രൂപയുടെ മൂല്യ തകര്‍ച്ച തുടരുമെന്ന് മൂഡീസ്

രൂപയുടെ മൂല്യ തകര്‍ച്ച തുടരുമെന്ന് മൂഡീസ്

നടപടികള്‍ ഇന്ത്യയിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കില്‍ സ്വാധീനം ചെലുത്തുന്നതിന് സമയമെടുക്കും

മുംബൈ: രൂപയുടെ മൂല്യ തകര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തേക്കുള്ള മൂലധന പ്രവാഹം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ വലിയ ഫലമുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുടെ ധനക്കമ്മി പ്രഖ്യാപിത ലക്ഷ്യത്തില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ രൂപയുടെ മൂല്യശോഷണം പരിഹരിക്കുന്നതിന് സഹായിച്ചേക്കില്ലെന്നും ഇതൊരു പക്ഷെ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നതിന് കാരണമായേക്കുമെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍.
നടപ്പുവര്‍ഷം ജനുവരി മുതല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഏകദേശം 12 ശതമാനത്തിലധികം ഇടിവാണുണ്ടായിട്ടുള്ളത്. നിലവില്‍ 72 എന്ന നിലവാരത്തിലാണ് രൂപ വിനിമയം നടത്തുന്നത്. ഇതോടൊപ്പം ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയും വര്‍ധിച്ചിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.4 ശതമാനമായി കറന്റ് എക്കൗണ്ട് കമ്മി ഉയര്‍ന്നിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപിയുടെ 1.9 ശതമാനമായിരുന്നു കറന്റ് എക്കൗണ്ട് കമ്മി. എണ്ണ, എണ്ണ ഇതര ഇറക്കുമതിയിലുണ്ടായ വര്‍ധനയാണ് കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമായത്.
ഇത്തരം ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് മാനുഫാക്ച്ചറിംഗ് മേഖലയിലെ കമ്പനികള്‍ക്ക് വിദേശ വാണിജ്യ വായ്പയെടുക്കുന്നതിനുള്ള നിബന്ധനകള്‍ ഉദാരമാക്കുന്നതടക്കമുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുന്ന മാനുഫാക്ച്ചറിംഗ് കമ്പനികള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വരെ വായ്പയെടുക്കാനാകും. നേരത്തെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കുന്ന കമ്പനികള്‍ക്കാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ഇതോടൊപ്പം 2019 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോള്‍ഡിംഗ് നികുതിയില്‍ നിന്നും ഒഴിവാക്കാനും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ നടപടികള്‍ ഇന്ത്യയിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്കില്‍ സ്വാധീനം ചെലുത്തുന്നതിന് സമയമെടുക്കുമെന്നാണ് മൂഡീസ് പറയുന്നത്. അതേസമയം, വായ്പാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് ഹ്രസ്വകാലാടിസ്ഥാനത്തില്‍ രൂപയ്ക്കുമേലുള്ള സമ്മര്‍ദം കുറയ്ക്കുമെന്നും കറന്‍സി വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കഴിയുമെന്നും മൂഡീസ് പറയുന്നുണ്ട്. കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ അഞ്ച് ശതമാനത്തില്‍ താഴെയായതിനാല്‍ ഇന്ത്യയുടെ ബൃഹത് സാമ്പത്തിക ഘടകങ്ങള്‍ ഇപ്പോഴും അപകടസാധ്യതകളെ മറികടക്കുമെന്നാണ് മൂഡീസ് കരുതുന്നത്.
2013ല്‍ രൂപയുടെ മൂല്യത്തില്‍ ഏകദേശം 20 ശതമാനം ഇടിവ് അനുഭവപ്പെട്ട സമയത്ത് കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ അഞ്ച് ശതമാനത്തിനടുത്തെത്തിയിരുന്നുവെന്നും മൂഡീസ് വിശദീകരിച്ചു. എന്നാല്‍, എല്‍പിജിയുടെയും മണ്ണെണ്ണയുടെയും സബ്‌സിഡി ചെലവ് വര്‍ധിപ്പിക്കുകയും നിലവിലുള്ള സാമ്പത്തിക സമ്മര്‍ദം കൂട്ടുകയും ചെയ്യുമെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: Moody's