ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വിദേശനിക്ഷേപം ഒരു ബില്യണ്‍ ഡോളറിലെത്തി

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വിദേശനിക്ഷേപം ഒരു ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) ഈ വര്‍ഷം ഇതുവരെ ഒരു ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. 2014 ല്‍ ബിജെപി സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ എഫ്ഡിഐ ഓരോവര്‍ഷവും 500 മില്യണ്‍ ഡോളറായിരുന്നു. ഈ വര്‍ഷം അത് ഒരു ബില്യണ്‍ ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ”ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് , നമ്മല്‍ ഇനിയും സഞ്ചരിക്കേണ്ടതുണ്ട്” കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ബാദല്‍ പറഞ്ഞു.

ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 904.9 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2016-17, 2015-16, 2014-15 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 727.22 മില്യണ്‍ ഡോളര്‍, 505.88 മില്യണ്‍, 515.86 മില്യണ്‍ എന്നിങ്ങനെയായിരുന്നു വിദേശനിക്ഷേപം. മള്‍ട്ടി-ബ്രാന്‍ഡ് റീട്ടെയ്ല്‍ ശൃംഖലയിലെ വിദേശനിക്ഷേപം ഭക്ഷ്യ സംസ്‌കരണ നിലവാരം ഉയര്‍ത്താനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ബദല്‍ വിപണി ലഭ്യമാക്കുന്നതിനും സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഫാമുകളില്‍ നിന്നും സംഭരിക്കാനുള്ള നടപടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉല്‍പ്പന്ന സമാഹരണത്തിനായി മെട്രോ, വാള്‍മാര്‍ട്ട് എന്നീ കമ്പനികള്‍ നേരിട്ട് കര്‍ഷകരുമായി ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ബാദല്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy