ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷി വിപ്ലവം

ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷി വിപ്ലവം

ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ലക്ഷങ്ങള്‍ വരുമാനം നേടുന്നവരുടെ എണ്ണം ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷി മേഖലയില്‍ ഏറിവരികയാണ്. ഇത് ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷിയിലുണ്ടായ വികസനോന്മുഖ പരിപാടികളിലേക്ക് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഇതേക്കുറിച്ച് ഒരു പഠനം തന്നെ നടത്താനാണ് നീക്കമിടുന്നത്

മല്‍സ്യകൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച കഥയാണ് ഇന്ന് ഝാര്‍ഖണ്ഡിലെ ഓരോ കര്‍ഷകനും പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ലക്ഷങ്ങളുടെ സമ്പാദ്യം വരെ നേടുന്നവര്‍ മേഖലയില്‍ സജീവമാകുമ്പോള്‍ ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷിയിലുണ്ടായ വികസനോന്മുഖ പരിപാടികള്‍ ജനശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഇതിനേക്കുറിച്ച് ഒരു പഠനം തന്നെ നടത്താനാണ് പുതിയ നീക്കം. അത്രകണ്ട് അവിസ്മരണീയ വിജയമാണ് കര്‍ഷകര്‍ മല്‍സ്യകൃഷിയിലൂടെ നേടിയിരിക്കുന്നത്.

മല്‍സ്യകൃഷിയിലേക്കിറങ്ങുന്ന ഏതൊരു കര്‍ഷകനും കൈ നിറയെ മീനും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലക്ഷങ്ങളുടെ വരുമാനവും ലഭിക്കുന്നത് ആരേയും ഒന്ന് അമ്പരപ്പിക്കും. മല്‍സ്യകൃഷിയില്‍ ആവശ്യമായ പരിശീലനം ലഭ്യമാക്കി ഇറങ്ങിയപ്പോള്‍ മുതലാണ് കര്‍ഷകര്‍ ലാഭത്തിന്റെ കണക്കുകള്‍ കൂട്ടിവെക്കാന്‍ തുടങ്ങിയത്. ഝാര്‍ഖണ്ഡിലെ സാല്‍ബൊണി ഗ്രാമത്തിലെ റിസര്‍വയര്‍ ഫിഷ് ഫാമിംഗിലുണ്ടായ വിജയം വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പ് ഇപ്പോള്‍ പഠന വിധേയമാക്കി വരികയാണ്. കൂടിന്റെ മാതൃകയില്‍ വലകെട്ടി തിരിച്ച മല്‍സ്യകൃഷിക്കും റിസര്‍വയര്‍ മല്‍സ്യകൃഷിക്കുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ സാധ്യത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലാഭകരമായ ഈ ബിസിനസിലേക്ക് ഇറങ്ങിത്തിരിക്കുന്ന കര്‍ഷകരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു.

ലക്ഷങ്ങളുടെ വരുമാനം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും

ഝാര്‍ഖണ്ഡിലെ പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു അഷ്രിത ഹൊറോ. ഒരു നേരത്തെ ആഹാരത്തിനു പോലും ചിലപ്പോള്‍ വകയില്ലാതിരുന്ന കാലത്തില്‍ നിന്നും ഇന്ന് ആ കുടുംബത്തിനുണ്ടായ മാറ്റം വളരെ വലുതാണ്. മല്‍സ്യകൃഷിയുടെ പാഠങ്ങളിലൂടെ വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന അഷ്രിത സ്വന്തം ഗ്രാമത്തിലെ മറ്റു സ്ത്രീകള്‍ക്ക് മികച്ച തൊഴിലവസരങ്ങളും നല്‍കിവരുന്നു. ഝാര്‍ഖണ്ഡിലെ ജാലങ്ക സ്വദേശിനിയായ അവര്‍ 2010ലാണ് അക്വാകള്‍ച്ചറിനെ കുറിച്ച് പരിചയപ്പെടുന്നതു തന്നെ. ഒരിക്കല്‍ ടൗണ്‍ കാണുന്നതിനായി ഭര്‍ത്താവിനൊപ്പം പോയതോടെയാണ് അവര്‍ പുതിയ മേഖലയിലേക്ക് ചേക്കേറാന്‍ ഇടയായത്. മാര്‍ക്കറ്റിലേക്കു പോയ ഭര്‍ത്താവിനെയും കാത്ത് അല്‍പ്പനേരം ഫിഷറീസ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് മുന്നില്‍ കാത്തുനിന്നതോടെ അതിനുള്ളില്‍ എന്തു നടക്കുന്നു എന്നു കാണാനായി അടുത്ത ആഗ്രഹം.

മല്‍സ്യകൃഷിയെ കുറിച്ചും പരിശീലനത്തേക്കുറിച്ചും അറിഞ്ഞ അഷ്രിത പരിശീലനത്തിന് അപേക്ഷിക്കുകയും സാവധാനത്തില്‍ മല്‍സ്യകൃഷിക്കു തുടക്കമിടുകയും ചെയ്തു. വിപണിയില്‍ നിന്നും സബ്‌സിഡി നിരക്കില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ വാങ്ങി കൃഷി തുടങ്ങിയ അവര്‍ക്ക് ആദ്യ വര്‍ഷം തന്നെ 55,000 രൂപ നേടാനായി. മൂന്നു വര്‍ഷത്തോടെ വരുമാനം 1.20 ലക്ഷത്തിലുമെത്തി. ” മൂന്നു വര്‍ഷത്തിനുള്ളില്‍ ജീവിതം തന്നെ ആകെ മാറിപ്പോയി. ഇന്ന് കുടുംബത്തിനു വേണ്ടി സമ്പാദിക്കുക മാത്രമല്ല, രണ്ടു കുട്ടികളെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാനും കഴിയുന്നുണ്ട്, ” അഷ്രിത പറയുന്നു.

സാല്‍ബൊണി ജലസംഭരണിയിലെ മല്‍സ്യകൃഷി

സാല്‍ബൊണി ജലസംഭരണിയിലെ മല്‍സ്യകൃഷിയാണ് ഇന്ന് ഝാര്‍ഖണ്ഡിനെ ലോകശ്രദ്ധയിലേക്ക് നയിക്കുന്നത്. ഇവിടുത്തെ മല്‍സ്യകൃഷിയിലെ വിജയക്കൊയ്ത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പ് ഇപ്പോള്‍ പഠന വിഷയമാക്കി മാറ്റിയിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് തൊഴിലില്ലാതിരുന്ന 34 ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ചാന്ദില്‍ ഡാമില്‍ ജലസംഭരണി മല്‍സ്യകൃഷിക്ക് തുടക്കമിട്ടത്. ആ സംഘത്തിന് നേതൃത്വം നല്‍കിയ വിഭീഷണ്‍ മുര്‍മു അവരുടെ വിജയത്തെ കുറിച്ച് പറയുന്നതിങ്ങനെ,” ആദ്യ വര്‍ഷത്തില്‍ 15 ടണ്‍ മല്‍സ്യമാണ് ഞങ്ങള്‍ ഉല്‍പ്പാദിപ്പിച്ചത്. അവ വിറ്റഴിച്ചപ്പോള്‍ സംഘത്തിലെ ഒരോ അംഗത്തിനും 50,000 രൂപ വീതം ലാഭം ലഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഓരോ ആളിന്റെയും വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയായി ഉയരുകയും ചെയ്തു”.

20012002 സാമ്പത്തിക വര്‍ഷത്തില്‍ ഇവിടുത്തെ മല്‍സ്യ ഉല്‍പ്പാദനം 14,000 മെട്രിക് ടണ്‍ ആയിരുന്നത് സംസ്ഥാന ഫിഷറീസ് ഡയറക്റ്ററേറ്റിന്റെ ഇടപെടലിലൂടെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.90 ലക്ഷം മെട്രിക് ടണ്‍ ആയി ഉയര്‍ന്നിരുന്നു. ഫിഷറീസ് മേഖലയില്‍ നടപ്പാക്കിയ വിവിധ പ്രോജക്റ്റുകളും സ്‌കീമുകളും വഴി ഈ വിഭാഗത്തിലേക്ക് ഇറങ്ങിത്തിരിച്ച തൊഴിലില്ലാത്തെ ചെറുപ്പക്കാര്‍ക്ക് നേരിട്ടും അല്ലാതെയും മികച്ച തൊഴിലവസരവും വരുമാനവും നേടിക്കൊടുക്കാന്‍ ഫിഷറീസ് ഡയറക്റ്ററേറ്റിനു കഴിഞ്ഞു. മല്‍സ്യകൃഷിയിലൂടെ 2006-2007 സാമ്പത്തിക വര്‍ഷത്തില്‍ 132 ലക്ഷം രൂപ വരുമാനം നേടിയ കര്‍ഷകര്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അത് 505.98 ലക്ഷം രൂപയായി മാറി.

സര്‍ക്കാരില്‍ നിന്നും മികച്ച പ്രോല്‍സാഹനം

നിലവില്‍ ഝാര്‍ഖണ്ഡിലെ ഫിഷറീസ് വകുപ്പിന് കീഴില്‍ 1, 28,000 മല്‍സ്യത്തൊഴിലാളികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരും സ്വകാര്യ- സര്‍ക്കാര്‍ ജലാശയങ്ങള്‍, ഡാം, നദികള്‍ എന്നിവിടങ്ങളിലായി മല്‍സ്യകൃഷി നടത്തുന്നവരാണ്. മല്‍സ്യത്തിന്റെ പ്രജനനം മുതല്‍ മല്‍സ്യക്കുളം പരിപാലിക്കുനതിനും ശുദ്ധീകരിക്കുന്നതിനുമെല്ലാം പരിശീലനം സിദ്ധിച്ചവര്‍ കൂടിയാണിവര്‍. കെയ്ജ് ഫിഷ് ഫാമിംഗ് (ഡാമുകളിലോ തടാകങ്ങളിലോ ഒരു പ്രത്യേക സ്ഥലത്ത് കൂടിന്റെ മാത്യകയില്‍ കെട്ടി മല്‍സ്യം കൃഷി ചെയ്യുന്ന രീതി) ഇന്ന് ഝാര്‍ഖണ്ഡിലെ വളരെ പ്രശസ്തമായ മല്‍സ്യകൃഷി രീതിയായി മാറിയിട്ടുണ്ട്. ” കെയ്ജ് ഫാമിംഗ് വ്യാപകമായ രീതിയില്‍ ആദ്യമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഝാര്‍ഖണ്ഡ്. ഈ സംവിധാനം 2011ലാണ് തുടങ്ങിയതെങ്കിലും മേഖലയില്‍ വളരെ പെട്ടെന്നു തന്നെ വളര്‍ച്ച വ്യാപിക്കുകയും ചെയ്തു, ഫിഷറീസ് ഡയറക്റ്ററേറ്റ് ഡയറക്റ്റര്‍ ആയ ഡോ. എച്ച് എന്‍ ദ്വിവേദി പറയുന്നു.

6 x 4 x 4 മീറ്ററില്‍ 96 ക്യുബിക് മീറ്ററില്‍ തയാറാക്കിയ ഒരു കെയ്ജില്‍ 6000 ത്തോളം മല്‍സ്യങ്ങളെ വളര്‍ത്താനാകും. പ്രൊഫഷണല്‍ ഫാബ്രിക്കേറ്റര്‍മാരുടെ സഹായത്തോടെ ഡാമില്‍ സ്ഥാപിക്കാവുന്ന ഈ കെയ്ജിന് 90 ശതമാനം സബ്‌സിഡിയും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഡാമുകളിലായി 3625 കെയ്ജുകളാണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതു കൂടാതെ സംസ്ഥാനത്തെ തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ക്കായി നദികളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും മല്‍സ്യകൃഷി നടത്തുന്നതിനായി ഡയറക്റ്ററേറ്റ് പരിശീലനവും നല്‍കുന്നു. ജലാശയങ്ങളിലെ വീതി കുറഞ്ഞ ഭാഗങ്ങള്‍ വല കെട്ടി തിരിച്ച് മല്‍സ്യകൃഷി നടത്തുന്ന രീതിയാണ് ഇവിടെ പ്രോല്‍സാഹിപ്പിക്കുന്നത്. വല കെട്ടി തിരിക്കാനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം മികച്ച പരിശീലനവും ഇവര്‍ക്ക് നല്‍കി വരുന്നതായി ദ്വിവേദി ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമെ കര്‍ഷകര്‍ക്ക് വീട് നിര്‍മിക്കാനും മല്‍സ്യകൃഷിയുമായി ബന്ധപ്പെട്ട് മൊബീല്‍ വാന്‍, പുഷ്‌കാര്‍ട്ട്, ഫ്രീസര്‍, എന്നിവയ്‌ക്കെല്ലാം 80 ശതമാനം സബ്‌സിഡി നല്‍കാനും ഫീഷറീസ് വകുപ്പ് മുന്‍കൈയെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് മല്‍സൃകൃഷി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് നടപ്പാക്കി വരുന്നത്. മല്‍സ്യകൃഷിക്കും മല്‍സ്യകൃഷി കര്‍ഷകര്‍ക്കും മികച്ച രീതിയിലുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കി പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം ഈ സാമ്പത്തിക വര്‍ഷത്തില്‍ മല്‍സ്യ ഉല്‍പ്പാദനം 2.25 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രണ്‍ധീര്‍ കുമാര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Entrepreneurship
Tags: fish farming