ദിശാബോധവും ആഗ്രഹങ്ങളുമറ്റ ഇന്ത്യന്‍ കായികരംഗം

ദിശാബോധവും ആഗ്രഹങ്ങളുമറ്റ ഇന്ത്യന്‍ കായികരംഗം

ലോക കായിക വേദികളില്‍ എന്നും ഏറെ പിന്നിലായി ഫിനിഷ് ചെയ്യുന്ന പാരമ്പര്യം ഇന്ത്യ നിലനിര്‍ത്തുന്നത് കണ്ടാണ് ജക്കാര്‍ത്ത ഏഷ്യാഡിനും തിരശീല വീണത്.അറുപതുകളില്‍ ഇന്ത്യയോടൊപ്പം നിന്നിരുന്ന ചൈനയടക്കമുള്ള രാജ്യങ്ങള്‍ കായികരംഗത്ത് നിസ്സീമമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു. ജൈവികമായി കായികക്ഷമത കുറഞ്ഞ മനുഷ്യ വര്‍ഗമാണ് ഇന്ത്യക്കാരെന്ന തൊടുന്യായങ്ങള്‍ക്കിടെ സ്വപ്‌ന ബര്‍മനെ പോലെയുള്ള പ്രതിഭകളുടെ മിന്നലാട്ടവും ജക്കാര്‍ത്ത നമുക്കൊരുക്കി. ക്രിക്കറ്റിലും മറ്റും നാം പ്രകടിപ്പിക്കുന്ന ഔന്നത്യം കായികക്ഷമത സംബന്ധിച്ച അവകാശവാദങ്ങളെ ഖണ്ഡിക്കുന്നതാണ്. ഇന്ത്യന്‍ കായികരംഗത്തിന്റെ നിസാരമായ മുന്നേറ്റത്തിന്റെ കാരണങ്ങള്‍ തേടുകയാണ് ലേഖകന്‍.

ബിനു കെ ജോണ്‍

 

അടുത്തിടെ സമാപിച്ച ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് ശേഷം അത്യാഹ്ലാദത്തിന്റെ അന്തരീക്ഷമാണ് ഇന്ത്യന്‍ കായിക രംഗത്ത് രൂപപ്പെട്ടിരിക്കുന്നത്. പക്ഷേ, സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍, വാസ്തവത്തില്‍ വ്യസനിക്കുവാനും നിരവധി കാരണങ്ങളുണ്ടെന്ന് കാണാനാവും. അത്‌ലറ്റിക് ട്രാക്കിലെയും ഫീല്‍ഡിലെയും പ്രകടനം തീര്‍ച്ചയായും സന്തോഷത്തിന് വക നല്‍കുന്നതാണ്. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോല്‍ ഇന്ത്യന്‍ കായികരംഗം ദീര്‍ഘകാലമായി എവിടെ നില്‍ക്കുന്നുവോ അവിടെ തന്നെ തുടരുകയാണ്. 1960ലെ റോം ഒളിമ്പിക്‌സ് മുതല്‍ വളരെ നേരിയ മെച്ചപ്പെടല്‍ മാത്രമാണ് ഇന്ത്യയ്ക്കുണ്ടായിട്ടുള്ളത്. ജക്കാര്‍ത്തയില്‍ ഇന്ത്യ വളരെ നന്നായി പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാനിടയായതിന്റെ ഒരു കാരണവും ഇതാവാം. 1951ലെ ആദ്യ ഏഷ്യാഡിലേതിന് തുല്യമായ മെഡല്‍ നേട്ടമാണ് നാം കൈവരിച്ചത്. ഇത്തരം അധഃപതനങ്ങളും ആഘോഷങ്ങള്‍ക്ക് വകയേകുകയാണോ എന്ന് തോന്നിപ്പോകും.

കായിക രംഗത്തെ ഇന്ത്യയുടെ പിന്നോട്ടുള്ള സഞ്ചാരത്തെ സൂചിപ്പിക്കുന്ന ചില ചെറിയ കണക്കുകളുണ്ട്. 1960ലെ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സമാനമായി ഒരു വെള്ളി മെഡല്‍ മാത്രമായിരുന്നു ചൈനയുടെ സമ്പാദ്യം. അതിന് ശേഷം അന്‍പത് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ചൈനയുടെ സ്ഥിതി എവിടെയാണെന്ന് കാണുക. 2000ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ ചൈന 28 സ്വര്‍ണ മെഡലുകള്‍ നേടി. ഇന്ത്യക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ചിത്രമാണിത്. വികസിതവും വികസ്വരവുമായ മറ്റ് രാജ്യങ്ങളും തുല്യമായ പ്രകടനം കാഴ്ചവെച്ചു.

കായിക പ്രകടനവും പ്രതിശീര്‍ഷ ജിഡിപിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. എല്ലാ ദക്ഷിണേഷ്യന്‍ ശക്തികളും കായിക നേട്ടങ്ങളില്‍ ഇന്ത്യയേക്കാള്‍ മികച്ച നേട്ടമുണ്ടാക്കാനുള്ള കാരണവുമിതാണ്.

ശക്തമായ ഇസ്ലാമിക ആചാരങ്ങളുള്ള, കായിക രംഗത്ത് സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ലാത്ത, ഒരു ചെറിയ രാജ്യമായ ഇന്തോനേഷ്യ 2018ലെ ഏഷ്യാഡില്‍ 31 സ്വര്‍ണമുള്‍പ്പെടെ 98 മെഡലുകളാണ് നേടിയത്. യുഎസിന്റെ കടുത്ത സാമ്പത്തിക ഉപരോധം നേരിടുന്ന ഇറാന്‍ പോലും 20 സ്വര്‍ണമുള്‍പ്പെടെ 62 മെഡലുകള്‍ കൈക്കലാക്കി. വര്‍ഷങ്ങളായി ഏകാധിപത്യ ഭരണം നടക്കുന്ന, അടിസ്ഥാന സ്വാതന്ത്ര്യം പോലും ആളുകള്‍ക്ക് നിഷേധിച്ചിട്ടുള്ള ഉത്തര കൊറിയ 12 സ്വര്‍ണ മെഡലുകള്‍ ഉള്‍പ്പെടെ 37 മെഡലുകള്‍ നേടി പത്താം സ്ഥാനത്തെത്തി. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകളോടെ ഇന്ത്യക്ക് ലഭിച്ചത് എട്ടാം സ്ഥാനമാണ്്.

പങ്കെടുക്കാനെത്തിയ അമേരിക്കന്‍ കായിക താരങ്ങളില്‍ 21.5 ശതമാനം ആള്‍ക്കാരും സ്വര്‍ണം നേടിയെന്നും അതേ സമയം ചൈനയുടെ കാര്യത്തില്‍ ഇത് 24.8 ശതമാനമാണെന്നും റിയോ ഒളിമ്പിക്‌സിന്റെ ഒരു വിശകലനം കാണിക്കുന്നു. ഈ കാര്യത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ മൈനസ് 1.7 ആയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഈ ഡാറ്റ അല്‍പം കൂടി മെച്ചപ്പെട്ടതായിരുന്നു. എന്നാല്‍ വലിപ്പവും സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം പ്രകടനമാണ് ഒരു കായിക രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കുള്ളതെന്ന സത്യത്തെ ഒളിച്ചുവെക്കാന്‍ ഒന്നിനുമാവില്ല.

ഹെപ്റ്റാത്തലോണ്‍ സ്വര്‍ണ മെഡല്‍ ജേതാവായ സ്വപ്‌ന ബര്‍മാന്റേത് പോലെ വല്ലപ്പോഴുമുള്ള നേട്ടങ്ങളെ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ സ്വയം ആശ്വസിക്കുന്നത്. നമുക്ക് ഉയര്‍ന്ന ആഗ്രഹങ്ങളും ഉന്നതമായ പ്രകടനവും വലിയ പദ്ധതികളുമില്ലെന്നതും വളരെ ദുര്‍ബലമായ തന്ത്രമാണുള്ളതെന്നുമാണ് വാസ്തവം. കായിക വളര്‍ച്ചയെ അസ്ഥിരപ്പെടുത്തുന്നത് ഇവയെല്ലാം ചേര്‍ന്നാണ്.

ഫണ്ട്, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ് കായിക രംഗത്തെ മികവ്. വികസിത രാഷ്ട്രങ്ങള്‍ എല്ലായ്‌പ്പോഴും മുകളിലെത്തുന്നതിനുള്ള കാരണവും ഇതാണ്. എപ്പോഴും മികവ് പ്രകടിപ്പിക്കാനുള്ള തീവ്രമായ ദേശീയ ആഗ്രഹവും അവിടങ്ങളിലുണ്ട്. ഇടത്തരം നിലകൊണ്ട് എളുപ്പത്തില്‍ സംതൃപ്തി നേടുന്ന ഇന്ത്യയിലാകട്ടെ ഈ വികാരം തീര്‍ത്തും ഇല്ല.

ഓസ്‌ട്രേലിയയെ നോക്കുക, അവിടുത്തെ ഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ ജീവിതം ചെലവഴിക്കുന്നത് വീടിന് പുറത്തും, സൈക്കഌംഗിലും, ഓട്ടത്തിലും, നീന്തലിലും അല്ലെങ്കില്‍ പാര്‍ക്കിലുമാണ്. ഇന്ത്യയില്‍ ഇത്തരം പ്രവര്‍ത്തികള്‍ നിരുത്സാഹപ്പെടുത്തുകയോ ചിലപ്പോള്‍ ശിക്ഷിക്കപ്പെടുകയോ പോലും ചെയ്യുന്നു. 2017 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ വര്‍ത്തമാന പത്രമായ ‘ദി വീക്കെന്‍ഡ്’ല്‍ വന്ന ഒരു ലേഖനത്തില്‍ കായിക മേഖലയില്‍ ഫണ്ട് ചെലവഴിക്കുന്നത് കുറഞ്ഞെന്നും അതുകൊണ്ടാണ് ഏഥന്‍സ് ഒളിമ്പിക്‌സില്‍ നേടിയ 17 സ്വര്‍ണം റിയോയില്‍ എട്ടായി കുറഞ്ഞതെന്നും നിക്കോള്‍ ജെഫ്രി പരിതപിക്കുന്നു.

ഓസ്‌ട്രേലിയന്‍ ജനസംഖ്യ വെറും 22 ദശലക്ഷം (കേരളത്തേക്കാള്‍ 10 ദശലക്ഷം കുറവ്) ആണ്. യുകെയുടെ 334 മില്യണ്‍ ഡോളറും, ജര്‍മ്മനിയുടെ 275 മില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തിയാല്‍ ഓസ്‌ട്രേലിയയുടെ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് ആസൂത്രണത്തിനുള്ള നാലുവര്‍ഷ ബജറ്റ് 198 മില്യണ്‍ ഡോളറാണ്. ഇതേ ഇനത്തില്‍ വര്‍ഷം തോറും യുകെയുടെ ബജറ്റിന്റെ നാലിലൊന്ന് ഇന്ത്യ ചെലവഴിക്കുന്നുവെന്ന് ഇന്ത്യാസ്‌പെന്‍ഡ്.കോം വെബ്‌സൈറ്റ് പറയുന്നു. അതായത് ഏകദേശം 8 രൂപയുടെ പ്രതീര്‍ഷ ചെലവിടല്‍.

ഇന്ത്യയുടെ ദാരിദ്ര്യ ദുസ്ഥിതിയിലും (ദാരിദ്ര്യ രേഖയ്ക്ക് താഴെ 20 കോടി ആളുകള്‍) സ്വപ്ന ബര്‍മനെ പോലെയുള്ള സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ സ്വയം ഉയര്‍ന്നുവരുന്നുവെന്നത് ശ്രദ്ധേയമാണ്. ‘ക്വസ്റ്റ് ഫോര്‍ ഗോള്‍ഡ്’ പോലുള്ള പരിപാടികളിലൂടെ സ്വകാര്യ മേഖലയും ഇപ്പോള്‍ കായിക രംഗത്ത് ഫണ്ടിംഗുമായി കടന്നു വരുന്നുണ്ട്. ഏഷ്യന്‍ ഗെയിംസിലെ പാതിയോളം മെഡലുകള്‍ ഇതിലൂടെ കൈവന്നതാണ്. അതേസമയം, പൊതുവായ കാര്യക്ഷമതയില്ലായ്മയും സര്‍ക്കാരിന്റെ അലസമായ ചട്ടങ്ങളും എല്ലായിടത്തും വിലങ്ങുതടികള്‍ സൃഷ്ടിക്കുന്നുണ്ട്. അധികാര വര്‍ഗ്ഗത്തിന്റെ ഹൃദയശൂന്യത മൂലം മെഡലുകള്‍ നേടാന്‍ സാധ്യതയുണ്ടായിരുന്ന നൂറുകണക്കിന് കായിക താരങ്ങളാണ് പാതിവഴിയില്‍ വീണു പോയത്.

ഏഷ്യയിലെ ചെറു രാജ്യങ്ങളും ജക്കാര്‍ത്തയില്‍ ഇന്ത്യയെ ലജ്ജിപ്പിച്ചിരിക്കുന്നു. കായിക രംഗത്തെ വളരെ നന്നായി കൈകാര്യം ചെയ്യുന്ന രാജ്യങ്ങളാണ് ഇവയൊക്കെ. ഫുട്‌ബോള്‍ അസോസിയേഷന്റെ ചുമതലയില്‍ രാഷ്ട്രീയക്കാരന്‍ മാത്രമായ ഒരു പ്രഫുല്‍ പട്ടേലിനെ നിങ്ങള്‍ക്ക് അവിടങ്ങളില്‍ കാണാന്‍ സാധിക്കില്ല. ജക്കാര്‍ത്തയിലേക്ക് പോയ ദേശീയ കായിക സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് പോലും ഒരു രാഷ്ട്രീയ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് ടീമിനൊപ്പം പോയില്ല.

ഒരു കാലത്ത് ലോക ഹോക്കിയിലെ മുടിചൂടാ മന്നന്‍മാരായിരുന്ന നമുക്ക് ഇപ്പോള്‍ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനായി യോഗ്യതാ റൗണ്ടുകള്‍ കളിക്കേണ്ട സാഹചര്യമെത്തി. മെച്ചപ്പെട്ട തന്ത്രത്തിന്റെ അഭാവം മൂലം ഹോക്കിയിലെ നാം പിന്തള്ളപ്പെട്ടു. ജക്കാര്‍ത്തയില്‍, മലേഷ്യന്‍ ഗോള്‍കീപ്പറുടെ ചലന രീതികള്‍ നാം മനസിലാക്കേണ്ടിയിരുന്നു. ഇന്ത്യന്‍ കോച്ച് ഹരീന്ദര്‍ സിംഗിന്റെ പക്കല്‍ അത്തരത്തിലുള്ള ഒരു ഡാറ്റയുമുണ്ടാവില്ലെന്ന് ഉറപ്പാണ്. 13,000 പെനാല്‍റ്റി കിക്കുകളുടെ ഒരു ഡാറ്റാബേസ് ജര്‍മ്മന്‍ ടീം മാനേജ്‌മെന്റിന്റെ കൈയിലുണ്ടെന്ന് സോക്കര്‍ണോമിക്‌സില്‍ രചയിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവില്‍ ക്രിക്കറ്റിന് ഒരു ഉന്നത പരിശീലന കേന്ദ്രം ഉണ്ട്. എന്നാല്‍ മറ്റൊരു കായിക ഇനത്തിനും ഒരു ഉന്നത പ്രകടന കേന്ദ്രം രാജ്യത്തില്ല. ഇത്തരം കേന്ദ്രങ്ങളില്ലാതെ കളിക്കാര്‍ക്ക് മികച്ച പരിശീലനം, ഡാറ്റ വിശകലനം, ഉയര്‍ന്ന തലത്തിലുള്ള പരിശീലകരുടെ നിയമനം, ഉന്നത ലക്ഷ്യം സൃഷ്ടിക്കല്‍ തുടങ്ങിയവയൊന്നും സംഭവിക്കില്ല. ടോക്കിയോ ഒളിമ്പിക്‌സ് 2020 നമ്മളെ സംബന്ധിച്ച് ഒരു ആവര്‍ത്തന കഥയായിരിക്കും. ചിന്തിക്കുക, ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധരായ അത്‌ലറ്റുകള്‍-മില്‍ഖ സിംഗ്, പിടി ഉഷ-ഒളിമ്പിക്‌സ് മെഡല്‍ നഷ്ടപ്പെട്ടവരാണ്.

(ന്യൂഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന കായിക പത്രപ്രവര്‍ത്തകനാണ് ലേഖകന്‍; കടപ്പാട്: ഐഎഎന്‍എസ്)

Comments

comments

Categories: FK Special, Slider

Related Articles