ഒന്‍പത് കമ്പനികളുടെ ചില ആസ്തികള്‍ പ്രത്യേകം വില്‍ക്കും

ഒന്‍പത് കമ്പനികളുടെ ചില ആസ്തികള്‍ പ്രത്യേകം വില്‍ക്കും

24 പൊതുമേഖലാ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പനയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഒന്‍പത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) കീഴിലുള്ള ചില ആസ്തികള്‍ പ്രത്യേകമായി വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള 24 പൊതുമേഖലാ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാലിതില്‍ ഒന്‍പത് കമ്പനികളുടെ ചില ആസ്തികള്‍ പ്രത്യേകമായി വില്‍ക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തുന്നത്. പൊതുമേഖലാ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പയ്ക്ക് മുന്‍പായി ഈ ആസ്തികള്‍ വിറ്റൊഴിയാനാണ് സര്‍ക്കാരിന്റെ നീക്കം.
പവന്‍ ഹാന്‍സ്, സ്‌കൂട്ടേഴ്‌സ് ഇന്ത്യ, എയര്‍ ഇന്ത്യ, ഭാരത് പമ്പ്‌സ് ആന്‍ഡ് കംപ്രസേഴ്‌സ് ലിമിറ്റഡ്, പ്രൊജക്റ്റ് ഡെവലപ്പ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പ്രിഫാബ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി, ഹിന്ദുസ്ഥാന്‍ ഫ്‌ളൂറോകാര്‍ബണ്‍സ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള ചില ആസ്തികളാണ് സര്‍ക്കാര്‍ പ്രത്യേകമായി വിറ്റൊഴിയുക. ഭൂമി, റെസിഡന്‍ഷ്യല്‍ ഫഌറ്റുകള്‍ തുടങ്ങിയവയാണ് പ്രത്യേക വില്‍പ്പനയ്ക്കായി കണ്ടെത്തിയ ആസ്തികളില്‍ ഭൂരിഭാഗവും.
സഫ്ദാര്‍ജംഗ് വിമാനത്താവളത്തില്‍ സ്ഥിതി ചെയ്യുന്ന പവന്‍ ഹാന്‍സിന്റെ രോഹിണി ഹെലിപോര്‍ട്ടും ബെല്‍മാന്‍ ഹങ്കറും പ്രത്യേകമായി വില്‍പ്പനയ്ക്ക് തെരഞ്ഞെടുത്തവയുടെ കൂട്ടത്തിലുണ്ട്. എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡും (എഎഎസ്എല്‍) ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എച്ച്‌സിഐ)യും ഉള്‍പ്പടെ എയര്‍ ഇന്ത്യയുടെ നാല് അനുബന്ധ സ്ഥാപനങ്ങളാണ് പ്രത്യേക വില്‍പ്പനയ്ക്കായി കണ്ടെത്തിയിട്ടുള്ളത്. ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ ആസ്ഥാന മന്ദിരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടങ്ങളും എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള കരകൗശല വസ്തുക്കളും ഇതോടൊപ്പം പ്രത്യേകം വില്‍പ്പനയ്ക്ക് വെക്കും.
ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍, ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്, ഐടിഡിസി യൂണിറ്റ്, ഭദ്രാവതി-സേലം-ദുര്‍ഗ്ഗാപ്പൂര്‍ എന്നിവിടങ്ങളിലെ സെയില്‍ യൂണിറ്റുകള്‍, എന്‍എംഡിസിയുടെ നാഗര്‍ണര്‍ സ്റ്റീല്‍ പ്ലാന്റ്, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്, ഫെറോ സ്‌ക്രാപ് നിഗം തുടങ്ങിയവ ഉള്‍പ്പടെയുള്ള 24 പൊതുമേഖലാ കമ്പനികളുടെ തന്ത്രപരമായ വില്‍പ്പനയ്ക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 80,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇതുവരെ സിപിഎസ്ഇകളുടെ ഓഹരി വില്‍പ്പന വഴി 9,220 കോടി രൂപയിലധികമാണ് സമാഹരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 1.03 ലക്ഷം കോടി രൂപ ഇത്തരത്തില്‍ സര്‍ക്കാര്‍ സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy