ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധപതിപ്പിച്ച് പിന്റെറസ്റ്റ്

ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധപതിപ്പിച്ച് പിന്റെറസ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: വിവിധ മേഖലകളിലെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനുള്ള സാമൂഹ്യ മാധ്യമമായ പിന്റെറസ്റ്റ് രാജ്യാന്തര വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനൊരുങ്ങുന്നു. 12 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യുഎസ് യുണികോണിന് 250 ദശലക്ഷം പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്. ഇതില്‍ പകുതിപേരും ആഭ്യന്തര വിപണിക്ക് പുറത്തുള്ളവരാണ്. കൂടാതെ പ്ലാറ്റ്‌ഫോമിലെ പുതിയ ഉപഭോക്താക്കളില്‍ 80 ശതമാനം പേരും രാജ്യാന്തര വിപണിയില്‍ നിന്നുള്ളവരാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏഴു ഓഫീസുകളാണ് പിന്റെറസ്റ്റിനുള്ളത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദക്ഷിണ അമേരിക്ക, പശ്ചിമ യൂറോപ്പ് ജപ്പാന്‍ തുടങ്ങിയ വിപണികള്‍ക്കാണ് കമ്പനി പ്രധാന്യം നല്‍കിയതെന്നും എന്നാല്‍ ഈ വര്‍ഷം ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ പോലുള്ള വിപണികളില്‍ ശ്രദ്ധപതിപ്പിക്കാനാണ് പദ്ധതിയെന്നും പിന്റെറസ്റ്റ് സഹസ്ഥാപകന്‍ ഇവാന്‍ ഷാര്‍പ്പ് പറഞ്ഞു. അടുത്ത വര്‍ഷം മധ്യത്തോടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താനും വാര്‍ഷിക വരുമാനം ഒരു ബില്യണിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഇന്ത്യന്‍ വിപണിക്കനുയോജ്യമായുള്ള ഉല്‍പ്പന്നങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിന്റെ ഭാഗമായി നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാറ്റ്‌ഫോമില്‍ ഹിന്ദി ഭാഷ പിന്റെറസ്റ്റ് അവതരിപ്പിച്ചിരുന്നു. ഇത് പ്രാദേശികമായ രുചിക്കൂട്ടുകള്‍ പോലുള്ള കൂടുതല്‍ വ്യക്തിപരവും ഉപയോഗപ്രദവുമായ ആശയങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ സ്ഥാനം പിടിക്കുന്നതിന് സഹായിക്കുകയുണ്ടായി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ 175 ദശലക്ഷം പിന്നുകളാണുള്ളത് (വിഷ്വല്‍ ബുക്ക്മാര്‍ക്കുകള്‍). കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 75 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ (115 ശതമാനത്തിലധികം), സ്റ്റെല്‍ ആശയങ്ങള്‍ (38 ശതമാനത്തിലധികം), കല (50 ശതമാനത്തിലധികം), പരീക്ഷിച്ച് നോക്കാവുന്ന ഡു ഇറ്റ് യുവര്‍ സെല്‍ഫ് പ്രോജക്റ്റുകള്‍ (35 ശതമാനത്തിലധികം) എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്ങളാണ് ഉപഭോക്താക്കള്‍ ഇവിടെ സേവ് ചെയ്യുന്നത്.

ഹോം ഡെക്കര്‍ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന പിന്റെറസ്റ്റിന്റെ വിപണിയിലെ എതിരാളികളായ ഹൗസ് ഇന്ത്യയില്‍ ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാറ, ട്വിറ്റര്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്് പോലുള്ള മറ്റ് സാമൂഹ്യമാധ്യമസ്ഥാപനങ്ങളുടെയും പ്രധാന വിപണിയാണ് ഇന്ത്യ. പിന്റെറസ്റ്റിന്റെ മുഖ്യ എതിരാളിയായ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ജൂലൈ വരെയുള്ള കണക്കനുസരിച്ച് ആഭ്യന്തര വിപണിയായ യുഎസില്‍ 120 ദശലക്ഷം ഉപഭോക്താക്കളുള്ള ആപ്പിന് ഇന്ത്യയില്‍ 67 ദശലക്ഷം ഉപഭോക്താക്കളാണുള്ളതെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ സാക്ഷ്യപ്പെടുത്തുന്നത്.

Comments

comments

Categories: Tech
Tags: pinterest