മാറ്റത്തിന്റെ പച്ചക്കൊടി വീശി ഗ്രീന്‍ ടെക് സംരംഭങ്ങള്‍

മാറ്റത്തിന്റെ പച്ചക്കൊടി വീശി ഗ്രീന്‍ ടെക് സംരംഭങ്ങള്‍

സാങ്കേതികവിദ്യയുടെ നല്ല വശങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന കമ്പനികളാണ് ഗ്രീന്‍ടെക് സംരംഭങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുനരുപയോഗ ഊര്‍ജം, മാലിന്യ നിര്‍മാര്‍ജ്ജനം, ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളില്‍ മികച്ച പിന്തുണ നല്‍കി ജനങ്ങളുടെ ജീവിതത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്തവിധത്തിലാണ് ഇവയുടെ പ്രവര്‍ത്തനം

സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. മാറ്റം ചെറുതല്ല. ജീവിതം കൂടുതല്‍ എളുപ്പമാകുകയാണിവിടെ. എന്തും ഏതും കൈയെത്തും ദൂരത്തേക്ക് എത്തിപ്പിടിക്കാനും സാങ്കേതിക വിദ്യ മനുഷ്യനെ സഹായിക്കുന്നു. ഏതു സാങ്കേതിക വിദ്യയ്ക്കും നല്ല വശങ്ങള്‍ ഉണ്ട്, എന്നാല്‍ ഒരു ചെറിയ വിഭാഗം മനുഷ്യരെങ്കിലും അതിന്റെ ദോഷവശങ്ങളിലേക്കാകും കൂടുതല്‍ ആകര്‍ഷിക്കപ്പെടുക. എന്നാല്‍ സാങ്കേതികവിദ്യയിലൂടെ ലോക ജനതയ്ക്ക് നിലവാരം കൂടിയ ജീവിതം സമ്മാനിക്കുന്ന ഏതാനും ചില സ്റ്റാര്‍ട്ടപ്പുകളും ഇവിടെയുണ്ട്. പരിസ്ഥിതി സംരക്ഷണവും പ്രകൃതി സൗഹാര്‍ദതയും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ഗ്രീന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കാലത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയാണ് അവരുടെ ഓരോ പ്രോജക്റ്റുകളും അവസാനിപ്പിക്കാറുള്ളത്.

ഹെല്‍പ്പ്അസ് ഗ്രീന്‍

ഗംഗാ നദിയുടെ സംരക്ഷണം ലക്ഷ്യമിട്ട് മൂന്നു വര്‍ഷം മുമ്പ് കാണ്‍പൂര്‍ ആസ്ഥാനമായി തുടങ്ങിയ സംരംഭമാണ് ഹെല്‍പ്പ്അസ് ഗ്രീന്‍. ഉത്തര്‍പ്രദേശിലെ അമ്പലങ്ങള്‍ക്കും മോസ്‌കുകള്‍ക്കും സമീപത്തായുള്ള മാലിന്യങ്ങള്‍ ശേഖരിക്കുകയും റീസൈക്കിളിഗ് വഴി പ്രകൃതിക്ക് ഗുണകരമാകുന്ന വസ്തുക്കളാക്കി മാറ്റുകയും ചെയ്യുകയാണിവര്‍. പ്രദേശത്ത് മാലിന്യങ്ങള്‍ കൂടിക്കിടക്കാതെ 1200 ല്‍ പരം ഗ്രാമീണ കുടുംബങ്ങളെ പരിരക്ഷിക്കുന്ന സംരംഭം ഗംഗയിലേക്ക് ഒഴുക്കപ്പെടേണ്ട ഏകദേശം 1000 കിലോഗ്രാം വരുന്ന വിഷവസ്തുക്കള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനും മുന്‍കൈയെടുത്തു.

ഗ്രാം പവര്‍

രാജ്യത്തെ വര്‍ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം കുറയ്്ക്കുന്നതിന്റെ ഭാഗമായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് ഗ്രാം പവര്‍ മേഖലയില്‍ ശ്രദ്ധേയമായത്. 2010ല്‍ യഷ്‌രാജ് ഖേതാന്‍, ജേക്കബ് ഡിക്കിന്‍സണ്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം രാജസ്ഥാനിലെ ഖരേദ ലക്ഷ്മിപുരയില്‍ ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ സ്മാര്‍ട്ട് മൈക്രോഗ്രിഡ് സ്ഥാപിച്ചാണ് ശ്രദ്ധ നേടിയത്. ഇന്ന് ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ മുപ്പതോളം പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനും ഇവര്‍ പിന്തുണ നല്‍കുന്നു.

ഹസ്‌ക് പവര്‍ സിസ്റ്റംസ്

വൈദ്യുതി ഉല്‍പ്പാദനത്തിനായി ബയോമാസ് ഗ്യാസിഫയര്‍ കണ്ടെത്തിയാണ് ബിഹാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്‌ക് പവര്‍ സിസ്റ്റംസ് എന്ന സംരംഭം ജനങ്ങളുടെ സുഗമമായ ജീവിതത്തിന് സഹായകമാകുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ 400 ല്‍ പരം വീടുകളില്‍ വൈദ്യുതി എത്തിക്കാനും ഇവര്‍ സഹായിക്കുന്നുണ്ട്.

ഛാക്കര്‍ ഇന്നൊവേഷന്‍

അര്‍പിത് ധൂപര്‍, ഖുശാഗ്ര ശ്രീവാസ്തവ, പ്രതീക് സച്ചാന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭമാണ് ഛാക്കര്‍ ഇന്നൊവേഷന്‍. സംരംഭം വികസിപ്പിച്ച ഛാക്കര്‍ ഷീല്‍ഡ് വഴി ഡീസലിലെ പുകയില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് മഷി, പെയിന്റ് എന്നിവ നിര്‍മിക്കാനാകും. ഇവര്‍ ജനങ്ങളുടെ ജീവന് മാത്രമല്ല, പരിസ്ഥിതിക്കും ഗുണകരമായി പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്.

ഡിജിറ്റല്‍ ഗ്രീന്‍

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന രംഗത്ത് സാങ്കേതികവിദ്യാ സഹായം നല്‍കുന്ന സംരംഭമാണ് ഡിജിറ്റല്‍ ഗ്രീന്‍. വിവിധ ആരോഗ്യ സംഘടനകളുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ഇന്ററാക്ടീവ് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ വിവിധ ഗ്രാമങ്ങളില്‍ ആരോഗ്യവിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ആവശ്യമായ സാങ്കേതിക സഹായം ഇവര്‍ നല്‍കിവരുന്നു.

Comments

comments

Categories: Entrepreneurship
Tags: Greentech