പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ലയനങ്ങളുമായി കേന്ദ്രം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയും ലയനങ്ങളുമായി കേന്ദ്രം

ലക്ഷ്യം 80,000 കോടി രൂപയുടെ സമാഹരണം; ഗെയ്ല്‍ ഇന്ത്യയിലെ ഓഹരികള്‍ ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഭാരത് പെട്രോളിയത്തിന് വില്‍ക്കാന്‍ സാധ്യത

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായി കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി)- ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ഇടപാട് പോലെ ഒന്നോ രണ്ടോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്കുള്ള ഭൂരിപക്ഷ ഓഹരികള്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന് സര്‍ക്കാര്‍ വിറ്റഴിക്കുമെന്നാണ് വിവരം. നാഷണല്‍ ഹൈഡ്രോ പവര്‍ കമ്പനിയിലെ (എന്‍എച്ച്പിസി) ഓഹരികള്‍ എന്‍ടിപിസിക്ക് വിറ്റേക്കുമെന്നാണ് സൂചന. എസ്‌ജെവിഎന്നിലെ ഓഹരികളും എന്‍ടിപിസിക്ക് വിറ്റേക്കും. ഗെയ്ല്‍ ഇന്ത്യയിലെ ഓഹരികള്‍ ഇന്ത്യന്‍ ഓയില്‍ അല്ലെങ്കില്‍ ഭാരത് പെട്രോളിയത്തിന് വില്‍ക്കാനാണ് സാധ്യതയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പവര്‍ ഫിനാന്‍സിംഗ് കമ്പനികളായ പിഎഫ്‌സി, ആര്‍ഇസി എന്നിവയുടെ ഏകോപനവും പരിഗണനയിലാണ്. എന്നാല്‍ ഇതിലെ ഏറ്റെടുക്കല്‍ കമ്പനി ഏതാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കമ്പനികളുടെ മൊത്തം ആസ്തിയും, വിപണി മൂല്യവും സമാനമായതിനാലാണ് തീരുമാനം വൈകുന്നത്.

എന്‍എച്ച്പിസിയില്‍ 73.64 ശതമാനം ഓഹരികളാണ് കേന്ദ്രത്തിനുള്ളത്. നിലവിലെ വിപണി വിലയനുസരിച്ച് 17,565 കോടി രൂപയാണ് ഇവയുടെ മൂല്യം. 13,718 കോടി രൂപ വിലമതിക്കുന്ന 65.61 ശതമാനം ഓഹരികളാണ് പിഎഫ്‌സിയിലുള്ളത്. ഹൈഡ്രോപവര്‍ ഉല്‍പ്പാദകരായ എസ്‌ജെവിഎനില്‍ 6,904 കോടി രൂപ മൂല്യമുള്ള 73.64 ശതമാനം ഓഹരികള്‍ കേന്ദ്രത്തിനുണ്ട്. പ്രകൃതി വാതക വിതരണ കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിലുള്ള (ഗെയ്ല്‍) 53.34 ശതമാനം ഓഹരികളുടെ മൂല്യം നിലവിലെ വിപണി വിലയനുസരിച്ച് 45,967 കോടി രൂപയാണ്. വില്‍പ്പനക്ക് മുമ്പായി കമ്പനിയുടെ പൈപ്പ്‌ലൈന്‍ ബിസിനസ് വിഭജിക്കപ്പെടുമെന്നതിനാല്‍ ഗെയ്‌ലിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നേട്ടം വളരെ കുറവായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എച്ച്പിസിഎലില്‍ സര്‍ക്കാരിനുണ്ടായിരുന്ന 51.11 ശതമാനം ഓഹരികളാണ് ജനുവരിയില്‍ ഒഎന്‍ജിസി ഏറ്റെടുത്തിരുന്നത്. 36,915 കോടി രൂപയായിരുന്നു ഇടപാട് മൂല്യം. സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഒരു ലക്ഷം കോടി രൂപ റെക്കോര്‍ഡ് ഓഹരി വിറ്റഴിക്കല്‍ വരുമാനത്തിന്റെ 37 ശതമാനം വരും ഇത്.

ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ ഒരു പൊതുമേഖലയില്‍ ലയനങ്ങളിലൂടെ ഭീമന്‍ കമ്പനികളെ സൃഷ്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികള്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികതലം, ആഗോള മത്സരക്ഷമത, വില കുറഞ്ഞ മൂലധനത്തിലേക്കുള്ള പ്രവേശനം എന്നിവയില്‍ നിന്ന് പ്രയോജനം നേടുന്നതിന് പൊതുവായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനികള്‍ സംയോജിപ്പിച്ചാണ് വമ്പന്‍ കമ്പനി സൃഷ്ടിക്കേണ്ടതെന്ന് ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ റീട്ടെയ്‌ലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും (ഐഒസി) കൂടാതെ ഭാരത് പെട്രോളിയം കോര്‍പ് ലിമിറ്റഡും (ബിപിസിഎല്‍) ഗെയ്‌ലില്‍ സര്‍ക്കാരിനുള്ള ഓഹരികള്‍ ഏറ്റെടുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തെര്‍മല്‍ പവര്‍ ഉല്‍പ്പാദകരായ എന്‍ടിപിസി, ജലവൈദ്യുത ഉല്‍പ്പാദന ബിസിനസില്‍ ഇതിനകം തന്നെ ഏര്‍പ്പെട്ടിട്ടുണ്ട്. പിഎഫ്‌സി, ആര്‍ഇസി എന്നിവയുടെ സംയോജനം വഴി പൊതു വിഭവങ്ങളെ ശക്തിപ്പെടുത്താനും സാധിക്കും.

Comments

comments

Categories: Business & Economy
Tags: Share sale