ഉന്നത വിദ്യാഭ്യാസത്തിനായി തുടങ്ങാം എസ്‌ഐപികള്‍

ഉന്നത വിദ്യാഭ്യാസത്തിനായി തുടങ്ങാം എസ്‌ഐപികള്‍

അനുദിനം ചെലവേറുന്ന ഉന്നതവിദ്യാഭ്യാസം ശരാശരി രക്ഷിതാക്കളുടെ മനസില്‍ ആശങ്കകളുയര്‍ത്തുന്ന സമയമാണിത്. വരാനിരിക്കുന്ന ദശകത്തില്‍ പണപ്പെരുപ്പം കൂടുന്നതിനനുസരിച്ച് വിദ്യാഭ്യാസ ചെലവുകള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ധിക്കുമെന്നും അനുമാനിക്കപ്പെടുന്നു. ഈ ചെലുകളെ നേരിടാനുള്ള സമ്പാദ്യം, കുട്ടി ജനിക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്നതാണ് ഉചിതം. എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ഇതിന് ഏറ്റവും അനുയോജ്യമായ പദ്ധതികളിലൊന്നാണെന്ന് ശുപാര്‍ശ ചെയ്യുകയാണ് ലേഖകന്‍.

 

കുട്ടികളുടെ ഭാവിയെക്കുറിച്ചാണ് ഇപ്പോള്‍ ഓരോ രക്ഷിതാവിന്റെയും ചിന്ത. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നമുക്ക് എങ്ങിനെ നിക്ഷേപിക്കാം എന്നു ചിന്തിക്കാനുള്ള ഏറ്റവും പറ്റിയ സമയമാണിപ്പോള്‍. ഇതിനായി ഏറ്റവും അനുയോജ്യമായ പദ്ധതികളിലൊന്നായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) കുട്ടി ജനിച്ചതു മുതലോ ഒരു വയസാകുന്നതു മുതലോ തുടങ്ങുതാണ് നല്ലത്. 15-20 വര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് നിക്ഷേപങ്ങള്‍ ഒരുമിച്ചു ചേര്‍ക്കാനും ഭാവിയിലെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി നല്ല നിലയില്‍ ഒരുങ്ങാനും രക്ഷിതാവിന് അവസരം നല്‍കും.

ഉന്നത വിദ്യാഭ്യാസത്തിനായി പണ നിക്ഷേപം തുടങ്ങുന്നതിനു മുമ്പായി നാം കണക്കിലെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. എസ്‌ഐപിയുടെ പണം തീരുമാനിക്കുമ്പോള്‍ അശാസ്ത്രീയമായ രീതിയില്‍ നാണയപ്പെരുപ്പം കണക്കാക്കുക എന്നത് വളരെ പ്രധാനമാണ്. വിപണിയിലെ അപഗ്രഥനമനുസരിച്ച് ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കോഴ്‌സിന്റെ ഇപ്പോഴത്തെ ചെലവ് 9.20 ലക്ഷം രൂപയാണ്. നാണയപ്പെരുപ്പം 7 ശതമാനമായി കണക്കാക്കിയാല്‍ അടുത്ത പത്തു വര്‍ഷത്തിനകം അത് 18.10 ലക്ഷമായി ഉയരും. ഇതുപോലെ എന്‍ഐടിയിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) കോഴ്‌സിന്റെ ചെലവ് ഇതേ കാലയളവില്‍ ഇപ്പോഴത്തെ 7.48 ലക്ഷത്തില്‍ നിന്ന് 14.71 ലക്ഷം രൂപയായി വര്‍ധിക്കും.

ഇതര മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ ഫീസും 15.60 ലക്ഷത്തില്‍ നിന്ന് 30.69 ലക്ഷമായി ഉയരും. മെഡിക്കല്‍ കോഴ്‌സുകളുടെ കാര്യത്തിലും ഇതേ വ്യത്യാസമുണ്ടാവും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് ഇപ്പോള്‍ ശരാശരി 1.75 ലക്ഷം രൂപയാണ്. ഇത് 3.44 ലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേത് 25 ലക്ഷം രൂപയില്‍ നിന്ന് 49.18 ലക്ഷം രൂപയായും വര്‍ധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. വിദ്യാഭ്യാസ വായ്പയെടുത്തവരുടെ ഇഎംഐ തുകയിലും ഇതു വലിയ വ്യത്യാസമുണ്ടാക്കും. അതിനാല്‍ യുക്തിസഹവും പ്രസക്തവുമായ രീതിയില്‍ നാണയപ്പെരുപ്പ നിരക്കു കണക്കാക്കി വേണം അടുത്ത പത്തോ ഇരുപതോ വര്‍ഷത്തേക്കുള്ള എസ്‌ഐപി തുക തീരുമാനിക്കേണ്ടത്.

കണക്കുകളിലൂടെ ഒരു ത്വരിത പരിശോധന നടത്തിയാല്‍ ഐഐടി കോഴ്‌സിനു വേണ്ടി എസ്‌ഐപി സാധാരണ നിരക്കായ 8 ശതമാനം വളര്‍ച്ച കണക്കാക്കിയാല്‍ ഒരാള്‍ പ്രതിമാസം 9,984 രൂപ വീതം അടുത്ത 10 വര്‍ഷത്തേക്ക് അടക്കേണ്ടി വരും. എസ്‌ഐപി വളര്‍ച്ച 12 ശതമാനമാണെങ്കില്‍ പ്രതിമാസ അടവു തുക 8,079 മതിയാകും.

നാണയപ്പെരുപ്പത്തിന്റെ പ്രതിവര്‍ഷ നിരക്ക് കണക്കാക്കി നിക്ഷേപ പദ്ധതിയില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതും പ്രധാനമാണ്. ഉദാഹരണത്തിന് വിദ്യാഭാസ ചെലവില്‍ ഉണ്ടായേക്കാവുന്ന വര്‍ധന കാരണം നമ്മുടെ ലക്ഷ്യമായ 40 ലക്ഷം സാധ്യമാകാതെ വരുമെന്നു കണ്ടാല്‍ എസ്‌ഐപി നിക്ഷേപ പദ്ധതിയില്‍ മാറ്റം വരുത്താന്‍ നാം നിര്‍ബന്ധിതരാണ്.

വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ കണ്ടു ഭയന്ന് എസ്‌ഐപികള്‍ പാതിവഴിക്കുപേക്ഷിക്കാതിരിക്കുക. വിപണിയില്‍ എത്ര തിരുത്തലുകളുണ്ടായാലും 20 വര്‍ത്തേക്ക് എസ്‌ഐപി നിക്ഷേപം നില നിര്‍ത്തിയാല്‍ കൂടിയ നേട്ടങ്ങള്‍ ഉറപ്പാണെന്ന്് ചരിത്രം പറയുന്നു.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ അസോഷ്യേറ്റ് ഡയറക്ടറാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: SIP