പെയിന്റഡ് ഷൂസിന് പേറ്റന്റ് എടുത്ത പെണ്‍കുട്ടി!

പെയിന്റഡ് ഷൂസിന് പേറ്റന്റ് എടുത്ത പെണ്‍കുട്ടി!

എത്ര ചെറിയ പ്രായത്തില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങുന്നുവോ, അത്രയും നല്ലത്. എന്നാല്‍ അത്തരത്തില്‍ സംരംഭകത്വത്തിലേക്ക് കടക്കുമ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത ഒരു യുഎസ്പി (യുണീക് സെല്ലിംഗ് പോയ്ന്റ്) നമുക്കുണ്ട് എന്ന് ഉറപ്പു വരുത്തണം. ആ യുഎസ്പിയാണ് ആന്‍ഡിന എന്ന മിടുക്കിയെ മില്യണ്‍ ഡോളര്‍ വരുമാനമുള്ള സംരംഭത്തിന്റെ ഉടമയാക്കി മാറ്റിയത്. സ്വന്തം അനുജത്തിക്കായി ഡിസൈന്‍ ചെയ്ത കാന്‍വാസ് ഷൂവില്‍ നിന്നും തുടങ്ങുന്നു ആന്‍ഡിനയുടെ സംരംഭകയാത്രയുടെ അധ്യായങ്ങള്‍. സ്‌പോട്ട്‌ലൈറ്റ് എന്ന പേരില്‍ ഡിസൈനര്‍ ഷൂസിന് പേറ്റന്റ് എടുത്ത ആന്‍ഡിന കലയെയും ബിസിനസിനേയും സംഗമിപ്പിച്ച് വിജയം നേടിയ അപൂര്‍വം സംരംഭകരില്‍ ഒരാളാണ്

വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ബിസിനസില്‍ വിജയിക്കുന്നതിന് അടിസ്ഥാനപരമായി വേണ്ടത്. എല്ലാവരും സഞ്ചരിക്കുന്ന വഴിയേ തന്നെ സഞ്ചരിക്കുന്നിടത്തല്ല, മറിച്ച് തന്റേതായ പാത വെട്ടിപ്പിടിക്കുന്നിടത്താണ് ഒരു സംരംഭകയുടെ അല്ലെങ്കില്‍ സംരംഭകന്റെ വിജയം. കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാത്ത അവസ്ഥയില്‍ സ്വയം ഒരു ഫീനിക്‌സ് പക്ഷിയാകാന്‍ ഓരോ വ്യക്തിക്കും കഴിയണം. ഇത്തരത്തില്‍ സ്വന്തം കഴിവും പ്രയത്‌നവും മാത്രം കൈമുതലാക്കി ബിസിനസില്‍ വിജയം നേടിയ വ്യക്തിയാണ് ഇന്തോനേഷ്യക്കാരിയായ ആന്‍ഡിന. സ്‌പോട്ട്‌ലൈറ്റ് എന്ന ബ്രാന്‍ഡഡ് ഷൂസിലൂടെ ആന്‍ഡിന സംരംഭകലോകത്ത് പുതു ചരിത്രം രചിക്കുകയായിരുന്നു.

ഇന്തോനേഷ്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ആന്‍ഡിന, ഫാഷന്‍ മേഖലയിലെ പ്രധാന സംരംഭകരില്‍ ഒരാളായതെങ്ങനെയെന്ന കഥ വളരെ പ്രചോദനാത്മകമാണ്. നന്നേ ചെറിയ പ്രായത്തില്‍ തന്നെ ചായപ്പെന്‍സിലുകളോടും വര്‍ണ കടലാസുകളോടും കൂട്ട് കൂടിയ ആന്‍ഡിനയുടെ ജീവിതം മാറ്റി മറിക്കുന്നത് വ്യത്യസ്തമായ ഒരു ഷൂ വേണം എന്ന അനിയത്തി നെരിസയുടെ ആഗ്രഹമാണ്.

ചെറുപ്പം മുതല്‍ക്ക് ഇരുവര്‍ക്കും ധാരാളം ഷൂകളുടെ ശേഖരം ഉണ്ടായിരുന്നു. വ്യത്യസ്ത മോഡലുകളില്‍ പെട്ട ഷൂകള്‍ പലവിധ ഫംഗ്ഷനുകള്‍ക്കായി വാങ്ങിക്കുന്നതില്‍ ഇരുവരും മുന്നിലായിരുന്നു. അങ്ങനെയിരിക്കെയാണ് എല്ലാവരും ഇടുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ, വിപണിയില്‍ വാങ്ങാന്‍ ലഭിക്കാത്ത ഒരു ഡിസൈനില്‍ ഷൂസ് വേണം എന്ന ആഗ്രഹം അനുജത്തി നേരീസ പ്രകടിപ്പിക്കുന്നത്.

നേരീസ താന്‍ പറഞ്ഞ കാര്യം മറന്നു എങ്കിലും ചേച്ചിയായ ആന്‍ഡിന അത് മറന്നില്ല. താന്‍ സ്ഥിരം കാന്‍വാസുകളില്‍ പകര്‍ത്തിയിരുന്ന ചിത്രങ്ങള്‍ ഒരു മാറ്റത്തിനായി ആന്‍ഡിന ഒരിക്കല്‍ വരച്ചത് അനുജത്തിയുടെ കാന്‍വാസ് ഷൂസില്‍ ആയിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ആ വെളുത്ത കാന്‍വാസ് ഷൂസില്‍ ആന്‍ഡിന വരച്ചു. നിറക്കൂട്ടുകള്‍ പെയ്തിറങ്ങിയപ്പോള്‍ ആ കൊച്ചു ഷൂകളില്‍ മലയും പക്ഷിയും സൂര്യനുമൊക്കെ പതിഞ്ഞു. തന്റെ അനിയത്തിക്ക് ഒരു സര്‍പ്രൈസ് എന്ന വണ്ണം ആ ഷൂസുകള്‍ ആന്‍ഡിന മാറ്റിവച്ചു. ആ സമയത്തൊന്നും തന്നെ ഒരു ബിസിനസ് എന്ന ചിന്ത ആന്‍ഡിനക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ അനിയത്തിക്കായി ഒരു സമ്മാനം എന്ന രീതിയില്‍ ആ ഷൂസുകള്‍ ആന്‍ഡിന സൂക്ഷിച്ചു. വെറും അരമണിക്കൂര്‍ സമയമെടുത്താണ് രണ്ടു ഷൂകളിലും ആന്‍ഡിന ചിത്രം വരച്ചത്.

അനിയത്തിയുടെ പ്രചോദനം

ചിത്രരചന കഴിഞ്ഞതും ആ രണ്ടു ഷൂകളുമായി ആന്‍ഡിന സഹോദരിയെ കാത്തിരുന്നു. നേരിസ ക്ലാസില്‍ നിന്നും വന്നയുടന്‍ ആന്‍ഡിന തന്റെ സൃഷ്ടി അവള്‍ക്ക് സമ്മാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ നേരിസ ഞെട്ടിയത് അപ്പോഴാണ്. ബാന്ദും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്റ് മാനേജ്‌മെന്റില്‍ ബിരുദത്തിന് പഠിക്കുകയായിരുന്ന നേരിസ ഒരു സാധാരണ കാന്‍വാസ് ഷൂവിന് വന്ന രൂപമാറ്റം കണ്ട് അമ്പരന്നു. എന്നാല്‍ ചേച്ചി തനിക്കായി നല്‍കിയ സമ്മാനവും കൊണ്ട് സ്വന്തം കാര്യം നോക്കിപ്പോകുകയല്ല അവള്‍ ചെയ്തത്. പകരം ഒരു ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി ആയിരുന്ന നേരിസ തന്റെ ചേച്ചി ചെയ്ത കാര്യത്തിന്റെ ബിസിനസ് സാധ്യതകളെ പറ്റി ആലോചിക്കുകയാണ് ചെയ്തത്. ആന്‍ഡിനയുടെ ചിത്രരചന പാടവത്തെക്കുറിച്ച് അറിയാമായിരുന്ന നേരിസയുടെ മനസില്‍ പെയിന്റഡ് ഷൂസ് വിപണിയുടെ സാധ്യതകള്‍ തെളിഞ്ഞ് വന്നു.

മാര്‍ക്കറ്റിങ്ങിന്റെ ആദ്യപടിയായി ചേച്ചി ഡിസൈന്‍ ചെയ്തു നല്‍കിയ ഷൂസും ധരിച്ചാണ് നേരിസ കോളെജില്‍ എത്തിയത്. വ്യത്യസ്തമായ ആ ഷൂകള്‍ കൗമാരക്കാരെ ആകര്‍ഷിക്കുന്നതിന് പ്രാപ്തമായിരുന്നു. മാത്രമല്ല ചിത്രരചനയിലെ പെര്‍ഫെക്ഷന്‍ കൊണ്ടും ആ ഷൂസ് ശ്രദ്ധിക്കപ്പെട്ടു. കാണുന്നവരൊക്കെ കൗതുകത്തോടെ അടുത്തുകൂടി. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് വ്യത്യസ്തമായ ഈ ഷൂസ് എവിടെ നിന്നുമാണ് എന്നതായിരുന്നു. കൂട്ടത്തില്‍ ഒന്ന് രണ്ടു പേര്‍ പെയിന്റഡ് ഷൂസിന് ഓര്‍ഡര്‍ നല്‍കുക കൂടി ചെയ്തതോടെ നേരിസയ്ക്ക് ഒരുകാര്യം മനസിലായി തങ്ങളുടെ ഭാവി ജീവിതം നിറം പിടിപ്പിച്ച ഷൂസുകളില്‍ ഭദ്രമാണ് എന്ന്.

തിരികെ വീട്ടിലെത്തിയ നേരിസ സഹോദരിയോട് തന്റെ ബിസിനസ് പദ്ധതി വിവരിച്ചു. അധികം ആരും കൈവയ്ക്കാത്ത പെയിന്റഡ് ഷൂകളുടെ വിപണി തങ്ങള്‍ക്ക് കീഴടക്കാന്‍ കഴിയും എന്ന് അവള്‍ പറഞ്ഞു. കോളെജില്‍ വച്ച് തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടി വിവരിച്ചതോടെ ആന്‍ഡിനക്കും ആത്മവിശ്വാസമായി. വീട്ടുകാരോട് തങ്ങളുടെ ആശയത്തെ വിവരിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. ഷൂസിന്റെ വിപണനവും മാര്‍ക്കറ്റിംഗും പരസ്യവും സംബന്ധിച്ച കാര്യങ്ങള്‍ നേരിസ സ്വയം ഏറ്റെടുത്തു. ഓര്‍ഡറുകള്‍ കണ്ടെത്തി അതനുസരിച്ച് പെയിന്റഡ് ഷൂസ് നിര്‍മിക്കുന്ന ഉത്തരവാദിത്വം ആന്‍ഡിനക്കും.

യുവാക്കള്‍ക്കിടയില്‍ തരംഗമായി സ്‌പോട്ട്‌ലൈറ്റ്

തങ്ങളുടെ സംരംഭത്തിന് ഈ സഹോദരിമാര്‍ സ്‌പോട്ട്‌ലൈറ്റ് എന്ന് പേര് നല്‍കി, ഷൂസിന് സ്ലൈറ്റ് എന്നും. സ്ഥാപനവും ഡിസൈനുകളും രജിസ്റ്റര്‍ ചെയ്തു. അങ്ങനെ പെയിന്റഡ് ഷൂസിന് പേറ്റന്റ് എടുത്ത സംരംഭക എന്ന പേര് ആന്‍ഡിനക്ക് സ്വന്തമായി. ആവശ്യക്കാര്‍ക്കുവേണ്ടി പ്രത്യേകം ഷൂ പെയിന്റ് ചെയ്താണ് ആദ്യം തുടങ്ങിയത്. ക്രമേണ കിഴക്കന്‍ ജക്കാര്‍ത്തയിലും സമീപപ്രദേശങ്ങളിലുമുള്ള പലരും കാന്‍വാസ് ഷൂവിനായി ആന്‍ഡിനയെ സമീപിക്കാന്‍ തുടങ്ങി.

ആന്‍ഡിന ഡിസൈന്‍ ചെയ്ത ഷൂസ് ഇഷ്ടപ്പെട്ടവര്‍ കൂടുതല്‍ ഓര്‍ഡര്‍ നല്‍കാന്‍ തുടങ്ങി. മാത്രമല്ല, ചില വ്യക്തികള്‍ തങ്ങളുടെ ഇഷ്ടാനുസരണം ഡിസൈനുകള്‍ പറഞ്ഞു വരപ്പിക്കുകയും ചെയ്തു. ഇതോടെ കസ്റ്റമൈസ്ഡ് ഷൂകളുടെ വിപണിയും തുറന്നു. കച്ചവടം മെല്ലെ പച്ചപിടിച്ചു വന്നതോടെ സഹോദരിമാര്‍ വിപുലീകരണത്തെ പറ്റി ചിന്തിച്ചു തുടങ്ങി. ഇന്തോനേഷ്യന്‍ വിപണിയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്ന ചിന്തയില്‍ നിന്നുമാണ് വിപുലീകരണം എന്ന സ്വപ്നം ആരംഭിക്കുന്നത്.

2008 ഓഗസ്റ്റില്‍ മാതാപിതാക്കളില്‍ നിന്ന് കുറച്ചു തുക കടം വാങ്ങി ആന്‍ഡിനയും നേരിസയും ചേര്‍ന്ന് തങ്ങളുടെ ബിസിനസ് വിപുലീകരിച്ചു. തങ്ങളെ സംരംഭകരാക്കിയത് ചിത്രകലയാണല്ലോ, അതിനാല്‍ നിറങ്ങളുടെ ലോകം വിട്ട് ഒരു കളിക്കും ഇരുവരും തയ്യാറായിരുന്നില്ല. അതിനാല്‍ പെയിന്റഡ് ഷൂവിനു പുറമേ പെയിന്റഡ് ടീ ഷര്‍ട്ടും ബാഗും നിര്‍മിക്കാന്‍ തുടങ്ങി. വിപണി ഓഫ്‌ലൈനില്‍ നിന്നും ഓണ്‍ലൈനിലേക്കും വ്യാപിച്ചു. ജക്കാര്‍ത്തയിലെ കടകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന സ്‌പോട്ട്‌ലൈറ്റ് സ്ലൈറ്റ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കും ഇന്തോനേഷ്യക്ക് പുറത്തേക്കും വ്യാപിച്ചു. രണ്ടു പേരില്‍ നിന്നും ആരംഭിച്ച സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ നൂറില്‍പരം തൊഴിലാളികളിലേക്ക് കടന്നു. പിന്നീട് അത് ആയിരമായി. തുടക്കത്തില്‍ ഷൂസില്‍ പെയിന്റ് ചെയ്തിരുന്നത് ആന്‍ഡിന മാത്രമായിരുന്നു. എന്നാല്‍ ഓര്‍ഡറുകള്‍ വര്‍ധിച്ചു വരികയും മുന്‍നിര ബിസിനസ് ശ്രേണിയിലേക്ക് സ്ഥാപനം വളരുകയും ചെയ്തതോടെ ഹാന്‍ഡ് പെയിന്റിംഗിനായി മറ്റു കലാകാരന്മാരുടെ സഹായം തേടി.

പ്ലെയിന്‍ കാന്‍വാസ് ഷൂ, ഫാബ്രിക് പെയിന്റ്, പെയിന്റിംഗ് സ്‌പ്രേ ഗണ്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്കായി കൂടുതല്‍ നിക്ഷേപം നടത്തി . സ്‌റ്റൈല്‍ ഫ്‌ളാറ്റ്, കോണ്‍വേഴ്‌സ് സ്‌റ്റൈല്‍, വാന്‍സ് സ്‌റ്റൈല്‍, സ്ട്രാപി ഫ്‌ളാറ്റ്‌സ്, പ്ലെയിന്‍ വൈറ്റ് എന്നിങ്ങനെ അഞ്ചു മോഡലുകളില്‍ സ്‌പോട്ട്്‌ലൈറ്റ് ഷൂകള്‍ നിര്‍മിച്ചു. ഇതില്‍ അഞ്ചാമത്തെ മോഡല്‍ ഉപഭോക്താവ് ആവശ്യപ്പെടുന്ന ഡിസൈന്‍ വരച്ചുകൊടുക്കുന്ന രീതിയായിരുന്നു. ഇത്തരത്തില്‍ കസ്റ്റമൈസ് ചെയ്ത ഷൂസ് വളരെപ്പെട്ടന്ന് ജനശ്രദ്ധയാകര്‍ഷിച്ചു. പിന്നീടങ്ങോട്ട് ഷൂസിന്റെ ഉല്‍പ്പാദനവും പരസ്യവും ആന്‍ഡിനയും കമ്പനിയുടെ ഫിനാന്‍സ,് സപ്ലൈ എന്നിവ നേരിസയും കൈകാര്യം ചെയ്തു.

പെയിന്റ് ചെയ്ത ഒരു ജോഡി ഷൂവിന്റെ വില 9.90 മുതല്‍ 18 ഡോളര്‍ വരെ ആയിരുന്നു. ബാഗിന്റെയും ഷര്‍ട്ടിന്റെയും വില 9 ഡോളര്‍. ബിസിനസ് വളര്‍ന്നതോടെ കൂടുതല്‍ വരുമാനമായി കമ്പനിക്ക്. അതോടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലുമായി.ആമസോണ്‍ മുഖാന്തരമുള്ള വില്‍പ്പനയിപ്പോള്‍ പൊടിപൊടിക്കുന്നുണ്ട്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന ഡിസൈനുകള്‍ പോലെത്തന്നെ കുട്ടികള്‍ക്കായുള്ള കാര്‍ട്ടൂണ്‍ മോഡലുകളും ആന്‍ഡിന തയാറാക്കി. അതോടെ വളര്‍ന്നുവരുന്ന തലമുറക്കിടയിലും ആന്‍ഡിനയുടെ സ്‌പോട്ട്‌ലൈറ്റ് ഷൂസ് പ്രചാരം നേടി. ഒരാളുടേതുപോലെ മറ്റൊന്നില്ലാത്തതിനാല്‍ പെയിന്റഡ് ഷൂ ധരിക്കുന്നത് കുട്ടികള്‍ക്ക് ഏറെ സന്തോഷം നല്‍കി. അത് തന്നെയായിരുന്നു ആന്‍ഡിനയുടെ ഉല്‍പ്പന്നങ്ങളുടെ യുഎസ്പിയും.

കമ്പനിക്ക് ഇന്‍ഡോനേഷ്യയിലെ എല്ലാ പ്രോവിന്‍സുകളില്‍ നിന്നും മാത്രമല്ല സമീപ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വലിയ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. സ്ലൈറ്റ് എന്ന ബ്രാന്‍ഡില്‍ പെയിന്റഡ് ഷൂ എങ്ങും പ്രചാരത്തിലായി. 24 മില്യണ്‍ ഇന്തോനേഷ്യന്‍ രൂപയാണ് സ്‌പോട്ട്‌ലൈറ്റ് എന്ന ഈ കമ്പനിയുടെ പ്രതിമാസ വരുമാനം. ആശയങ്ങളാണ് ബിസിനസ് വളര്‍ച്ചയുടെ അടിത്തറ എന്ന് ഉറപ്പിക്കുന്ന വിജയമാണ് ആന്‍ഡിന കാണിച്ചു തരുന്നത്.

Comments

comments

Categories: FK Special