുന്നു

ന്യൂഡെല്‍ഹി: ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള കയറ്റുമതി തന്ത്രങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ്പ്രഭുവിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച അവലോകന യോഗം നടക്കും. ആഗോള വ്യാപാര മേഖലയിലും വായ്പാ ലഭ്യതയിലും നേരിടുന്ന പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷം രാജ്യത്തിന്റെ കയറ്റുമതി 20 ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ജുവല്ലറി, ടെക്‌സ്റ്റൈല്‍സ്, തുകല്‍ വ്യവസായം, കാര്‍ഷികം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഒന്‍പത് മേഖലകളൈയാണ് മന്ത്രാലയം വിശകലനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ കയറ്റുമതി 400 ബില്യണ്‍ ഡോളറിലേക്ക് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2017-18 വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം കയറ്റുമതി 302 ബില്യണ്‍ ഡോളറാണ്. ഇതില്‍ 80 ശതമാനവും ഈ 9 മേഖലകളില്‍ നിന്നുള്ളതാണ്.
രാജ്യത്തെ കയറ്റുമതി 2025ഓടെ നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിനായി വിവിധ പദ്ധതികളും തന്ത്രങ്ങളും തയാറാക്കാന്‍ കയറ്റുമതി കമ്പനികളോട് സുരേഷ് പ്രഭു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിദേശ വിനിമയത്തില്‍ ഇന്ത്യയുടെ മത്സരക്ഷമത ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഒക്‌റ്റോബര്‍ ഒന്നിന് ആസൂത്രണ പദ്ധതികള്‍ മന്ത്രി വിലയിരുത്തും. ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും കയറ്റുമതി പ്രോത്സാഹന കൗണ്‍സിലര്‍മാരും നടത്തിവരുന്ന ചര്‍ച്ചകളുടെയും കൂടിക്കാഴ്ചകളുടെയും തുടര്‍ച്ചയായാണ് ഈ വിലയിരുത്തലെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് വരെയുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സമാന കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 16 ശതമാനം വര്‍ധിച്ചു.
കയറ്റുതിക്കാര്‍ക്കുള്ള കുറഞ്ഞ വായ്പാ ലഭ്യത, സ്വര്‍ണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന ജിഎസ്ടി, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന മലിനീകരണ നിയന്ത്രണങ്ങള്‍, രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയാണ് കയറ്റുമതി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കയറ്റുമതി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. കയറ്റുമതി മേഖലയിലേക്കുള്ള വായ്പാ ലഭ്യത മെച്ചപ്പെടുത്താന്‍ ധനമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് സുരേഷ് പ്രഭു അടുത്തിടെ കത്തെഴുതിയിരുന്നു.

Comments

comments

Categories: FK News