ബാങ്ക് വായ്പ 13.46 ശതമാനവും നിക്ഷേപം 8.58 ശതമാനവും വര്‍ധിച്ചു

ബാങ്ക് വായ്പ 13.46 ശതമാനവും നിക്ഷേപം 8.58 ശതമാനവും വര്‍ധിച്ചു

സെപ്റ്റംബര്‍ ഒന്നുമുതല്‍ 14 വരെയുള്ള കാലയളവില്‍ ബാങ്കുകളിലേക്കുള്ള നിക്ഷേപത്തില്‍ 8.58 ശതമാനം വര്‍ധനയാണുണ്ടായത്

ന്യൂഡെല്‍ഹി: ഈ മാസം 14 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പ 13.46 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 87,98,812 കോടി രൂപയുടെ വായ്പയാണ് രാജ്യത്തെ ബാങ്കുകള്‍ മൊത്തം നല്‍കിയിട്ടുള്ളതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കു പ്രകാരം 77,54,406 കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ അനുവദിച്ചിരുന്നത്. നടപ്പു വര്‍ഷം ഓഗസ്റ്റ് 31ല്‍ അവസാനിച്ച രണ്ടാഴ്ച്ചയ്ക്കിടെ ബാങ്കുകളുടെ വായ്പ 13.49 ശതമാനം വര്‍ധിച്ച് 87,89,259 കോടി രൂപയിലെത്തിയിരുന്നു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ 14 വരെയുള്ള കാലയളവില്‍ ബാങ്കുകളിലേക്കുള്ള നിക്ഷേപത്തില്‍ 8.58 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 106,55,722 കോടി രൂപയില്‍ നിന്നും നിക്ഷേപം 115,70,748 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ ഡാറ്റ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ബാങ്ക് നിക്ഷേപം 8.88 ശതമാനം വര്‍ധിച്ച് 116,45,870 കോടി രൂപയിലെത്തിയിരുന്നുവെന്നും ആര്‍ബിഐ പറയുന്നു.
ഈ വര്‍ഷം ജൂലൈയില്‍ ഭക്ഷ്യേതര വിഭാഗത്തിലെ ബാങ്ക് വായ്പയില്‍ 10.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2017 ജൂലൈയില്‍ ഭക്ഷ്യേതര വിഭാഗത്തിലെ വായ്പയില്‍ 5.3 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. കാര്‍ഷികാവശ്യങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള വായ്പയില്‍ ഈ വര്‍ഷം ജൂലൈയില്‍ 6.6 ശതമാനം വര്‍ധനയുണ്ടായി. 2017 ജൂലൈയില്‍ 6.8 ശതമാനം വായ്പാ വളര്‍ച്ച അനുഭവപ്പെട്ട സ്ഥാനത്താണിത്. സേവന മേഖലയിലേക്കുള്ള വായ്പയില്‍ 23 ശതമാനവും വ്യക്തിഗത വിഭാഗത്തില്‍ നിന്നുള്ള വായ്പയില്‍ 16.7 ശതമാനവും വര്‍ധനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് യഥാക്രമം 4.9 ശതമാനവും 15 ശതമാനവും ആയിരുന്നു.

Comments

comments

Categories: Banking
Tags: bank loan