അതിവേഗം ബഹുദൂരം പോകാന്‍ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെ

അതിവേഗം ബഹുദൂരം പോകാന്‍ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെ

ഇന്ത്യ എക്‌സ് ഷോറൂം വില 15.20 ലക്ഷം രൂപ ; റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ റൈഡിംഗ് മോഡുകള്‍ ലഭിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെ അവതരിപ്പിച്ചു. 15.20 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉല്‍സവ സീസണ്‍ പ്രമാണിച്ചാണ് സ്‌പെഷല്‍ എഡിഷന്‍ വേര്‍ഷന്‍ കൊണ്ടുവന്നിരിക്കുന്നത്. ഡുകാറ്റി കോഴ്‌സെ മോട്ടോജിപി നിറങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട ലിവറിയാണ് 959 പാനിഗാലെ കോഴ്‌സെയുടെ സവിശേഷത. ഡുകാറ്റിയുടെ ഡെസ്‌മോസെഡിസി ജിപി 18 ബൈക്കുകളില്‍ ഈ പെയിന്റ് സ്‌കീം കാണാം.

പുതിയ പെയിന്റ് സ്‌കീം കണക്കിലെടുത്ത് കോണ്‍ട്രാസ്റ്റ് ബ്ലാക്ക് വീലുകളിലാണ് സ്‌പെഷല്‍ എഡിഷന്‍ പതിപ്പായ കോഴ്‌സെ വരുന്നത്. 959 പാനിഗാലെ കോഴ്‌സെയുടെ ബുക്കിംഗ് ആരംഭിച്ചതായി ഡുകാറ്റി ഇന്ത്യ അറിയിച്ചു. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ ഏകദേശം 67,000 രൂപ അധികം വില വരും. പെയിന്റ് സ്‌കീം ഒഴിച്ചുനിര്‍ത്തിയാല്‍, മെക്കാനിക്കല്‍ മാറ്റങ്ങളില്ല. യൂറോ 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 955 സിസി സൂപ്പര്‍ക്വാഡ്രോ എന്‍ജിനാണ് സൂപ്പര്‍സ്‌പോര്‍ടിന് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 10,500 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 102 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

ഡുവല്‍ ചാനല്‍ ബോഷ് എബിഎസ് 9എംപി, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡുകാറ്റി ക്വിക്ക് ഷിഫ്റ്റ്, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ തുടങ്ങിയവ ഡുകാറ്റി 959 പാനിഗാലെ കോഴ്‌സെയുടെ സവിശേഷതകളാണ്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കും. ഉപയോക്താക്കള്‍ക്കായി ഡുകാറ്റി ഈയിടെ ഡിആര്‍ഇ (ഡുകാറ്റി റൈഡിംഗ് എക്‌സ്പീരിയന്‍സ്) ട്രാക്ക് ഡേകള്‍ പ്രഖ്യാപിച്ചിരുന്നു. ഒക്‌റ്റോബര്‍ 13, 14 തിയ്യതികളിലാണ് ട്രാക്ക് ദിനങ്ങള്‍. ട്രാക്ക് ദിനങ്ങളില്‍ 959 പാനിഗാലെ കോഴ്‌സെ പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Auto
Tags: Ducati