മറുനാടന്‍ നഗരങ്ങളില്‍ താമസം എളുപ്പമാക്കുന്ന സംരംഭങ്ങള്‍

മറുനാടന്‍ നഗരങ്ങളില്‍ താമസം എളുപ്പമാക്കുന്ന സംരംഭങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി മറുനാടുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി താമസസൗകര്യം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിമാന്‍ഡ് ഏറിവരികയാണ്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ മുതല്‍ ലക്ഷ്വറി സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്കു വരെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇവര്‍ തയാറാകുന്നു

പഠനത്തിനായി മറുനാടുകളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സുരക്ഷിത താമസസ്ഥലം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. പരിചയമില്ലായ്മയും ഭാഷ വശമില്ലാത്തതും മറ്റും നമ്മുടെ പണം മുതലെടുക്കുന്ന സ്ഥാപനങ്ങളിലേക്കാകും പലപ്പോഴും കൊണ്ടെത്തിക്കുക. കണക്കുകള്‍ പ്രകാരം ഏകദേശം 34 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ ഉന്നത പഠനത്തിനായി പ്രവേശിക്കപ്പെടുന്നുണ്ട്. ഇതില്‍ 26.6 ദശലക്ഷം വിദ്യാര്‍ത്ഥികള്‍, അതായത് 76 ശതമാനത്തോളം പേരാണ് വിവിധ നഗരങ്ങളിലേക്ക് പഠനത്തിനായി പോകുന്നത്. ഈ കണക്കുകളില്‍ നിന്നുതന്നെ മേഖലയില്‍ വര്‍ധിച്ചു വരുന്ന താമസസൗകര്യങ്ങളുടെ ഡിമാന്‍ഡ് എത്രത്തോളമെന്ന് മനസിലാക്കാവുന്നതേയുള്ളൂ.

ഉന്നത പഠന കോഴ്‌സുകള്‍ നല്‍കുന്ന എല്ലാ കോളെജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികളെ താമസിപ്പിക്കാനുള്ള സൗകര്യം നിലവിലില്ല. 18 മുതല്‍ 20 ശതമാനം സ്ഥാപനങ്ങള്‍ മാത്രമാണ് കാംപസ് ഹോസ്റ്റല്‍ സൗകര്യം നല്‍കിവരുന്നത്. അതായത് ആകെയുള്ള 76 ശതമാനം പേരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്നത് അസംഘടിത മേഖലയിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെയാണ്. വിദ്യാര്‍ത്ഥികളെ ഇത്തരം അവസ്ഥകളില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്ന ഹൗസിംഗ് സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്പോള്‍ മേഖലയില്‍ ശ്രദ്ധേയമാകുന്നത്. സ്വകാര്യ ഹോസ്റ്റലുകള്‍, കാംപസിനുള്ളിലെ താമസം, വീട്ടിലെ സാഹചര്യമൊരുക്കുന്ന പേയിംഗ് ഗസ്റ്റ് സൗകര്യങ്ങള്‍ തുടങ്ങി സാധാരണയായി കാണുന്ന സംവിധാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംവിധാനമാണ് ഇത്തരം സംരംഭങ്ങള്‍ വിദ്യര്‍ത്ഥികള്‍ക്കു നല്‍കിവരുന്നത്. താമസ സൗകര്യം ഒരുക്കുന്ന വിവിധ സംരംഭങ്ങള്‍ നിലവില്‍ സജീവമാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി മറുനാടുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി താമസസൗകര്യം നല്‍കുന്നു എന്നതാണ് ഈ സംരംഭങ്ങളുടെ പ്രത്യേകത. ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഏതാനും സംരംഭങ്ങളെ ഇവിടെ പരിചയപ്പെടാം.

സ്റ്റാന്‍സ ലിവിംഗ്

കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ആസ്ഥാനമായി തുടക്കമിട്ട സ്റ്റാന്‍സ ലിവിംഗ് ഒരു കമ്യൂണിറ്റി- ലിവിംഗ് മോഡല്‍ എന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം നല്‍കുന്നത്. അനന്ദ്യ ദത്ത, സന്ദീപ് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭം നിലവില്‍ ഡെല്‍ഹി, നോയ്ഡ നഗരങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. കെട്ടിടങ്ങള്‍ ലീസിനെടുത്ത് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കിണങ്ങും വിധത്തില്‍ രൂപമാറ്റം വരുത്തിയാണ് താമസസൗകര്യം ഒരുക്കുന്നത്. ഭക്ഷണം, വൈ-ഫൈ, ലോണ്‍ഡ്രി, സുരക്ഷ എന്നിവ ഉറപ്പു നല്‍കുന്ന സ്റ്റാന്‍സ ലിവിംഗില്‍ 40 മുതല്‍ 500 വിദ്യാര്‍ത്ഥികളെ വരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്. 5000 രൂപ മുതല്‍ തുടങ്ങുന്ന വാടകനിരക്കാണ് ഇവിടെയുള്ളത്. വിദ്യാര്‍ത്ഥികളുടെ മറ്റ് ആവശ്യങ്ങള്‍ക്കനുസരിച്ച് നിരക്കിലും മാറ്റം വരും. നിലവില്‍ രണ്ടു മുതല്‍ മൂന്നു കോടി വരെ വരുമാനം നേടുന്ന കമ്പനി കഴിഞ്ഞ വര്‍ഷം അക്‌സല്‍ പാര്‍ട്‌ണേഴ്‌സ്, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവരില്‍ നിന്നായി 2 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു.

സ്റ്റുഡന്റ്അക്കോ

വിദ്യാര്‍ത്ഥികള്‍ക്കായി പിജി, ഫഌറ്റ് സൗകര്യങ്ങള്‍ നല്‍കുന്ന സംരംഭമാണ് സ്റ്റുഡന്റ്അക്കോ. വിരേന്‍ ജെയ്ന്‍, ആരതി ജെയ്ന്‍, അമിത് ഛബ്ര എന്നിവരാണ് മൂന്നു വര്‍ഷം മുമ്പ് ഡെല്‍ഹി ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പിന്റെ സംരംഭകര്‍. വിദ്യാര്‍ത്ഥികളുടെ ആവശ്യക്കിണങ്ങും വിധത്തില്‍ പൂര്‍ണമായും ഫര്‍ണിച്ചറുകളാല്‍ സജ്ജമാക്കിയ മുറികളാണ് ഇവര്‍ നല്‍കി വരുന്നത്. 2016 ലെ കണക്കുകള്‍ പ്രകരം ഡെല്‍ഹി, നോയ്ഡ, ഫരീദാബാദ് എന്നിവിടങ്ങളിലായി 14,000 വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്‍കിയിരിക്കുന്ന സംരംഭം ഓരോ കിടക്കയ്ക്കും 10,000 രൂപ വീതമാണ് വാടക ഈടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 2 ദശലക്ഷം ഡോളര്‍ ആയിരുന്നു.

പ്ലേസിയോ

ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ മുറികളില്‍ പൂര്‍ണ സജ്ജീകരണം ഒരുക്കി ഒരു കമ്യൂണിറ്റി ലിവിംഗ് മാതൃകയിലാണ് പ്ലേസിയോയുടെ പ്രവര്‍ത്തനം. രണ്ടു വര്‍ഷം മുമ്പ് രോഹിത് പട്ടേരിയ, അങ്കുഷ് അറോറ, അതുല്‍ കുമാര്‍ സിംഗ് എന്നിവര്‍ തുടക്കമിട്ട സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരത്തില്‍ എത്തിയതായി കമ്പനി അവകാശപ്പെടുന്നു. മേഖലയിലെ ഏറ്റവും കുറഞ്ഞ വാടക നിരക്ക് മുതല്‍ ലക്ഷ്വറി നിരക്ക് വരെയുള്ള മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണിവിടെ. ഒന്നോ അതില്‍ കൂടുതലോ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള മുറികളും ഒരുക്കിയിട്ടുണ്ട്. വാടക നിരക്ക് അല്‍പ്പം കൂടുമെങ്കിലും വിദ്യാര്‍ത്ഥികളുടെ ആവശ്യാനുസരണം നീന്തല്‍ക്കുളം, ടേബിള്‍ ടെന്നീസ് സൗകര്യം, പ്ലേ സ്റ്റേഷന്‍ എന്നിവയും സജ്ജമാക്കാന്‍ സംരംഭം തയാറാക്കി നല്‍കി വരുന്നു.

യുവര്‍ സ്‌പേസ്

ആധുനിക സജ്ജീകരണങ്ങള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്ക് എല്ലാംകൊണ്ടും യോജിക്കുന്ന മുറികള്‍ ഒരുക്കിയാണ് യുവര്‍സ്‌പേസ് മേഖലയില്‍ ശ്രദ്ധേയമാകുന്നത്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളെജുകളില്‍ നിന്നും വലിയ ദൂരെയല്ലാതെയാണ് താമസം സജ്ജമാക്കുന്നത്. കരണ്‍ കൗശിക്, ശുഭ ലാല്‍, നിധി കുംറ എന്നീ മൂവര്‍ സംഘം രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട യുവര്‍ സ്‌പേസ് നിലവില്‍ 11 ഹോസ്റ്റലുകളിലായി 1200 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് സംരംഭകര്‍.

രണ്ടു വര്‍ഷം മുമ്പ് ഗ്രേറ്റര്‍ നോയിഡയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി 77 കിടക്കകളോടു കൂടിയ ഹോസ്റ്റല്‍ ആരംഭിച്ചാണ് യുവര്‍ സ്‌പേസ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇന്ന് 11 ഹോസ്റ്റലുകളുള്ള യുവര്‍ സ്‌പേസിന്റെ ഓരോ ഹോസ്റ്റലുകളിലും 80 മുതല്‍ 85 ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ തങ്ങുന്നുണ്ട്. മുംബൈയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകളുള്ള സംരംഭത്തിന് ജലന്ധറിലും, ചണ്ഡിഗഢിലും നോയ്ഡയിലും ഏതാനു ചില ഹോസ്റ്റലുകള്‍ കൂടിയുണ്ട്. നഗര പരിധികള്‍ കണക്കിലെടുത്ത് പ്രതിമാസം ഓരോ ബെഡിനും ശരാശരി 12,000 മുതല്‍ 25,000 രൂപ വരെയാണ് ഇവിടുത്തെ വാടക നിരക്ക്. വാര്‍ഷിക, അര്‍ധ വാര്‍ഷിക, പ്രതിമാസ പ്ലാനുകളില്‍ വാടക നല്‍കാനോ പണം മുന്‍കൂറായി അടയ്ക്കാനോ ഉളള സൗകര്യവും ഇവര്‍ സജ്ജമാക്കിയിരിക്കുന്നു.

വലിയ കെട്ടിടങ്ങള്‍ ലീസിനെടുത്ത് ഹോസ്റ്റലിനായി പരുവപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. അഞ്ചു മുതല്‍ 12 വര്‍ഷത്തേക്ക് വരെ ലീസിനെടുക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥരെയും ഡെവലപ്പര്‍മാരെയും കൂടി പങ്കാളികളായി ചേര്‍ത്ത് ഒരു റവന്യൂ ഷെയറിംഗ് മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണ് യുവര്‍സ്‌പേസ്. നിലവില്‍ ന്യൂഡെല്‍ഹി, മുംബൈ, ചണ്ഡിഗഢ്, ജലന്ധര്‍, പൂനെ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംരംഭം ബെംഗളൂരു, ചെന്നൈ, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ യുവര്‍ സ്‌പേസിലെ കിടക്കകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി രൂപ വരുമാനത്തില്‍ എത്തിയിരിക്കുന്ന കമ്പനി ഏഴോളം പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങി 2019 ഓടുകൂടി 20 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സംരംഭം തുടങ്ങി ഇതിനോടകം വിവിധ നിക്ഷേപകരില്‍ നിന്നായി ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയ കമ്പനി വരും നാളുകളില്‍ കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുവര്‍ സ്‌പേസ് ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനാണ് ആലോചിക്കുന്നത്.

കോഹോ

ഡെല്‍ഹി, ഗുരുഗ്രാം, നോയ്ഡ എന്നിവിടങ്ങളിലായി യുവ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി താമസ സൗകര്യം ഒരുക്കുന്ന സംരംഭമാണ് കോഹോ. മൂന്നു വര്‍ഷം മുമ്പ് ഉദയ് ലക്കാര്‍, ആംബര്‍ സാജിദ് എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം മുറികളില്‍ വൈ-ഫൈ, ഡിടിഎച്ച്, ഹൗസ് കീപ്പിംഗ് സൗകര്യങ്ങള്‍ സജ്ജമാക്കുന്നുണ്ട്. നിലവില്‍ 1200 ഓളം പേര്‍ക്ക് താമസസൗകര്യം നല്‍കുന്ന കോഹോ ഡെല്‍ഹിയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം സജീവമാക്കാനുള്ള ആലോചനയിലാണ്. പ്രതിമാസം 9000 മുതല്‍ 13,000 രൂപ വരെ വാടക ഈടാക്കുന്ന സംരംഭത്തിന്റെ നിലവിലെ വാര്‍ഷിക വരുമാനം മൂന്നു ദശലക്ഷം ഡോളറാണ്.

സോളോ സ്‌റ്റെയ്‌സ്

മൂന്നു വര്‍ഷം മുമ്പ് നിഖില്‍ സിക്‌രി, സ്‌നേഹ ചൗധരി, അഖില്‍ സിക്‌രി എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ സംരംഭമാണ് സോളോ സ്‌റ്റെയ്‌സ്. നിലവില്‍ ബെംഗളൂരിനു പുറമെ ചെന്നൈ, എന്‍സിആര്‍, പൂനെ, കോട്ട എന്നിവിടങ്ങളിലും ഇവര്‍ താമസസൗകര്യം നല്‍കി വരുന്നുണ്ട്. ഈ വര്‍ഷം സോളോ സ്‌റ്റെയ്‌സിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 10,000 ആയതായി അവകാശപ്പെടുന്ന സംരംഭത്തിലെ പ്രതിമാസ വാടക നിരക്ക് 6000 മുതല്‍ 8000 രൂപ വരെയാണ്.

Comments

comments

Categories: Entrepreneurship