ട്രെയിനുകളുടെ ശരാശരി വേഗത 10-15 ശതമാനം വര്‍ധിക്കും

ട്രെയിനുകളുടെ ശരാശരി വേഗത 10-15 ശതമാനം വര്‍ധിക്കും

18 വര്‍ഷം പഴക്കമുള്ള ഡീസല്‍ ലോക്കോമോട്ടീവുകള്‍ മാറ്റി ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ റെയ്ല്‍വേ ശൃംഖലയില്‍ നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കുമ്പോള്‍ 2021-22 ഓടെ ട്രെയ്‌നുകളുടെ ശരാശരി വേഗത 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് റെയ്ല്‍വേ വകുപ്പ്. റെയ്ല്‍വേയുടെ വൈദ്യുതീകരണം സാധ്യമായാല്‍ ട്രെയ്‌നുകളുടെ വേഗത വര്‍ധിപ്പിക്കുകയും അതുവഴി യാത്രാസമയം കുറയ്ക്കുകയും ചെയ്യാമെന്ന് റെയ്ല്‍വേ ബോര്‍ഡ് അംഗം ഗന്‍ഷ്യാം സിംഗ് പറയുന്നു.
29,000 കിലോമീറ്റര്‍ റൂട്ടിലെ വൈദ്യുതീകരണം നേരത്തെ കമ്മീഷന്‍ ചെയ്തു കഴിഞ്ഞതാണ്. 13,000 കിലോമീറ്റര്‍ റൂട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 20,000 കിലോമീറ്റര്‍ റൂട്ടിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സിംഗ് വ്യക്തമാക്കി.
5500 ഫഌറ്റുകളിലെ 18 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ലോക്കോമോട്ടിവുകളെ മാറ്റി ഇലക്ട്രോണിക് മോട്ടോവോട്ടിവുകള്‍ അവതരിപ്പിക്കാനും റെയ്ല്‍വെ വകുപ്പ് പദ്ധതിയിടുന്നുണ്ട്. അതേസമയം, ജനറല്‍ ഇലക്ട്രിക്(ജിഇ) വിതരണം ചെയ്യുന്ന 1,000 ഡീസല്‍ എന്‍ജിനുകള്‍ റെയ്ല്‍വേയുടെ തന്ത്രപ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് അധികൃതര്‍ പറയുന്നു.
തീവണ്ടി എന്‍ജിനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഓരോ എന്‍ജിനുകള്‍ക്കും രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 18 വര്‍ഷം പഴക്കമുള്ള ഡീസല്‍ ലോക്കോമോട്ടീവുകള്‍ പുതുക്കിപ്പണിയാന്‍ ഏകദേശം 5 കോടി രൂപയാണ് ചെലവ്. പുതുതായി സ്ഥാപിക്കുന്ന ലോക്കോമോട്ടിവുകള്‍ക്ക് 5,000 കുതിരശക്തി(എച്ച്പി) ശേഷി ഉണ്ടാകും. പൂര്‍ണമായും ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുന്നതാണെന്നതിനാല്‍ അഭിമാനിക്കാമെന്നും സിംഗ് ചൂണ്ടിക്കാട്ടി.
മലിനീകരണം കുറയ്ക്കാമെന്നതാണ് പുതിയ എന്‍ജിനുകളുടെ പ്രത്യേകത. കൂടുതല്‍ കാര്യക്ഷമമായതും പുതിയ സാങ്കേതിക വിദ്യയോടുകൂടിയതുമാണ് ഈ എന്‍ജിനുകള്‍. വാരണാസിയില്‍ റെയ്ല്‍വേ വകുപ്പിന്റെ ഉല്‍പ്പാദന യൂണിറ്റായ ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്‌സി(ഡിഎല്‍ഡബ്ല്യു)ല്‍ ഇതിനോടകം രണ്ട് എന്‍ജിനുകള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് രണ്ട് എന്‍ജിനുകളുടെ പരിവര്‍ത്തന പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം 100 എന്‍ജിനുകള്‍ 18 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ളവയായി മാറും.
റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍(ആര്‍ഡിഎസ്ഒ), ചിത്തരഞ്ജന്‍ ലോക്കോമോട്ടിവ് വര്‍ക്‌സ്(സിഎല്‍ഡബ്ല്യു), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്(ഭെല്‍) എന്നീ കമ്പനികളിലെ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ചേര്‍ന്നാണ് പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. 2021-22 ഓടെ ബ്രോഡ്‌ഗേജുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നുണ്ട്. കൂടാതെ വൈദ്യുതീകരിച്ച ചരക്കുഗതാഗത ഇടനാഴികളിലൂടെ ചരക്കു തീവണ്ടികള്‍ ഓടിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: FK News