19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി

19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി

ന്യൂഡെല്‍ഹി: കറന്റ് എക്കൗണ്ട് കമ്മിയും രൂപയും മൂല്യത്തകര്‍ച്ചയും കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയുടെ തീരുവയാണ് ഉയര്‍ത്തിയത്. വ്യാഴാഴ്ച മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഈ നീക്കം സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ബില്‍ 86,000 കോടി രൂപയായിരുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തിയത് മൂലം സര്‍ക്കാരിന്റെ വരുമാനത്തില്‍ 4000 കോടി രൂപയുടെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, 10 കിലോഗ്രാമില്‍ താഴെയുള്ള വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരുപത് ശതമാനമായാണ് ഉയര്‍ത്തുന്നത്. അതേസമയം സ്പീക്കറുകള്‍, സ്യൂട്ട്‌കെയ്‌സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്. ജെറ്റുകള്‍ക്ക് ആവശ്യമായ വിമാന ഇന്ധനത്തിന് (എ.ടി.എഫ്.) അഞ്ചു ശതമാനം തീരുവയാകും ചുമത്തുക.

ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതോടെ വിമാന യാത്രാ നിരക്ക് ഉയരുന്നതിനൊപ്പം വിദേശ നിര്‍മിത റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും ഉയരും.

Comments

comments

Categories: Current Affairs, FK News