ആധാര്‍; സുപ്രീം കോടതി വിധി ശ്രദ്ധേയം

ആധാര്‍; സുപ്രീം കോടതി വിധി ശ്രദ്ധേയം

നിബന്ധനകളോടെ ആധാറിന് ഭരണഘടനാസാധുത നല്‍കിയ സുപ്രീം കോടതി വിധി ശ്രദ്ധേയമാണ്. സ്വകാര്യതയെയും പൗരന്റെ അവകാശങ്ങളെയും സംബന്ധിച്ച ആശങ്കകള്‍ പരിഗണിച്ചതോടൊപ്പം ആധാറിന്റെ നല്ല വശങ്ങള്‍ക്ക് അംഗീകാരവും നല്‍കുന്നു അത്

ആധാറുമായി ബന്ധപ്പെട്ട സുപ്രധാന വിധിയാണ് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്ന്. അതേസമയം ആധാറിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചും സ്വകാര്യതാ ലംഘനങ്ങളെ സംബന്ധിച്ചും ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുത്തുകൂടിയായിരുന്നു കോടതിയുടെ ഉത്തരവെന്നതാണ് ഏറ്റവും ശ്രദ്ധേയം.

സെക്ഷന്‍ 33(2), 47, 57 എന്നിങ്ങനെ മൂന്ന് വകുപ്പുകള്‍ റദ്ദാക്കിയാണ് ആധാറിന് സുപ്രീം കോടതി ഭരണഘടനാ സാധുത നല്‍കിയത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി വ്യക്തികളുടെ വിവരങ്ങള്‍ കൈമാറുന്നത് അനുവദിച്ചുള്ള 33(2) വകുപ്പ് റദ്ദാക്കിയതിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരത്തിലുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള അധികാരം ജോയ്ന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രമായി ഇതോടെ മാറുമെന്നതും ശ്രദ്ധേയമായി.

ആധാര്‍ അനുസരിച്ചുള്ള വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ബന്ധമായി ഇനി ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നത് പ്രൈവസി ആക്റ്റിവിസ്റ്റുകളുടെ വാദത്തില്‍ കഴമ്പുണ്ടെന്നതിന് സാധൂകരണമാണ്. മൊബീല്‍ കണക്ഷനുകള്‍ എടുക്കാനോ ബാങ്ക് എക്കൗണ്ട് തുടങ്ങാനോ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനോ, സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ഒന്നും ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്ന കോടതി വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ്. ആധാറില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് നല്‍കപ്പെടുന്ന ഒരു ആനുകൂല്യവും നിഷേധിക്കപ്പെടരുതെന്നത് കൂടിയാണ് ഇത് അര്‍ത്ഥമാക്കുന്നത്. മുമ്പ് അത്തരം സംഭവങ്ങള്‍ പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നതുകൂടി ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കണം.

അതേസമയം പാന്‍കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി അടയ്ക്കുന്നതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാണ്. സവിശേഷ തിരിച്ചറിയില്‍ രേഖയെന്ന നിലയില്‍ ആധാറിന് പ്രസക്തിയുമുണ്ട്. ആധാറുമായി ബന്ധപ്പെട്ട വിവരശേഖരണം പിഴവില്ലാത്തതാണെന്നും ഒറ്റ നമ്പറിലൂടെയുള്ള തിരിച്ചറിയല്‍ സംവിധാനം നല്ലതാണെന്നുമെല്ലാമുള്ള നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ നിരവധി ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുന്നതില്‍ ആധാര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കപ്പെടണം. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കോടതിയെ സമീപിക്കാമെന്നതും ആശ്വാസകരമാണ്.

ലോകത്തെ ഏറ്റവും അത്യാധുനികമായ തിരിച്ചറിയല്‍ സംവിധാനമെന്നാണ് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആധാറിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത്. ബയോമെട്രിക് ഐഡി സംവിധാനമായ ആധാറിനെ നിരവധി സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധിപ്പിച്ചതിലൂടെ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുമായും പബ്ലിക് സബ്‌സിഡി സ്‌കീമുമായും ആധാറിനെ ബന്ധപ്പെടുത്തിയത് ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. എന്നാല്‍ ആധാര്‍ നടപ്പാക്കിയതില്‍, നടപ്പാക്കിക്കൊണ്ടിരിക്കുന്നതില്‍ വരുന്ന പാളിച്ചകള്‍ അവഗണിച്ച് രാജ്യത്തിന് മുന്നോട്ട് പോകാനും സാധിക്കില്ല. അതാണ് സുപ്രീം കോടതി വളരെ സ്പഷ്ടമായി വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിധി പൂര്‍ണമായും ഉള്‍ക്കൊണ്ട് ആധാറിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. സ്വകാര്യതയെ ലംഘിക്കുന്ന പദ്ധതികള്‍ക്കൊന്നും തന്നെ ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്ത് നിലനില്‍പ്പുണ്ടാകില്ലെന്ന വസ്തുത എല്ലാ രാഷ്ട്രീയ കക്ഷികളും മനസിലാക്കുകയും വേണം.

Comments

comments

Categories: Editorial, Slider
Tags: adhaar