ഇന്ത്യയും യുഎസ്ടിആര്‍ അംഗങ്ങളും ചര്‍ച്ച നടത്തി

ഇന്ത്യയും യുഎസ്ടിആര്‍ അംഗങ്ങളും ചര്‍ച്ച നടത്തി

വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇരു രാഷ്ട്രങ്ങളും തുടരുകയാണ്

ന്യൂഡെല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യുഎസ് ട്രേഡ് റെപ്രസെന്ററ്റിവിലെ( യുഎസ്ടിആര്‍) മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര വാണിജ്യവകുപ്പ് ഉദ്യോഗസ്ഥരമായി തിങ്കളാഴ്ച ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായും ആശങ്കകള്‍ അകറ്റുന്നതിനായുമാണ് ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയത്. എല്ലാ മാസവും നടക്കാറുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയെന്ന്് വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വാള്‍നട്ട്, ബദാം, ചില ധാന്യ വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പടെ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധന നടപ്പാക്കുന്നത് രണ്ടാം തവണയും ഇന്ത്യ നീട്ടി വെച്ചതിനു പിന്നാലെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. നവംബര്‍ 2 നാണ് പുതിയ ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരിക.
ഇന്ത്യ സംഘടിപ്പിക്കുന്ന ട്രേഡ് പോളിസി ഫോറം, ഈ വര്‍ഷം നടക്കാനിരിക്കുന്നുന്ന ഇന്ത്യ-യുഎസ് വാണിജ്യ ഉച്ചകോടി എന്നിവയ്ക്ക് മുന്നോടിയായി നടക്കുന്ന ഈ സന്ദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും ഏറെ പ്രധാന്യമുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദക്ഷിണ, മധ്യേഷ്യന്‍ വിഭാഗത്തിനായുള്ള യുഎസ് പ്രതിനിധി മാര്‍ക്ക് ലിന്‍സ്‌കോട്ടും ഡെപ്യൂട്ടി യുഎസ്ടിആര്‍ ജെഫ്രി ഡി ഖെരിഷ് എന്നിവര്‍ ഉടനെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും വ്യാപാരസംബന്ധമായ ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നികുതി വര്‍ധിപ്പിച്ചതും യുഎസിന്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്(ജിഎസ്പി)പ്രകാരം ഇന്ത്യന്‍ കയറ്റുമതിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടരുന്നതുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചയിലെ പ്രധാന വിഷയം.

Comments

comments

Categories: Business & Economy
Tags: USTR