ചൈനീസ് ഇറക്കുമതി മാനുഫാക്ച്ചറിംഗ് മേഖലകളെ ബാധിക്കുന്നു

ചൈനീസ് ഇറക്കുമതി മാനുഫാക്ച്ചറിംഗ് മേഖലകളെ ബാധിക്കുന്നു

എംഎസ്എംഇ യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് ബാങ്കിംഗ് മേഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചത് രാജ്യത്തെ മാനുഫാക്ച്ചറിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്നതിന് കാരണമായെന്ന് വാണിജ്യകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് (എംഎസ്എംഇ) ഇത് പ്രത്യേകിച്ച് ബാധിക്കുകയെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ‘ഇന്ത്യന്‍ വ്യവസായത്തെ സ്വാധീനിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍’ എന്ന പേരില്‍ ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
തൊഴില്‍ ശക്തി കൂടുതലായി വേണ്ട വസ്ത്ര നിര്‍മാണം, സ്റ്റീല്‍, ഊര്‍ജം തുടങ്ങിയ മേഖലകളിലാണ് ചൈനീസ് ഇറക്കുമതി സാരമായി ബാധിച്ചിരിക്കുന്നത്. ഇറക്കുമതി വര്‍ധിക്കുന്നത് എഎസ്എംഇ കമ്പനികളുടെ അടച്ചുപൂട്ടിലിനും വഴിവെക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ കാര്യത്തില്‍ ഇതാണ് അവസ്ഥ. ചൈനീസ് ഇറക്കുമതി വര്‍ധിച്ചത് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്രേഡിന്റെ 200 സീരിസിലുള്ള മാനുഫാക്ച്ചറിംഗ് കമ്പനികളെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാപാര പങ്കാളികളുടെ നീതിയുക്തമല്ലാത്തതും ക്രമവിരുദ്ധമായതുമായ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷണവാദ നടപടികളില്‍ നിന്നും പ്രാദേശിക വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഇത് ഫലപ്രദമാണെന്ന് കരുതാനാവില്ല. നിലവില്‍ 75-80 ശതമാനം ചൈനീസ് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്കും ആന്റി-ഡംപിംഗ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി എട്ട് ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്. ഇന്ത്യ ചുമത്തിയിരിക്കുന്ന ആന്റിഡഡംപിംഗ് ഡ്യൂട്ടി നടപടികള്‍ ഫലപ്രദമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ റിപ്പോര്‍ട്ടില്‍ ചില നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന ശക്തമായി നടത്തണം. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക നിലവാരം പരിശോധിക്കുന്നതിന് ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡേഴ്‌സ്, കംപല്‍സറി രജിസ്‌ട്രേഷന്‍ ഓര്‍ഡേഴ്‌സ് എന്നിവ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സമിതി പറയുന്നു.
വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുന്നത് ബാങ്കിംഗ് മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വലിയ തോതില്‍ നിഷ്‌ക്രിയാസ്തികള്‍ വഹിക്കുന്ന ബാങ്കുകള്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2007-08 മുതല്‍ 2017-18 വരെയുള്ള കാലയളവില്‍ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ 2.5 ബില്യണ്‍ ഡോളറിന്റെ വര്‍ധന മാത്രമാണ് ഉണ്ടായത്. അതേസമയം, ഇക്കാലയളവില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ധന ഉണ്ടായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy