ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ കമ്പനികള്‍

ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ കമ്പനികള്‍

ബിസിനസ് ആത്മവിശ്വാസ സൂചിക 64.9എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്

ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വീണ്ടും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) തയാറാക്കിയ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവിധ വിഭാഗത്തില്‍ നിന്നുള്ള 200ഓളം കമ്പനികളാണ് സര്‍വേയില്‍ പങ്കെടുത്തത്. സര്‍വേയുടെ ഭാഗമായ ഏകദേശം 42 ശതമാനം ഇന്ത്യന്‍ കമ്പനികളും അടുത്ത ധനനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന അഭിപ്രായക്കാരാണ്. നേരത്തേ നടത്തിയ സര്‍വേയില്‍ ഇതിനുനേര്‍ വിപരീതമായ അഭിപ്രായമാണ് മിക്ക കമ്പനികളും പ്രകടിപ്പിച്ചിരുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസ്താവനയിലൂടെ അറിയിച്ചു. ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുകയോ അല്ലെങ്കില്‍ അതേപടി നിലനിര്‍ത്തുകയോ ചെയ്യുമെന്നായിരുന്നു അന്ന് മിക്ക കമ്പനികളുടെയും അഭിപ്രായമെന്നും സിഐഐ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദ്വൈമാസ ധനനയ അവലോകന യോഗങ്ങളിലും കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. മൊത്തം 50 ബേസിസ് പോയ്ന്റിന്റെ വര്‍ധനയാണ് തുടര്‍ച്ചയായി പലിശ നിരക്കിലുണ്ടായത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം രണ്ട് തവണ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുന്നത് ആദ്യമായിട്ടായിരുന്നു. പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനം ഉയര്‍ന്നതും ഭാവിയില്‍ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും പരിഗണിച്ചാണ് ഓഗസ്റ്റിലെ യോഗത്തിലും കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയത്. ഒക്‌റ്റോബര്‍ അഞ്ചാം തീയതിയാണ് ആര്‍ബിഐ അടുത്ത നയ പ്രഖ്യാപനം നടത്തുന്നത്.
ഇന്ത്യയുടെ ഭാവി വളര്‍ച്ചയും ബിസിനസ് നേട്ടങ്ങളും സംബന്ധിച്ച് കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിച്ചതായും സിഐഐ പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മികച്ച പ്രകടനം രേഖപ്പെടുത്തുമെന്നതില്‍ കമ്പനികള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സിഐഐയുടെ ബിസിനസ് ആത്മവിശ്വാസ സൂചികയിലും (ബിസിഐ) പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തിലെ 60.1ല്‍ നിന്നും സെപ്റ്റംബര്‍ പാദത്തില്‍ സൂചിക 64.9എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വേഗത്തില്‍ തീര്‍ച്ചയായും പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സിഐഐ ഡയറക്റ്റര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു. മെച്ചപ്പെട്ട ഉപഭോഗവും നിക്ഷേപ വര്‍ധനയും സംബന്ധിച്ച പ്രതീക്ഷകളാണ് ബിസിനസ് പ്രവര്‍ത്തനങ്ങളിലെ പുരോഗതിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ ഉല്‍പ്പാദനവും പുതിയ ബിസിനസ് ഓര്‍ഡറുകളും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5-7.5 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് സിഐഐ സര്‍വേയുടെ ഭാഗമായ 64 ശതമാനം പേര്‍ പറയുന്നത്. ഇതില്‍ 36 ശതമാനം പേര്‍ 7-7.5 ശതമാനം വളര്‍ച്ചയും 28 ശതമാനം പേര്‍ 6.5-7 ശതമാനം വളര്‍ച്ചയുമാണ് പ്രതീക്ഷിക്കുന്നത്. വരും പാദങ്ങളില്‍ സ്വകാര്യ മേഖലയിലെ നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി നിരീക്ഷിക്കാനാകുമെന്നാണ് ഏകദേശം 65 ശതമാനം കമ്പനികളുടെയും അഭിപ്രായം.

Comments

comments

Categories: Business & Economy
Tags: RBI