വിപ്ലവകരമായ മാറ്റം കുറിക്കാന്‍ വരുന്നു ട്രെയിന്‍ 18

വിപ്ലവകരമായ മാറ്റം കുറിക്കാന്‍ വരുന്നു ട്രെയിന്‍ 18

മുംബൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റത്തിന്റെ ചരിത്രം കുറിക്കാന്‍ ട്രെയിന്‍ 18. മറ്റു ദീര്‍ഘദൂര വണ്ടികളിലേതുപോലെ ലോക്കോമോട്ടീവ് എന്‍ജിന്‍ ഉണ്ടാവില്ലെന്നതാണ് ഈ തീവണ്ടിയുടെ പ്രത്യേകത. അടുത്ത ജനുവരി മുതല്‍ ഡല്‍ഹിയില്‍ നിന്ന് ഭോപാലിലേക്ക് ഈ ട്രെയിന്‍ ഓടിത്തുടങ്ങും.

രാജ്യത്ത് ആദ്യമായി എന്‍ജിനില്ലാതെ ഓടുന്ന വണ്ടിയാകും ട്രെയിന്‍18. നിലവിലുള്ള ഡല്‍ഹി-ഭോപാല്‍ ശതാബ്ദി എക്‌സ്പ്രസ്സിന് പകരമാണ് വണ്ടി ഓടുക. നഗരങ്ങളില്‍ ഓടുന്ന മെട്രോ ട്രെയിനുകള്‍ക്കും സബര്‍ബന്‍ വണ്ടികള്‍ക്കു സമാനമായിരിക്കും ഈ വണ്ടി.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ഈ വണ്ടിക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസ്സിന്റെ അതേ വേഗതയാണിത്.

മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കുന്നത്. തനിയേ അടയുന്ന സ്ലൈഡിങ് വാതിലുകള്‍, നീളത്തിലുള്ള ജനവാതിലുകള്‍ എന്നിവയൊക്കെ മറ്റ് പ്രത്യേകതകള്‍.

2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍18 എന്ന പേര് ലഭിച്ചത്. രണ്ടറ്റത്തും ഡ്രൈവറുടെ കാബിനുള്ള വണ്ടി മെട്രോ ട്രെയിന്‍ പോലെ ഏതു ഭാഗത്തേക്കും ഓടിക്കാന്‍ കഴിയും. എല്ലാ കോച്ചുകളുടെ അടിഭാഗത്തും വൈദ്യുതി സ്വീകരിച്ച് അതിനകത്തെ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. അതിനാലാണ് ഈ വണ്ടിക്ക് പ്രത്യേകമായി എന്‍ജിന്റെ ആവശ്യമില്ലാത്തതും.

പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷമായിരിക്കും ജനുവരിയില്‍ ഇത് ഡല്‍ഹിക്കും ഭോപാലിനുമിടയില്‍ ഓടുക. പരീക്ഷണം വിജയിച്ചാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ വണ്ടികള്‍ പുറത്തിറക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

Comments

comments

Categories: Current Affairs