ഐഎല്‍&എഫ്എസിന് നല്‍കാനുള്ളത് 425 കോടി മാത്രം: എന്‍എച്ച്എഐ

ഐഎല്‍&എഫ്എസിന് നല്‍കാനുള്ളത് 425 കോടി മാത്രം: എന്‍എച്ച്എഐ

ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് (ഐഎല്‍&എഫ്എസ്) 425 കോടി രൂപ മാത്രമാണ് കൊടുത്തു തീര്‍ക്കാനുള്ളതെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വ്യക്തമാക്കി. അടിസ്ഥാന വികസന കമ്പനിയായ ഐഎല്‍&എഫ്എസ് 4,000 കോടി രൂപയുടെ അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് കണക്കുകള്‍ വ്യക്തമാക്കി എന്‍എച്ച്എഐ മുന്നോട്ട് വന്നിരിക്കുന്നത്. കടക്കെണിയില്‍ പെട്ട ഐഎല്‍&എഫ്എസും ഉപകമ്പനികളും അടുത്തിടെ വലിയ ബാങ്ക് വായ്പാ കുടിശികകള്‍ വരുത്തിയിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ 16,000 കോടി രൂപയോളം തന്നു തീര്‍ക്കാനുണ്ടെന്നാണ് കമ്പനി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്.

മൊറാദാബാദ്-ബറേലി എക്‌സ്പ്രസ്‌വേ പദ്ധതിയുടെ നിര്‍മാണ ചെലവ് വര്‍ധിച്ചതിനാല്‍ സര്‍ക്കാരിന്റെ ഹൈവെ നിര്‍മാണ വിഭാഗമായ എന്‍എച്ച്എഐ 425 കോടി രൂപയുടെ ധനസഹായത്തിനുള്ള കരാറില്‍ ഐഎല്‍&എഫ് എസുമായി ഒപ്പിട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇത്രയും തുകമാത്രമാണ് തങ്ങള്‍ക്ക് ബാധ്യതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നാല് ദേശീയ പാതാ പദ്ധതികള്‍ നടപ്പിലാക്കിയ വകയില്‍ എന്‍എച്ച്എഐ വക 4,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കമ്പനി അവകാശവാദമുന്നയിച്ചിരിക്കുന്നത്.

വ്യവഹാര കോടതിയില്‍ അവകാശവാദം ഉന്നയിക്കുന്ന കമ്പനികള്‍ക്ക് ശരാശരി 25 മുതല്‍ 30 ശതമാനം വരെ തുകയാണ് അനുവദിച്ച് കിട്ടിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് പ്രകാരം 1,200 കോടി രൂപയില്‍ കൂടുതല്‍ ഐഎല്‍&എഫ്എസിന് വ്യവഹാരത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കില്ല. നിലവില്‍ 39,000 കോടി രൂപയുടെ ബാധ്യതകളുള്ള ഐഎല്‍ആന്‍ഡ് എഫ്എസിന് 65000 കോടി രൂപയുടെ ദീര്‍ഘകാല കടബാധ്യതയാണ് കണക്കാക്കുന്നത്.

Comments

comments

Categories: FK News
Tags: IL&FS