കൂടുതല്‍ സങ്കീര്‍ണമാകുന്ന എണ്ണ വിപണി…

കൂടുതല്‍ സങ്കീര്‍ണമാകുന്ന എണ്ണ വിപണി…

എണ്ണ ഉല്‍പ്പാദനം തല്‍ക്കാലം കൂട്ടേണ്ടതില്ലെന്ന ഒപെക്കിന്റെയും റഷ്യയുടെയും നിലപാട് കടുത്ത വിലവര്‍ധനയിലേക്കാണ് വിപണിയെ എത്തിക്കുന്നത്. ഇറാന്‍ ഉപരോധത്തിന്റെ ഫലമായി അവിടെനിന്നുള്ള ഇറക്കുമതിക്ക് മറ്റ് രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ എണ്ണ വില ബാരലിന് 100 ഡോളറിലേക്ക് കുതിക്കും എന്നാണ് വിലയിരുത്തലുകള്‍. എണ്ണ വിപണിയെ നിയന്ത്രിക്കാന്‍ ഒപെക്കിന്റെ നിലവിലെ സംവിധാനങ്ങള്‍ക്ക് സാധിക്കുമോ?

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ വില വര്‍ധനവിനെ തുടര്‍ന്ന് വലിയ ബഹളങ്ങളാണ് നടക്കുന്നത്. എന്തായാലും ഈ ബഹളങ്ങളൊന്നും തല്‍ക്കാലം അവസാനിക്കാന്‍ സാധ്യതയില്ല. വരാനിരിക്കുന്നത് ഇതിലും രൂക്ഷമായ അവസ്ഥയാണ്. എണ്ണ വില കൂടുന്നത് പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപെക്കും ആ സംഘടനയെ സൗദി അറേബ്യിക്കൊപ്പം ഇപ്പോള്‍ നിയന്ത്രിക്കുന്ന വഌഡിമിര്‍ പുടിന്റെ റഷ്യയും ഉല്‍പ്പാദനം കൂട്ടേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഒപെക്കിന് പുറത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദനരാജ്യമാണ് റഷ്യ.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു അള്‍ജിയേഴ്‌സില്‍ ഒപെക്ക് യോഗം ചേര്‍ന്നത്. ആഗോളതലത്തിലെ എണ്ണ വിതരണം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇറാനുമേല്‍ യുഎസ് ഉപരോധം ചെലുത്തിയ പശ്ചാത്തലത്തലത്തില്‍ പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഉല്‍പ്പാദനം കൂട്ടേണ്ടതില്ലെന്ന നിലപാടാണ് ഒപെക്കും റഷ്യയും കൈക്കൊണ്ടത്.

എണ്ണ വിലയില്‍ താന്‍ സ്വാധീനം ചെലുത്തില്ലെന്നാണ് സൗദിയുടെ ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞത്.

എങ്ങനെ ബാധിക്കും

ഒപെക്കിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാന്‍. സൗദിയുടെ ബദ്ധശത്രു. ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് അവര്‍ക്കെതിരെ വീണ്ടും ഉപരോധം ചെലുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഉപരോധത്തിന്റെ ഭാഗമായി നവംബര്‍ നാല് മുതല്‍ ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ നിര്‍ത്താനാണ് മറ്റ് രാജ്യങ്ങള്‍ക്ക് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇല്ലെങ്കില്‍ ആ രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ നടപടികള്‍ വരുമെന്നാണ് ഭീഷണി. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നടത്തുന്നുണ്ട്. ഇറാന്റെ എണ്ണ, വിപണിയിലേക്ക് എത്താതിരുന്നാല്‍ വരുന്നത് വലിയ വിടവായിരിക്കും. ഈ സാഹചര്യത്തില്‍ ഒപെക്കിലെ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ പിന്നെ തീവില എന്നേ പറയേണ്ടൂ…

കയറ്റുമതിയില്‍ വലിയൊരു പങ്ക് ഇറാന് നഷ്ടമാകും. ഒപെക്കിന്റെയും ഒപെക്ക് ഇതര പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളുടെയും പുതിയ തീരുമാനം വന്നതോടെ ഇറാന്റെ വിതരണത്തിലുണ്ടാകുന്ന വിടവ് നികത്താന്‍ വിപണി പാടുപെടും-ഫ്രഞ്ച് ബാങ്കായ ബിഎന്‍പി പാരിബയുടെ കമോഡിറ്റി മാര്‍ക്കറ്റ്‌സ് സ്ട്രാറ്റജി തലവന്‍ ഹറി ഷിലിംഗ്യുറിയന്‍ പറയുന്നു.

ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കന്‍ ഉപരോധത്തെ വകവെക്കാതെ ഇറാനുമായുള്ള ഇടപാട് തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും ചുരുങ്ങിയത് പ്രതിദിനം 1.4 മില്ല്യണ്‍ ബാരല്‍ എണ്ണയെങ്കിലും വിപണിയില്‍ നിന്ന് ഇല്ലാതെയാകും എന്നാണ് വിലയിരുത്തല്‍.

അടുത്ത വര്‍ഷം ആദ്യം തന്നെ എണ്ണ വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിലയിരുത്തലുകള്‍. ഉല്‍പ്പാദനം കൂട്ടേണ്ടതില്ലെന്ന് സൗദിയും റഷ്യയും തീരുമാനിച്ചതിന്റെ ഫലമായിട്ടായിരുന്നു ഇന്നലെ എണ്ണ വില ബാരലിന് 80 ഡോളര്‍ എന്ന തലത്തിലേക്ക് എത്തിയത്. 2014 നവംബര്‍ 14ന് ശേഷം എണ്ണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

ട്രംപിന്റെ ഭീഷണിയൊന്നും ഏറ്റില്ല

കഴിഞ്ഞയാഴ്ച്ച നടത്തിയ ട്വീറ്റിലും ട്രംപ് ആവശ്യപ്പെട്ടത് എണ്ണ വില കുറയ്ക്കാന്‍ ഒപെക്ക് നടപടിയെടുക്കണമെന്നായിരുന്നു. എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ രാജ്യങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുന്നു. ഞങ്ങളെ കൂടാതെ കൂടുതല്‍ കാലം സുരക്ഷിതമായി നിലനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല. എന്നിട്ടും അവര്‍ എണ്ണ വില കൂടുതല്‍ വര്‍ധിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ്-ട്രംപിന്റെ ഈ ട്വീറ്റ് പലരെയും വല്ലാതെ പ്രകോപിപ്പിക്കുന്നതായിരുന്നു.

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കേറ്റ ഏറ്റവും വലിയ അപമാനമാണ് ട്രംപിന്റെ ട്വീറ്റെന്ന് ഇറാന്‍ എണ്ണ മന്ത്രി ബിജന്‍ സന്‍ഗനെഹ് പ്രതികരിക്കുകയും ചെയ്തു. ഒപെക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉല്‍പ്പാദകരായ ഇറാനുമായി തീരെ നല്ല ബന്ധത്തിലല്ല ഒപെക്കിലെ രാജാവായ സൗദി അറേബ്യ, എങ്കിലും ഉല്‍പ്പാദനത്തില്‍ തല്‍ക്കാലം വര്‍ധന വേണ്ടെന്നു തന്നെയാണ് ഇവരും തീരുമാനിച്ചത്.

പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമുഖ ധനകാര്യസേവന കമ്പനിയായ കാന്റര്‍ ഫിറ്റ്‌സ്‌ഗെറാള്‍ഡിലെ എണ്ണ വിദഗ്ധനായ അഷ്‌ലി കെല്‍റ്റി അഭിപ്രായപ്പെട്ടത് ഉടന്‍ തന്നെ എണ്ണ വില ബാരലിന് 90 ഡോളറിലെത്തുമെന്നാണ്. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്താനുള്ള ശേഷി സൗദി അറേബ്യക്കുണ്ടെങ്കിലും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സൗദി. വിപണിയില്‍ ഇപ്പോള്‍ ആവശ്യത്തിന് എണ്ണയെത്തുന്നുണ്ട്. ആവശ്യകതയിലും വിതരണത്തിലും പ്രശ്‌നങ്ങള്‍ ഇല്ലാത്തിടത്തോളം കാലം ഉല്‍പ്പാദനം കൂട്ടേണ്ടെതില്ലെന്ന നിലപാടിലാണ് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്.

ഒപെക്കിന്റെ അസ്തിത്വ പ്രതിസന്ധി

അള്‍ജിയേഴ്‌സ് യോഗം ഒരിക്കല്‍ കൂടി അടിവരയിടുന്നത് ഒപെക്കിന്റെ അസ്തിത്വ പ്രതിസന്ധി തന്നയൊണ്. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ ഒപെക്ക് സംഘത്തില്‍ സൗദി-യുഎഇ സഖ്യം ഒരു വശത്തം ഇറാന്‍ മറുവശത്തുമാണ്. ഒപെക്കിന് പുറത്തെ എണ്ണ ഭീമന്‍ റഷ്യയുമായി സൗദി മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നത്. സൗദിയും റഷ്യയും ചേര്‍ന്ന് എണ്ണ വിപണി നിയന്ത്രിക്കുന്ന തരത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇറാനെതിരെ അമേരിക്കന്‍ ഉപരോധം വരുന്നതോടു കൂടി വിപണിയിലുണ്ടാകുന്ന ആവശ്യകത വര്‍ധന മുതലാക്കാന്‍ സൗദിയും റഷ്യയും ശ്രമിക്കുേെമായെന്നാണ് ഇറാന്റെ ഭയം.

ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നതിനും ഒപെക്ക് അംഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ആഗോള എണ്ണ വിപണിയുടെ ഗതി നിര്‍ണയിക്കുന്ന സൂപ്പര്‍ ഒപെക്ക് സഖ്യമായി റഷ്യയും സൗദി അറേബ്യയും വളരുമെന്നാണ വിലയിരുത്തലുകള്‍.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് രൂപം കൊടുത്ത ഉല്‍പ്പാദനനിയന്ത്രണ കരാറിന്റെ തേരിലേറിയാണ് എണ്ണ വിപണി തിരിച്ചുകയറിയത്. ഇപ്പോള്‍ എണ്ണയുടെ വിലയില്‍ വന്ന ഈ വര്‍ധനവിനും കാരണം അതുതന്നെ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദന രാജ്യമായ റഷ്യയെ ഈ കരാറിന്റെ ഭാഗമാക്കാനും സൗദിയുടെ നയങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരാനും കഴിഞ്ഞതാണ് ഏറ്റവും നിര്‍ണായകമായി മാറിയത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം റഷ്യയും സൗദിയും നിശ്ചയിക്കുന്ന രീതിയില്‍ എണ്ണ വിപണിയുടെ അവസ്ഥ മാറി എന്നതാണ്. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തിലെ സ്ഥിരത തീരുമാനിക്കുന്നതിലും ഉറപ്പുവരുത്തുന്നതിലും പ്രധാന സ്വാധീനം ഈ രണ്ട് രാജ്യങ്ങള്‍ക്കുമാകും. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ റഷ്യക്കാകും. റഷ്യ ഒപെക്കിലെ അംഗമല്ലെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒപെക്കിനെ നിയന്ത്രിക്കുന്നതില്‍ റഷ്യക്ക് വലിയ പങ്കുണ്ട്.

സൗദിയില്‍ നിന്നും റഷ്യയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 24 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒപെക്കിനെ കവച്ചുവെക്കുന്ന മറ്റൊരു സംഘടന ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാല്‍ എണ്ണ വിപണിയെ അത് ഉടച്ചുവാര്‍ക്കും. പലതും റഷ്യയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. സൗദിയെ സംബന്ധിച്ചിടത്തോളം പുതിയ സംഘടനയില്‍ ഇറാന് തീരെ പ്രാധാന്യമുണ്ടാകില്ല എന്നത് ഗുണകരവുമാണ്. ഇനി ഇതെല്ലാം ട്രംപിന്റെ കൂടി അറിവോടെയാണോ അല്ലെയോ എന്ന കാര്യത്തിലേ സംശയമുള്ളൂ. ഈ നീക്കങ്ങളെല്ലാം ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇറാനു മേലുള്ള അമേരിക്കയുടെ ഉപരോധം എത്രനാള്‍ തുടുരമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ലാത്തത് കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാക്കുന്നു.

അതേസമയം എണ്ണ ആവശ്യകതയിലുണ്ടാകുന്ന സമാനതകളില്ലാത്ത വര്‍ധന കൂടുതല്‍ വിതരണം അനിവാര്യമാകും. ആവശ്യകതയ്ക്കനുസരിച്ചുള്ള വിതരണം ഉറപ്പാക്കാന്‍ ഒരു പരിധിക്കപ്പുറം റഷ്യക്കും സൗദിക്കും സാധിക്കില്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഇങ്ങനെ വന്നാല്‍ ഇപ്പോള്‍ വിദഗ്ധര്‍ പ്രവചിക്കുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ എണ്ണ വില 100 ഡോളറില്‍ എത്തിയേക്കാം.

എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ

എണ്ണ വില ബാരലിന് 100 ഡോളര്‍ ആകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എണ്ണ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ. രാജ്യം ശേഖരിച്ച് വെച്ചിട്ടുള്ള വില കുറഞ്ഞ ക്രൂഡ് ഉപയോഗപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് എണ്ണ വിലയിലെ വന്‍വര്‍ധന. ഈ വര്‍ഷം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനം വര്‍ധനയാണ് കണക്കാക്കപ്പെടുന്നത്.

ഇത് പരിഹരിക്കാനാണ് ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനം രാജ്യം കൈക്കൊള്ളുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇറക്കുമതിയില്‍ കുറവ് വരുത്തി ശേഖരിച്ചുവച്ച ക്രൂഡ് ഉപയോഗപ്പെടുത്തി ചെലവ് കുറയ്ക്കാനാണ് നീക്കം. എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ വിലയിലെ റോക്കറ്റ് വേഗത്തിലുള്ള വര്‍ധന അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ സാധ്യതകളെ വരെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

എന്നാല്‍ ഇറക്കുമതി കുറച്ച് ശേഖരത്തിലുള്ള ക്രൂഡ് ഉപയോഗപ്പെടുത്തുകയെന്നത് അല്‍പ്പം റിസ്‌ക് നിറഞ്ഞ തന്ത്രമാണ്. എണ്ണ വിലയിലെ വര്‍ധന ആഗോള വിപണിയില്‍ കുറേക്കാലത്തേക്ക് തുടര്‍ന്നാല്‍ ഈ തീരുമാനംകൊണ്ട് ഒരുപക്ഷേ വിചാരിച്ചത്ര പ്രയോജനം ലഭിച്ചെന്നുവരില്ല.

ഒപെക്ക് യോഗത്തിന്റെ സന്ദേശം

  • ട്രംപിന്റെ ഭീഷണിയനുസരിച്ച് എണ്ണ ഉല്‍പ്പാദനം കൂട്ടേണ്ടതില്ലെന്നാണ് ഞായറാഴ്ച്ചത്തെ ഒപെക്ക് യോഗത്തില്‍ തീരുമാനിച്ചത്
  • വിപണിയിലെ ആവശ്യതയനുസരിച്ചേ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന തീരുമാനമുണ്ടാകൂ
  • റഷ്യയും സൗദിയും തീരുമാനിക്കുന്നതനുസരിച്ചായിരിക്കും എണ്ണ വിപണിയുടെ ദിശ തീരുമാനിക്കപ്പെടുക
  • എപ്പോള്‍, എങ്ങനെ പ്രതികരിക്കണമെന്നത് തീരുമാനിക്കുന്ന തലത്തില്‍ റഷ്യയുടെ സ്വാധീനം വര്‍ധിച്ചു
  • ഒപെക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉല്‍പ്പാദകരാണ് ഇറാന്‍
  • ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക്ക് തീരുമാനിച്ചാല്‍ അത് വീറ്റോ ചെയ്യാനുള്ള നീക്കം ഇറാന്‍ നടത്തുമായിരുന്നു

Comments

comments

Tags: crude oil, OPEC