ഫാന്‍ ബിംഗ്ബിങിന്റെ തിരോധാനം, നിഗൂഢത ഒഴിയുന്നില്ല

ഫാന്‍ ബിംഗ്ബിങിന്റെ തിരോധാനം, നിഗൂഢത ഒഴിയുന്നില്ല

ഭരണകൂടത്തിന് ഹിതകരമല്ലാത്തവയെ ഉന്മൂലനം ചെയ്യുന്നത് ചൈനയില്‍ പതിവാണ്. രണ്ട് മാസമായി ചൈനീസ് നടിയായ ഫാന്‍ ബിംഗ്ബിങ് അപ്രത്യക്ഷമായിരിക്കുന്നു. അതിനെ കുറിച്ച് ഭരണകൂടം മൗനം പാലിക്കുകയാണ്. പ്രശസ്തയായൊരു നടിയുടെ തിരോധാനം ചൈനയിലെ സാധാരണക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നത് വലിയ അസ്വസ്ഥതയാണ്.

 

ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ച് പോകുന്നതിനെ കുറിച്ച് താങ്കള്‍ ചിന്തിക്കാറുണ്ടോ ? അതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ? ചൈനയില്‍ മുന്‍നിര നടിയായ ഫാന്‍ ബിംഗ്ബിങിനോട് 2010-ല്‍ നടന്ന അഭിമുഖത്തിനിടെ ചോദിച്ച ഒരു ചോദ്യമാണിത്. അതിനുള്ള മറുപടി ഇതായിരുന്നു; ‘ധനികനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. കാരണം ഒരു ധനികയാണ് ‘

ലോകത്തില്‍ അഞ്ചാമത്തെയും, ചൈനയില്‍ ഒന്നാമത്തെയും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന, ഹോളിവുഡില്‍ സ്വാധീനം ഉറപ്പിക്കാക്കി കൊണ്ടിരിക്കുന്ന നടിയാണു ചൈനീസ് വംശജയായ ഫാന്‍ ബിംഗ്ബിങ്. X-Men: Days of Future Past, Iron Man 3 എന്നീ പ്രമുഖ ഹോളിവുഡ് ചിത്രങ്ങളിലടക്കം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു സ്റ്റുഡിയോ ഫാനിനുണ്ട്. കാര്‍ട്ടിയര്‍, ലൂയിസ് വ്യുട്ടന്‍ തുടങ്ങിയ ലോക പ്രശസ്ത ആഡംബര ബ്രാന്‍ഡുകളാണ് ഫാനുമായി കരാറിലേര്‍പ്പെടാന്‍ ക്യു നില്‍ക്കുന്നത്.
ഈ മാസം 16നു ഫാന്‍ ബിംഗ്ബിങിന്റെ 37-ാം ജന്മദിനമായിരുന്നു. വളരെ ആര്‍ഭാടത്തോടെ ആഘോഷിക്കേണ്ടിയിരുന്ന ജന്മദിനത്തില്‍ പക്ഷേ, അവരുടെ ആരാധകര്‍ നിരാശരായിരുന്നു. കാരണം രണ്ട് മാസത്തിലേറെയായി ഫാന്‍ ബിംഗ്ബിങ് അപ്രത്യക്ഷമായിരിക്കുകയാണ്. നടി അപ്രത്യക്ഷമായതോടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. അവര്‍ക്ക് എന്തു സംഭവിച്ചു എന്നതാണ് അവയില്‍ പ്രധാന ചോദ്യം. ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ആര്‍ക്കും പറയാനാകുന്നില്ല. എന്നാല്‍ അവര്‍ അപ്രത്യക്ഷമായതും അതേ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയ്ക്ക് ആഴമേറുകയും ചെയ്യുമ്പോള്‍, ചൈനയിലെ രാഷ്ട്രീയ മേധാവികളാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യവസായത്തില്‍ ജോലി ചെയ്യുന്നതിലെ അപകടവും അതോടൊപ്പം ഒരു മുന്നറിയിപ്പുമായി ഫാന്‍ ബിംഗ്ബിങ് സംഭവം മാറിയിരിക്കുന്നു. ഫാനിന്റെ നിഗൂഢമായ അസാന്നിധ്യവും അതുമായി ബന്ധപ്പെട്ട കേസിനു ചുറ്റും നിലനില്‍ക്കുന്ന നിശബ്ദതയും വെളിപ്പെടുത്തുന്നത് ബിസിനസും രാഷ്ട്രീയവും ഒത്തുചേരുന്ന ഒരു ഭരണ സംവിധാനത്തിലെ അവ്യക്തതയാണ് അല്ലെങ്കില്‍ സുതാര്യതയില്ലായ്മയാണ്. അതോടൊപ്പം എത്രത്തോളം വേഗത്തിലാണു വിനോദരംഗം രാഷ്ട്രീയമായി മാറുന്നതെന്നും ഈ സംഭവം അടിവരയിടുന്നു. ചൈനീസ് നഗരമായ ഷാങ്ഹായിലുള്ള കുട്ടികളുടെ ഒരു ആശുപത്രിയില്‍ ജുലൈ ഒന്നിന് ഫാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം ഫാനിനെ പിന്നീട് ആരും കണ്ടിട്ടില്ല. ആര്‍ക്കും അവരെ കുറിച്ച് അറിയാനും സാധിച്ചിട്ടുമില്ല.
ചുരുളഴിയുന്ന ഒരു നികുതി വെട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുകയാണ് ഫാന്‍ ബിംഗ്ബിങ്. ഈ വര്‍ഷം മേയ് മാസം ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവിയിലെ മുന്‍ അവതാരകന്‍ സിയു യോങ്‌യുയാന്‍ ഫാനിനെതിരേ ഉയര്‍ത്തിയ ആരോപണം വളരെ ഗൗരവമര്‍ഹിക്കുന്നതായിരുന്നു. ഫാന്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ദി സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ടാക്‌സേഷന്‍ അന്വേഷണം ആരംഭിച്ചു. ഇതുവരെ ഫാനിനെതിരേ അധികാരികള്‍ പ്രത്യേക കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. അതോടൊപ്പം ഫാന്‍ അപ്രത്യക്ഷമായതിനെ കുറിച്ചും അധികാരികള്‍ ഒന്നും പറഞ്ഞട്ടില്ല. ഫാനിന്റെ തിരോധാനത്തെ, സമീപകാലത്തു പുതുതായി രൂപീകരിച്ച നാഷണല്‍ സൂപ്പര്‍വിഷന്‍ കമ്മീഷന്റെയും, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ ഭരണകൂടം നടപ്പിലാക്കുന്ന നിര്‍ബന്ധിത തിരോധാനത്തിന്റെയും (Enforced disappearance) നിരന്തരമായ ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ വേണം കാണുവാന്‍.

നിര്‍ബന്ധിത തിരോധാനം വിപുലപ്പെടുത്തുന്നു

നിര്‍ബന്ധിത തിരോധാനം ചൈനയില്‍ ലിയുസി (liuzhi) എന്നും അറിയപ്പെടുന്നു. ചൈനയില്‍ 2013-ലെ ക്രിമിനല്‍ പ്രൊസീജിയര്‍ നിയമം (Criminal Procedure Law) വഴി രഹസ്യ അറസ്റ്റുകള്‍ക്കും, തടഞ്ഞുവയ്ക്കലിനും (detentions) നിയമപരമായ അടിത്തറ സൃഷ്ടിക്കാന്‍ ശ്രമിച്ചു. രാജ്യസുരക്ഷയുടെ പേരില്‍ ഒരു വ്യക്തിയെ, ആറ് മാസം വരെ രഹസ്യമായി തടവില്‍ പാര്‍പ്പിക്കാന്‍ പൊലീസിനെ അനുവദിക്കുന്ന സംവിധാനമാണ് ആര്‍എസ്ഡിഎല്‍ അഥവാ Residential Surveillance at a Designated Location. 2018-ന്റെ ആദ്യത്തില്‍ ചൈനയില്‍ നാഷണല്‍ സൂപ്പര്‍വിഷന്‍ കമ്മീഷന് രൂപം കൊടുക്കുകയുണ്ടായി. ഈ കമ്മീഷന്‍ ചൈനയിലെ അഴിമതി വിരുദ്ധ സമിതിയായ സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്റെ (സിസിഡിഐ) വിപുലീകരിച്ച പതിപ്പാണ്. 2016-ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ സിസിഡിഐ സ്ഥാനം പിടിച്ചിരിക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ്. 2016-ല്‍ സിസിഡിഐ 734,000 അന്വേഷണങ്ങളാണു കൈകാര്യം ചെയ്തത്. 2018-ല്‍ സിസിഡിഐയെ വിപുലീകരിച്ച് നാഷണല്‍ സൂപ്പര്‍വിഷന്‍ കമ്മീഷന്‍ (എന്‍എസ്‌സി) രൂപീകരിച്ചതോടെ എന്‍എസ്‌സിയായിരിക്കും കേസ് അന്വേഷിക്കുന്നത്. ഇനി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തിരോധാനത്തിന്റെ എണ്ണവും, അവര്‍ക്കു നേരേ നടക്കുന്ന പീഢനവുമൊക്കെ വര്‍ധിക്കാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

വീണ്ടും ഫാനിലേക്ക്

ഓഗസ്റ്റ് മാസം പുറത്തിറങ്ങിയ സെക്യൂരിറ്റീസ് (Securities) എന്ന ചൈനീസ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാനിനെ കസ്റ്റഡിയിലെടുത്തെന്നും അവരുടെ കാര്യത്തില്‍ നിയമപരമായ തീരുമാനം ഉടന്‍ എടുക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പെട്ടെന്നു നീക്കം ചെയ്യുകയുണ്ടായി. നിരവധി ബ്രാന്‍ഡുകളും, കമ്പനികളും ഫാനില്‍നിന്ന് അകലം പാലിച്ചു. കൗമാരപ്രായം മുതല്‍ ചൈനയില്‍ പ്രശസ്തി കൈവരിച്ച വ്യക്തിയാണു ഫാന്‍. 1990-കളുടെ അവസാനത്തോടെ അവര്‍ താരപദവിയിലേക്ക് ഉയര്‍ന്നു. ഇന്ന് ഫാനിനെ വെയ്‌ബോ എന്ന നവമാധ്യമത്തില്‍(ചൈനയിലെ ട്വിറ്ററെന്നാണ് വെയ്‌ബോ അറിയപ്പെടുന്നത്്) 60 ദശലക്ഷത്തിലേറെ ആരാധകര്‍ പിന്തുടരുന്നുണ്ട്. ചൈനയിലെ മുന്‍നിര നടിയായ ഫാന്‍ അപ്രത്യക്ഷയായിട്ട് രണ്ട് മാസം പിന്നിടുമ്പോഴും അവരെ കണ്ടെത്തുന്നതിനായി ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. ചൂഷണങ്ങള്‍ക്കെതിരേ മീ ടു പോലുള്ള പ്രചാരണങ്ങള്‍ ആഗോളതലത്തില്‍ വന്‍സ്വീകാര്യത കൈവരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. എന്നിട്ടും ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി കൂടിയായ ഫാനിന് വേണ്ടി ആരും ഇതുവരെ ശബ്ദിച്ചിട്ടില്ല. അതേസമയം, ഫാനിന്റെ ആരാധകര്‍ അവര്‍ക്കു വേണ്ടി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Comments

comments

Categories: Slider, World