ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പരിഷ്‌കരണം അത്യാവശ്യം: സുനില്‍ മിത്തല്‍

ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പരിഷ്‌കരണം അത്യാവശ്യം: സുനില്‍ മിത്തല്‍

പൊതു, സ്വകാര്യ മേഖലകളുടെ ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്തണം

കൊല്‍ക്കത്ത: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) നിറവേറ്റാനായി കൂടുതല്‍ നിക്ഷേപം വളര്‍ത്താന്‍ സ്വകാര്യ, പൊതുമേഖലകള്‍ക്കിടയില്‍ ശക്തമായ ഏകോപനവും ആസുത്രണവും അനിവാര്യമാണെന്ന് ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ആഗോള തലത്തിലെ സാമ്പത്തിക സ്ഥാപനങ്ങളുടെ നിയന്ത്രണ മാനദണ്ഡങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ നടക്കുന്ന രണ്ടാമത് വാര്‍ഷിക സുസ്ഥിര വികസന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യുഇഫ്) സഹ ചെയര്‍മാനും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്(ഐസിസി) ചെയര്‍മാനുമാണ് സുനില്‍ മിത്തല്‍.
സങ്കീര്‍ണതകള്‍ നിറഞ്ഞ ആഗോള സാമ്പത്തിക സംവിധാനങ്ങളെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായി പരുവപ്പെടുത്തുന്നതില്‍ ചില വെല്ലുവിളികള്‍ ഉണ്ടെന്നും എന്നാല്‍ അത് മറികടക്കാന്‍ സാധിക്കുമെന്നും മിത്തല്‍ അഭിപ്രായപ്പെട്ടു. ആഴത്തിലുള്ളതും ഫലപ്രദവുമായ രീതിയില്‍ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎല്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തിന് അനുബന്ധമായാണ് സുസ്ഥിര വികസന ഉച്ചകോടി നടക്കുന്നത്. സാമ്പത്തിക വികസനം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജം, സുസ്ഥിര മൂല്യങ്ങള്‍ എന്നിവ നേരിടുന്ന വെല്ലുവിളികളുടെയും മറ്റ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിസന്ധികളുടെയും അതിവേഗത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് യുഎല്‍ ജനറല്‍ അസംബ്ലിയുടെ 73-ാം സമ്മേളനത്തിന്റെ ലക്ഷ്യം.

Comments

comments

Categories: Business & Economy