ഖത്തര്‍, സിംഗപ്പൂര്‍ സര്‍വീസുകള്‍: വിമാനക്കമ്പനികളുടെ അഭിപ്രായം തേടി സര്‍ക്കാര്‍

ഖത്തര്‍, സിംഗപ്പൂര്‍ സര്‍വീസുകള്‍: വിമാനക്കമ്പനികളുടെ അഭിപ്രായം തേടി സര്‍ക്കാര്‍

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിമാന കരാര്‍ വ്യവസ്ഥകളിലെ 80 ശതമാനത്തിലധികം സീറ്റുകള്‍ ഉപയോഗപ്പെടുത്തിയതിനാല്‍ പുതിയ സര്‍വീസുകള്‍ക്ക് അനുമതി വേണമെന്ന് ഖത്തറും സിംഗപ്പൂരും

 

ന്യൂഡെല്‍ഹി: ഉഭയകക്ഷി വ്യോമയാന കാരാറുകളുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേക്കും ഖത്തറിലേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര എയര്‍ലൈന്‍ കമ്പനികളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് കേന്ദജ്ര സര്‍ക്കാര്‍. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിമാന കരാര്‍ വ്യവസ്ഥകളിലെ 80 ശതമാനത്തിലധികം സീറ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് ഖത്തറും സിംഗപ്പൂരും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്്.

2016 ല്‍ തയാറാക്കിയ രാജ്യത്തിന്റെ പുതിയ വ്യോമയാന പദ്ധതിക്ക് കീഴില്‍ നിലവില്‍ പ്രതിവാരം അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 80 ശതമാനമെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിച്ചാല്‍ മാത്രമേ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ 5,000 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പുതിയ വിമാനസര്‍വീസുകള്‍ക്കൊന്നും തന്നെ ഇന്ത്യ അനുമതി നല്‍കിയിട്ടില്ല. ഇക്കാരണം കൊണ്ട് കൂടിയാണ് ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ 80 ശതമാനത്തിലധികം ഉപയോഗപ്പെടുക്കാന്‍ സാധിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിദേശ പ്രവര്‍ത്തന പദ്ധതികളെ കുറിച്ച് അറിയുന്നതിനുള്ള ആദ്യ നടപടിയുടെ ഭാഗമായാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ‘ഖത്തര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ആഭ്യന്ത വിമാന കമ്പനികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് ഞങ്ങള്‍. ഈ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഏത് പുതിയ ചര്‍ച്ചകളും വിമാനക്കമ്പനികളുടെ പദ്ധതികളെ ആശ്രയിച്ചിരിക്കും,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്ത കാലത്തായി ഇന്ത്യ- ദോഹ സര്‍വീസുകള്‍ ഉയര്‍ന്ന വരുമാനം വിമാനക്കമ്പനികള്‍ക്ക് നേടിക്കൊടുക്കുന്നുണ്ട്. അതേസമയം ഇന്ത്യ- ദുബായ് മേഖലയില്‍ വരുമാനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം സിംഗപ്പൂര്‍ റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കരുതെന്നാണ് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Arabia