ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

40 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍

കൊച്ചി: രാജ്യത്തെ ചെറുകിട വായ്പകളില്‍ 40 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു വലിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വായ്പയെടുത്തവരുടെ 32 ശതമാനവും രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനവും ഈ മേഖലയില്‍ നിന്നാണ്.

2018 ജൂണിലെ കണക്കുകള്‍ പ്രകാരം ചെറുകിട വായ്പകള്‍ ഏറ്റവും കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ് – 5,502 ബില്യണ്‍ രൂപ. രാജ്യത്തെ ചെറുകിട വായ്പകളുടെ ഏതാണ്ട് 20 ശതമാനത്തോളം വരും ഇത്. രണ്ടാമത് തമിഴ്‌നാട്ടില്‍ 2,774 ബില്യണ്‍ രൂപയും കര്‍ണാടകത്തില്‍ 2,749 ബില്യണ്‍ രൂപയുമാണുളളത്. ആകെയുള്ള ചെറുകിട വായ്പാ തുകകളുടെ 76 ശതമാനം വരുന്ന 21,274 കോടി രൂപയും പത്ത് വലിയ സംസ്ഥാനങ്ങളിലായാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ചെറുകിട വായ്പകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇന്ത്യയിലെ നഗരവല്‍കൃത മേഖലകളാണെന്നു വ്യക്തമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ വൈസ് പ്രസിഡന്റ് യോഗേന്ദ്ര സിന്‍ഹ പറഞ്ഞു. ഈ മൂന്നു സംസ്ഥാനങ്ങളിലും കൂടുതല്‍ നഗര പ്രദേശങ്ങളുണ്ടെന്നും അവിടെ കൂടുതല്‍ വികസന സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ 2017 ലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 2018 രണ്ടാം ത്രൈമാസത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ ഇത് 43 ശതമാനവും ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ കാര്യത്തില്‍ 42 ശതമാനവുമാണ്.

Comments

comments

Categories: Entrepreneurship