ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തേടിയെത്തിയത് 50,000 കോടി രൂപ!

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തേടിയെത്തിയത് 50,000 കോടി രൂപ!

അതിവേഗവളര്‍ച്ച രേഖപ്പെടുത്തുന്ന സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് ആറ് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം എത്തിയത്. ഈ വര്‍ഷം നിക്ഷേപ കരാറുകളില്‍ പുതിയ വഴിത്തിരിവുണ്ടാക്കുമോ സ്റ്റാര്‍ട്ടപ്പ് ലോകം?

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ അതിശക്തവും ഊര്‍ജ്ജസ്വലവുമായ അവസ്ഥയിലാണെന്ന് കണക്കുകള്‍. ഈ വര്‍ഷം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപകര്‍ 50,000 കോടി രൂപയുടെ (6.9 ബില്യണ്‍ ഡോളര്‍) ഫണ്ട് ഒഴുക്കിയതായാണ് കണക്കുകള്‍ പറയുന്നത്. ഗവേഷണ സ്ഥാപനമായ ട്രാക്‌സണിന്റെ കണക്കനുസരിച്ച് ഈ നിക്ഷേപത്തില്‍ 85 ശതമാനവും ഉയര്‍ന്ന വളര്‍ച്ച നേടുന്ന ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് നടന്നിരിക്കുന്നത്.

സ്വിഗ്ഗി, സൊമാറ്റോ, പോളിസി ബസാര്‍, ഗ്രീന്‍ഓറഞ്ച്, ഉഡാന്‍ ഉള്‍പ്പെടെ 50 സ്റ്റാര്‍ട്ടപ്പുകള്‍ 100 ദശലക്ഷം ഡോളറിലുമധികം നിക്ഷേപം നേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസ് ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് അടക്കമുള്ളവരില്‍ നിന്നും ഈ മാസം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടുകയുണ്ടായി. ഒന്നിലധികം കമ്പനികളില്‍ ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ വിപണിയിലെ മുന്‍നിര കമ്പനിയില്‍ വലിയ നിക്ഷേപം നടത്താനാണ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ താല്‍പ്പര്യമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പ്് ഫിള്പ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തത് ഈ വര്‍ഷമാണ്. 16 ബില്യണ്‍ ഡോളറിന് നടന്ന ഇടപാട് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ഒരു നാഴികക്കല്ലായിരുന്നു.

ഇന്റര്‍നെറ്റ്-സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക, ബ്രോഡ്ബാന്‍ഡ് ഡാറ്റാ പ്ലാനിന്റെ ചെലവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായകമായ ബിസിനസുകളില്‍ നിക്ഷേപം നടത്തുന്ന പ്രവണത ശക്തമായിട്ടുണ്ട്.

വായ്പ, പേമെന്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് നിക്ഷേപകര്‍ വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ആകെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ കണക്കിനെ മറികടക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 9.9 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സ്റ്റാര്‍പ്പുകള്‍ നേടിയത്. ഇത് തൊട്ടു മുന്‍ വര്‍ഷം ലഭിച്ച നിക്ഷേപത്തേക്കാള്‍ വലിയ തുകയാണ്. 2016 ല്‍ പ്രാരംഭഘട്ട, വളര്‍ച്ചാ ഘട്ട സമാഹരണഘട്ടങ്ങളിലൂടെ 4.6 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമാഹരിക്കാനായത്. ഈ വര്‍ഷം ഇതുവരെ പ്രാരംഭഘട്ടം മുതല്‍ സീരീസ് എ വരെയുള്ള നിക്ഷേപസമാഹരണത്തിലൂടെ 869 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടന്നത്. ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ പ്രാരംഭഘട്ട നിക്ഷേപം നേടിയ 2015 നേക്കാള്‍ മികച്ച നേട്ടമാണിത്.

കഴിഞ്ഞ വര്‍ഷം 762 പ്രാരംഭഘട്ട-ഏയ്ഞ്ചല്‍ നിക്ഷേപ ഇടപാടുകള്‍ നടന്നപ്പോള്‍ ഈ വര്‍ഷം ഇതുവരെ 339 ഇടപാടുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേ സമയം പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സെക്ക്വോയ കാപ്പിറ്റല്‍ ഇന്ത്യ, മെട്രിക്‌സ് പാര്‍ട്‌ണേഴ്‌സ്, ലൈറ്റ്‌ബോക്‌സ് വെഞ്ച്വേഴ്‌സ് തുടങ്ങിയ പല വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളും ഈ വര്‍ഷം പുതിയ ഫണ്ടുകള്‍ക്ക് രൂപം നല്‍കിയിരുന്നു.

 

  • ഒയോ റൂംസ്, സ്വിഗ്ഗി, സൊമാറ്റോ, പോളിസി ബസാര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലേക്ക് മികച്ച നിക്ഷേപമെത്തി
  • ഈ മാസം ഒയോ റൂംസ് മാത്രം സമാഹരിച്ചത് 1 ബില്ല്യണ്‍ ഡോളര്‍. സോഫ്റ്റ് ബാങ്കാണ് നിക്ഷേപസമാഹരണത്തിന് നേതൃത്വം നല്‍കിയത്
  • 2018ല്‍ ഇതുവരെ നടന്നത് 627 ഡീലുകള്‍. എത്തിയ നിക്ഷേപം 6.9 ബില്ല്യണ്‍ ഡോളര്‍
  • 2017ല്‍ നടന്നത് 1104 ഡീലുകള്‍, എത്തിയ നിക്ഷേപം 9.9 ബില്ല്യണ്‍ ഡോളര്‍
  • 16 ബില്ല്യണ്‍ ഡോളറിന്റെ ഫഌപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഡീല്‍ നിര്‍ണായകമായി

Comments

comments

Categories: FK News