ഇന്‍സ്റ്റാഗ്രാമില്‍നിന്നും സ്ഥാപകര്‍ പടിയിറങ്ങുമ്പോള്‍

ഇന്‍സ്റ്റാഗ്രാമില്‍നിന്നും സ്ഥാപകര്‍ പടിയിറങ്ങുമ്പോള്‍

ഒരു ബില്യന്‍ യൂസര്‍മാര്‍ ഉപയോഗിക്കുന്ന ആപ്പ് എന്ന നിലയിലേക്ക് വളര്‍ന്ന ഇന്‍സ്റ്റാഗ്രാം, ആഗോളതലത്തില്‍ സാംസ്‌കാരിക വിപ്ലവത്തിനു തുടക്കമിട്ട ഒരു നവമാധ്യമം കൂടിയാണ്. കലാകാരന്മാരല്ലാത്തവര്‍ക്കു പോലും സര്‍ഗവൈഭവമുണ്ടെന്നു തോന്നിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിനു സാധിച്ചു. 2010-ല്‍ ഇന്‍സ്റ്റാഗ്രാമിനു രൂപംകൊടുത്ത കെവിന്‍ സിസ്റ്റ്‌റോമും, മൈക്ക് ക്രിഗെറും കമ്പനിയില്‍നിന്നും പടിയിറങ്ങുകയാണ്.

ഫേസ്ബുക്ക്, 2012-ല്‍ ഇന്‍സ്റ്റാഗ്രാമിനെ ഏറ്റെടുക്കുമ്പോള്‍ സ്വയംഭരണാവകാശം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാരം കുറച്ചു കൊണ്ടുവന്നു. അതാകട്ടെ, ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാപകരെ കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്താനും പ്രേരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം ലോഞ്ച് ചെയ്ത് എട്ട് വര്‍ഷത്തിനു ശേഷവും പിന്നീട് അത് ഫേസ്ബുക്കിന് വിറ്റതിന് ആറ് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്‍സ്റ്റാഗ്രാമിന്റെ സഹസ്ഥാപകരായ സിഇഒ കെവിന്‍ സിസ്റ്റ്‌റോമും, സിടിഒ മൈക്ക് ക്രിഗെറും കമ്പനിയില്‍നിന്നും പടിയിറങ്ങുകയാണെന്നതായിരുന്നു ഏവരെയും ഞെട്ടിപ്പിച്ച ആ വെളിപ്പെടുത്തല്‍. സ്ഥാപനം വിട്ടു പോകുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഫേസ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും അടുത്ത് നിരീക്ഷിച്ചവര്‍ക്കു ഇവരുടെ രാജി പ്രഖ്യാപനത്തില്‍ ഞെട്ടല്‍ തോന്നിയില്ലെന്നതാണു യാഥാര്‍ഥ്യം.

ഇന്‍സ്റ്റാഗ്രാമിന്റെ സ്വയംഭരണാവകാശത്തെ കുറിച്ച് ഈ വര്‍ഷം ആദ്യം ഇന്‍സ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും നേതൃത്വങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 2012-ലെ ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി, ഇന്‍സ്റ്റാഗ്രാമിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഫേസ്ബുക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മേയ് മാസം, ഇന്‍സ്റ്റാഗ്രാമിന്റെ ഹെഡ് ഓഫ് പ്രൊഡക്റ്റ്, കെവിന്‍ വെയ്‌ലിനെ ഫേസ്ബുക്കിന്റെ പുതിയ ബ്ലോക്ക് ചെയ്ന്‍ ടീമിലേക്കു നീക്കി. എന്നിട്ട് പ്രസ്തുത സ്ഥാനത്തേയ്ക്കു സുക്കര്‍ബെര്‍ഗിന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ ആദം മൊസേറിയെ തല്‍സ്ഥാനത്തു നിയമിക്കുകയും ചെയ്തു. പുതിയ നിയമനം നടന്നത്, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന ശീതയുദ്ധത്തിന്റെ പരിണിത ഫലമായിരുന്നു.
ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്റ്റോമും, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും തമ്മില്‍ എല്ലാ കാലത്തും ഊഷ്മളമായ സൗഹൃദം നിലനിന്നിരുന്നു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ അഭിപ്രയാങ്ങളാണു നയപരമായ കാര്യങ്ങളില്‍ ഇവര്‍ക്കുണ്ടായിരുന്നത്. വര്‍ഷത്തില്‍ ഏതാനും തവണ, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുമ്പ് ഇരുവരും തര്‍ക്കിക്കുന്നത് പതിവായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിന്റെയും, ഫേസ്ബുക്കിന്റെയും നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കം പതിവായതോടെ, ഏതാനും പേര്‍ രാജിവച്ച് ഒഴിയുകയുണ്ടായി. ഈ വര്‍ഷം ആദ്യം ഇന്‍സ്റ്റാഗ്രാമിന്റെ ഡയറക്ടര്‍ ഓഫ് പബ്ലിക് പോളിസി, നിക്കോള്‍ ജാക്‌സന്‍ കൊളാക്കോ കമ്പനി വിട്ടു പോവുകയുണ്ടായി. 2009 മുതല്‍ ഫേസ്ബുക്ക് പ്രൈവസി മാനേജറായും, 2013 മുതല്‍ ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് പോളിസി ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു നിക്കോള്‍. രണ്ടാഴ്ച മുമ്പ്, ഇന്‍സ്റ്റാഗ്രാമിന്റെ സിഒഒ മേണ്‍ ലിന്‍ ലിവൈന്‍, ഫേസ്ബുക്കിലേക്കു തിരികെ പോവുകയുണ്ടായി. ഏകോപിപ്പിക്കാന്‍ കഴിവുള്ളൊരു വ്യക്തിയെന്നാണ് ലിവൈന്‍ അറിയപ്പെട്ടിരുന്നത്. ലിവൈന്‍ ഇല്ലാതെ, ഇന്‍സ്റ്റാഗ്രാമിനെ നയിക്കാന്‍ സുക്കര്‍ബെര്‍ഗിന്റെ വലംകൈയ്യായ ആദം മൊസേറി അല്ലാതെ പ്രാപ്തിയുള്ള മറ്റൊരു വ്യക്തി ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഡക്റ്റ് തലവന്‍ എന്ന പുതിയ സ്ഥാനം ലഭിച്ചതില്‍ ആദം മൊസേറി തൃപ്തനല്ലെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ തന്നെ ഒരു ഉന്നത സ്ഥാനമാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് ഇന്‍സ്റ്റാഗ്രാമിന്റെ പ്രൊഡക്റ്റ് ഹെഡ് സ്ഥാനവും. ഇതാകട്ടെ, ഒരു പ്രോത്സാഹന സമ്മാനമായിട്ടാണു മൊസേറി കരുതുന്നത്. പക്ഷേ, തന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ മൊസേറിയെ ഇന്‍സ്റ്റാഗ്രാമിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതിലൂടെ സുക്കര്‍ബെര്‍ഗ്, ഇന്‍സ്റ്റാഗ്രാമിന്റെ സഹസ്ഥാപകരായ സിഇഒ കെവിന്‍ സിസ്റ്റ്‌റോമിനും, സിടിഒ മൈക്ക് ക്രിഗെറിനും പിന്‍ഗാമിയെ നിശ്ചയിക്കുകയായിരുന്നു.

ഇനി എന്ത് ?

ഒരു ബില്യന്‍ യൂസര്‍മാര്‍ ഉപയോഗിക്കുന്ന ആപ്പ് എന്ന നിലയിലേക്കു വളര്‍ന്ന്, വിപണിയിലെ പ്രതിയോഗിയായ സ്‌നാപ്ചാറ്റിനെ കീഴടക്കി, പരസ്യരംഗത്തെ ഏറ്റവും വലിയ ബിസിനസാക്കി ഇന്‍സ്റ്റാഗ്രാമിനെ മാറ്റിയെടുത്തതിനു ശേഷം അതിന്റെ സ്ഥാപകരായ കെവിന്‍ സിസ്റ്റ്‌റോമിനും, മൈക്ക് ക്രിഗെറിനും തങ്ങള്‍ കടമ പൂര്‍ത്തിയാക്കിയെന്നും, പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സമയമായെന്നും തോന്നുന്നുണ്ടാവണം. ഫേസ്ബുക്കിന്റെ നിര്‍ബന്ധിത നയങ്ങളോട് മല്ലിടുന്നതിനേക്കാള്‍ നല്ലത് പുതിയതായി എന്തെങ്കിലും കണ്ടെത്തുകയാണെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുകയുണ്ടായി. അറിയാനുള്ള ആഗ്രഹം, സര്‍ഗാത്മകത എന്നിവയ്ക്കു വേണ്ടി സഞ്ചരിക്കാന്‍ പോവുകയാണെന്നും ഇരുവരും പറഞ്ഞു.
‘പുതിയ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ഞങ്ങള്‍ക്ക് പിന്നിലേക്ക് നടക്കേണ്ടതുണ്ട്. എന്തായിരുന്നു ഞങ്ങളെ പ്രചോദിപ്പിച്ചതെന്ന് മനസിലാക്കേണ്ടതുണ്ട്. ഇങ്ങനെ മനസിലാക്കിയ കാര്യങ്ങളെ ലോകത്തിന് ആവശ്യമുള്ള കാര്യങ്ങളുമായി ഇണങ്ങുന്നതാണോ എന്നു പരിശോധിക്കേണ്ടതുണ്ട് ‘ പോസ്റ്റില്‍ ഇരുവരും കുറിച്ചു.

കെവിന്‍ സിസ്റ്റ്‌റോമും മൈക്ക് ക്രിഗെറും തീര്‍ത്ത ലെഗസി

ഒരുപക്ഷേ, കെവിന്‍ സിസ്റ്റ്‌റോമിന്റെയും മൈക്ക് ക്രിഗെറിന്റെയും ലെഗസി, ഇന്‍സ്റ്റാഗ്രാമിലൂടെ ആഗോള സംസ്‌കാരത്തെ മാറ്റി മറിച്ചു എന്നതിലായിരിക്കും. കലാകാരന്മാരല്ലാത്തവര്‍ക്കു പോലും സര്‍ഗവൈഭവമുണ്ടെന്നു തോന്നിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിനു സാധിച്ചു. അതേസമയം ‘ലൈക്കു’കള്‍ക്കു വേണ്ടിയുള്ള ആസക്തി, നിരവധി പേരെ അവരുടെ ഓണ്‍ലൈന്‍ വ്യക്തിത്വത്തിനു നിറമേകാനും പ്രേരിപ്പിച്ചു. ദുഖങ്ങളും വൈകല്യങ്ങളും മറച്ചുവച്ചു കൊണ്ടാണ് ഇത്തരത്തില്‍ പലരും ഓണ്‍ലൈനില്‍ ചായം പൂശിയ വ്യക്തിത്വമായി മാറിയത്. ഒരുപക്ഷേ കെവിന്‍ സിസ്റ്റ്‌റോമിന്റെയും മൈക്ക് ക്രിഗെറിന്റെയും പുതിയ പദ്ധതി, തങ്ങളുടെ സൃഷ്ടികളിലൂടെ സമൂഹത്തിലുണ്ടായ വൈകൃതങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിവുള്ളതായിരിക്കും. അതുമല്ലെങ്കില്‍ കലാസൃഷ്ടികളിലൂടെയും, സ്വയം പ്രകടനത്തിലൂടെയും ആളുകളെ ഒരുമിപ്പിക്കാന്‍ സാധിക്കുന്ന ഒന്നായിരിക്കും.

ഇന്‍സ്റ്റാഗ്രാം

സൗജന്യമായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിനായി 2010 ഒക്ടോബറില്‍ പുറത്തിറങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റാണ് ഇന്‍സ്റ്റാഗ്രാം. ക്രമേണ മെസേജിംഗ്, ഹ്രസ്വ വീഡിയോ, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഐജിടിവി എന്ന സ്ട്രീമിംഗ് മൊബൈല്‍ വീഡിയോ സര്‍വീസ് തുടങ്ങിയ ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂട്ടിച്ചേര്‍ത്തു. കെവിന്‍ സിസ്റ്റ്‌റോമും മൈക്ക് ക്രിഗെറും ചേര്‍ന്നാണ് ഇന്‍സ്റ്റാഗ്രാം രൂപീകരിച്ചത്. 2012 ഏപ്രില്‍ 12ന് ഇന്‍സ്റ്റാഗ്രാമിനെ ഫേസ്ബുക്ക് സ്വന്തമാക്കി. ഒരു ബില്യണ്‍ ഡോളറിനാണു ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. കരാര്‍ പ്രകാരം ഇന്‍സ്റ്റാഗ്രാം പ്രത്യേകമായി പ്രവര്‍ത്തിക്കുമെന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നു.

Comments

comments

Categories: Slider, Tech
Tags: Instagram