പ്രതിരോധത്തിന് ഹൈടെക് ഏജന്‍സി

പ്രതിരോധത്തിന് ഹൈടെക് ഏജന്‍സി

പ്രതിരോധ ഗവേഷണരംഗത്ത് ഇന്ത്യ വലിയ ചുവടുവെപ്പിന് തയാറെടുക്കുന്നു

ഓരോ രാജ്യവും ശാസ്ത്രസാങ്കേതികരംഗത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് പ്രതിരോധഗവേഷണത്തിലാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളും നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്തിവാനിമയസൗകര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ വരെ രാജ്യരക്ഷയ്ക്കുവേണ്ടി ഉപയോഗിക്കാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യ നാള്‍തോറും വികസിച്ചു കൊണ്ടിരിക്കുന്ന ആധുനികകാലത്ത് ഇതിന്റെ പ്രാധാന്യം കൂടുന്നു. വൈറസ് ആക്രമണങ്ങളും ഹാക്കിംഗും പോലുള്ള വെര്‍ച്വല്‍ ആക്രമണങ്ങളാണ് നേര്‍ക്കുനേര്‍ നിന്നു കൊണ്ടുള്ള യുദ്ധത്തേക്കാള്‍ ഇന്നു നടക്കുന്നത്.

പ്രധാനമായും ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് സൈബര്‍ഇടം, ബഹിരാകാശരംഗം, സൈനികനീക്കം എന്നീ മേഖലകളിലായിരിക്കും. ഇതു മുന്നില്‍ കണ്ട് മൂന്നു സൈനികവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കാര്യക്ഷമമായ വിഭാഗത്തെ രൂപീകരിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. പുതിയ കാലത്തെ യുദ്ധതന്ത്രങ്ങളെ ആസ്പദമാക്കിയുള്ള വികസിതസാങ്കേതിക ഏജന്‍സിയാണ് ലക്ഷ്യം. മെഗാ ആയുധ ഇടപാടുകള്‍ ഒഴിവാക്കി പ്രത്യേക സംഭരണശൃംഖല സ്ഥാപിക്കുകയെന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സൈബര്‍ഇടം, ബഹിരാകാശരംഗം, സൈനികനീക്കം എന്നിവ കൈകാര്യം ചെയ്യുന്നതിന് മൂന്നു സേനാവിഭാഗങ്ങളുടെയും സേവനം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. എങ്കിലും രണ്ടു സേനാവിഭാഗങ്ങളുടെയെങ്കിലും സംയുക്ത ഏജന്‍സി രൂപീകരിക്കാനാണ് ഒരുങ്ങുന്നത്. പുതിയതായി രൂപം കൊടുക്കുന്ന പ്രതിരോധ ബഹിരാകാശ ഏജന്‍സി, പ്രതിരോധ സൈബര്‍ ഏജന്‍സി, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് എന്നിവയിലേക്ക് നിലവിലുള്ള സേനാവിഭാഗങ്ങളില്‍ നിന്നു തന്നെ ആളെ എടുക്കാനാണ് തീരുമാനം. ഡെല്‍ഹിയിലെ ഡിഫന്‍സ് ഇമേജറി പ്രൊസസിങ് ആന്റ് അനാലിസിസ് സെന്ററും ഭോപ്പാലിലെ ഡിഫന്‍സ് സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്ററും യോജിപ്പിച്ചായിരിക്കും ഡിഫന്‍സ് സ്‌പേസ് ഏജന്‍സി രൂപീകരിക്കുക. നിലവിലുള്ള ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ അഷ്വറന്‍സും റിസേര്‍ച്ച് ഏജന്‍സിയും ഡിഫന്‍സ് സൈബര്‍ ഏജന്‍സിക്കു കീഴില്‍ വരും.

കേന്ദ്രപ്രതിരോധനിര്‍വ്വഹണ സ്ഥാപനത്തിനുള്ള ശുപാര്‍ശ പ്രതിരോധ മന്ത്രാലയം ഗൗരവമായി കാണുന്നു. വലിയ ആയുധങ്ങളുടെ സംഭരണം, പ്രതിരോധ രംഗത്തെ ഉല്‍പ്പാദനം, ടെക്‌നോളജി കൈമാറ്റം പോലുള്ള കാര്യങ്ങള്‍ തുടങ്ങിയവയെ എല്ലാം ഏകോപിപ്പിച്ച് ഒരു പരിധി വരെ സ്വയംഭരണാധികാരമുള്ള കേന്ദ്രീകൃത പ്രതിരോധ നിര്‍വഹണ സ്ഥാപനം തുടങ്ങണമെന്ന നിര്‍ദേശം ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും അപ്രായോഗികവും ബുദ്ധിമുട്ടേറിയ കാര്യവുമാണെന്നു പ്രതിരോധമന്ത്രാലയം വിലയിരുത്തി.

മൂന്നു സേനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രതിരോധമേഖലയില്‍ തന്നെ ചീഫ് ഓഫ് സ്റ്റാഫ് വേണ്ടത് അത്യാവശ്യമാണെന്ന വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മൂന്നു വിഭാഗങ്ങള്‍ക്കുമിടയില്‍ സൈനികവിന്യാസശാസ്ത്രവുമായി ബന്ധപ്പെട്ട് ആസൂത്രണം, സംഭരണം, പരിശീലനം എന്നിവയിലുള്ള ഏകോപനം കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയുമെന്നു വിശ്വസിക്കപ്പെടുന്നു. മൂന്നു ദിശകളില്‍ നയിക്കപ്പെടുന്ന സൈന്യത്തെ ഉപദേശിക്കുന്നതിന് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് കഴിയുമെന്നും പ്രതിരോധകാര്യങ്ങളില്‍ സര്‍ക്കാരിന് ഒരാളില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഉപദേശങ്ങള്‍ ലഭിക്കാന്‍ ഇത് അത്യാവശ്യമാണെും വാദമുണ്ട്.

പരിമിതബജറ്റില്‍ നിന്നു കൊണ്ട് ഒരൊറ്റ ഓപ്പറേഷണല്‍ കമാന്‍ഡിനു കീഴില്‍ കര, കടല്‍, നാവിക സേനകളെ കൈകാര്യം ചെയ്യുതില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രസക്തി നഷ്ടപ്പെടുന്നില്ല. എന്നാല്‍, രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും നടക്കുന്ന ചക്കളത്തിപ്പോരാട്ടങ്ങള്‍ ഇതിനു തടസം നില്‍ക്കുന്നുവെന്ന് ആക്ഷേപമുണ്ട്. തന്ത്രപരമായ ആസൂത്രണത്തിന്റെ അഭാവം പ്രതിരോധസ്ഥാപനങ്ങളിലെ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ക്കു തടസമാകുന്നു. ഉദാഹരണത്തിന് ആദ്യം വന്ന ശുപാര്‍ശയില്‍ മേല്‍പ്പറഞ്ഞ സൈബര്‍ഇടം, ബഹിരാകാശരംഗം, സൈനികനീക്കം എന്നിവിടങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ കൈകാര്യം ചെയ്യാന്‍ ലെഫ്റ്റനന്റ് ജനറല്‍മാരെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രത്യേകിച്ച് ചൈന ഈ മൂന്നു മേഖലകളിലും ഗവേഷണത്തിന് വലിയ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍, ഇത് പിന്നീട് മേജര്‍ ജനറല്‍മാരുടെ കീഴിലുള്ള വളരെ ചെറിയ ഏജന്‍സികള്‍ ആക്കുകയായിരുന്നു.

Comments

comments

Categories: FK News