ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍ ഫേസ്ബുക്ക് വിട്ടു

ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍ ഫേസ്ബുക്ക് വിട്ടു

പുതിയ സംരംഭം ആരംഭിക്കാന്‍ പദ്ധതി

സീട്ടില്‍: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും (സിഇഒ), മൈക്ക് ക്രെയ്ഗറും (സിടിഒ) ഫേസ്ബുക്ക് വിട്ടു. പുതിയ സംരംഭകത്വ മോഹങ്ങളാണ് നടപടിക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. അതേ സമയം മാതൃ കമ്പനിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് നടപടിക്കു പിന്നിലെന്നും വിലയിരുത്തലുകളുണ്ട്.

കഴിഞ്ഞ മേയ് മാസത്തില്‍ ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ ഫേസ്ബുക്ക് മാറ്റം വരുത്തിയതിനു പിന്നാലെയാണ് പുറത്തുപോകല്‍. ഇതിനോടനുബന്ധിച്ച് ഉല്‍പ്പന്ന വിഭാഗം മേധാവിയായ ക്രിസ് കോക്‌സിന് ഫേസ്ബുക്ക് ആപ്പ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, മെസഞ്ചര്‍ എന്നിവയുള്‍പ്പെടുന്ന ഫാമിലി ഓഫ് ആപ്പ്‌സ് വിഭാഗത്തിന്റെ ചുമതല നല്‍കിയിരുന്നു. ഒരു ബില്യണിലധികം ഉപഭോക്താക്കളുമായി വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള വികസിത രാജ്യങ്ങളിലെ ഉപഭോക്താക്കളുടെയിടയില്‍, പ്രത്യേകിച്ച് യുവ ഉപഭോക്താക്കളുടെയിടയില്‍ ഫേസ്ബുക്കിനേക്കാള്‍ പ്രശസ്തി നേടികൊണ്ട് ഇന്‍സ്റ്റഗ്രാം വളരുന്ന സമയത്താണ് സ്ഥാപകര്‍ ഫേസ്ബുക്ക് വിടുന്നത്. അതേ സമയം കെവിന്‍ സിസ്‌ട്രോമിനും മൈക്ക് ക്രെയ്ഗറിനും ശുഭാശംശകള്‍ നേര്‍ന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാം സ്ഥാപകര്‍ ഉല്‍പ്പന്ന വിഭാഗത്തിലെ മികച്ച നേതാക്കളായിരുന്നുവെന്നും അവരുടെ അടുത്ത സംരംഭമെന്താണെന്ന് കാണാന്‍ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്‍സ്റ്റഗ്രാമിനൊപ്പവും അതില്‍ ആറു വര്‍ഷം ഫേസ്ബുക്കിനൊപ്പവും പ്രവര്‍ത്തനത്തില്‍ മൈക്കും താനും സന്തോഷവാന്‍മാരാണെന്നും ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും ഭാവിയെക്കുറിച്ച് ഇപ്പോഴും ആവേശഭരിതരാണെന്നും സിസ്‌ട്രോം പറഞ്ഞു. 13 ജീവനക്കാരുമായി ആരംഭിച്ച ഇന്‍സ്റ്റഗ്രാമിന് ഇന്ന് ആയിരക്കണക്കിന് ജീവനക്കാരും ലോകമെമ്പാടും ഓഫീസുകളുമുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ പുതിയൊരധ്യയം കുറിക്കാനൊരുങ്ങുകയാണ്. പുതിയ സംരംഭം ആരംഭിക്കുന്നതിനു മുമ്പ് ഇടവേള ആവശ്യമാണ്. എന്നിരുന്നാലും പുതിയ സംരംഭത്തെക്കുറിച്ച് ഒന്നു ഇതുവരെ തീരുമാനിച്ചിട്ടില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സമൂഹ്യ മാധ്യമ ഭീമന്‍മാര്‍ നടത്തിയ വലിയ ഏറ്റെടുക്കല്‍ ഇടപാടുകളിലൊന്നായിരുന്നു ഇന്‍സ്റ്റഗ്രാമിന്റേത്. പുതിയ പുറത്തുപോകലിലൂടെ ഫേസ്ബുക്ക് നടത്തിയ വലിയ മൂന്നു ഏറ്റെടുക്കലുകളിലൂടെ നേടിയ കമ്പനികളിലെയും സ്ഥാപകര്‍ സ്ഥാപനം വിട്ടിരിക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനുശേഷം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക്‌സുക്കര്‍ബര്‍ഗുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വാട്‌സാപ്പ് സ്ഥാപകരായ ജാന്‍ കൂം, ബ്രയാന്‍ ആക്റ്റണ്‍ എന്നിവര്‍ ഈ വര്‍ഷം ഫേസ്ബുക്ക് വിട്ടിരുന്നു. അതുപോലെ ഫേസ്ബുക്ക് ഏറ്റെടുത്ത വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ ഒകുലസ് വിആര്‍ സഹസ്ഥാപകരായ പല്‍മര്‍ ലക്കി 18 മാസം മുമ്പ് ഫേസ്ബുക്കിനോട് വിട പറഞ്ഞിരുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്ന വേളയില്‍ ഒരു ബില്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ ഏറ്റെടുക്കുന്നത്. അന്ന് പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം മാത്രം പിന്നിട്ടിരുന്ന ആപ്പിന് 30 ദശലക്ഷം ഉപഭോക്താക്കളാണുണ്ടായിരുന്നത്. മൊബീല്‍ ആപ്പുകളുടെ ആകര്‍ഷണീയതയെ നേരിടാന്‍ ഫേസ്ബുക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. യഥാര്‍ത്ഥ വില നല്‍കാതെ തന്ത്രപരമായി സ്വന്തമാക്കിയ ഇടപാടായിട്ടാണ് വിപണിയില്‍ കടുത്ത മത്സരം ഉയര്‍ത്തിയ എതിരാളികളെ തങ്ങളുടേതാക്കിയ ഫേസ്ബുക്കിന്റെ ഈ ഇടപാട് ഇന്നും വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ച, വ്യാജ വാര്‍ത്ത വിവാദങ്ങളില്‍പ്പെട്ട് ഫേസ്ബുക്ക് ആടിയുലഞ്ഞപ്പോഴും ഈ വിവാദങ്ങളൊന്നു ഇന്‍സ്റ്റഗ്രാമിനെ ബാധിച്ചിരുന്നില്ല. ഫേസ്ബുക്കിന്റെ ഭാഗമായി ആറു വര്‍ഷങ്ങള്‍ക്കുശേഷവും മാതൃ കമ്പനിയില്‍ നിന്ന് ഒരു കൈ അകലത്തിലാണ് ഇന്‍സ്റ്റഗ്രാം എപ്പോളും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വിവിധ ആപ്പുകളുടെ പ്രവര്‍ത്തനം ഏകീകരിക്കാനുള്ള നടപടി ഫേസ്ബുക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിഷ്‌കരണങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ അസംതൃപ്തരായിയെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫീഡുകളില്‍ പ്രൊമോഷണല്‍ ഫോട്ടോകളുടെ എണ്ണം വര്‍ധിക്കുന്നതായി മറ്റും പരാതികളുണ്ടായിരുന്നു.

അതിവേഗത്തിലുള്ള മൊബീല്‍ ഫോട്ടോസ് അപ്പ്‌ലോഡും ഫോട്ടകള്‍ക്ക് മിഴിവേകുന്ന ഫില്‍ട്ടറുകളും നല്‍കികൊണ്ട് 2010 ല്‍ വിപണിയിലെത്തിയ ഇന്‍സ്റ്റഗ്രാം 2015 ല്‍ ചെറിയ വലുപ്പത്തിലുള്ള വീഡിയോകള്‍ പങ്കുവെക്കാനും സൗകര്യമൊരുക്കി. ഈ വര്‍ഷം ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യുട്യൂബിന് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഐഡിടിവി എന്ന വീഡിയോ ആപ്പും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു.

…………………..

യുഎസ് സമൂഹ്യ മാധ്യമ ഭീമന്‍മാര്‍ നടത്തിയ വലിയ ഏറ്റെടുക്കല്‍ ഇടപാടുകളിലൊന്നായിരുന്നു ഇന്‍സ്റ്റഗ്രാമിന്റേത്. പുതിയ പുറത്തുപോകലിലൂടെ ഫേസ്ബുക്ക് നടത്തിയ വലിയ മൂന്നു ഏറ്റെടുക്കലുകളിലൂടെ നേടിയ കമ്പനികളിലെയും സ്ഥാപകര്‍ സ്ഥാപനം വിട്ടിരിക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനുശേഷം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക്‌സുക്കര്‍ബര്‍ഗുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വാട്‌സാപ്പ് സ്ഥാപകരായ ജാന്‍ കൂം, ബ്രയാന്‍ ആക്റ്റണ്‍ എന്നിവര്‍ ഈ വര്‍ഷം ഫേസ്ബുക്ക് വിട്ടിരുന്നു. അതുപോലെ ഫേസ്ബുക്ക് ഏറ്റെടുത്ത വെര്‍ച്വല്‍ റിയാലിറ്റി സ്റ്റാര്‍ട്ടപ്പായ ഒകുലസ് വിആര്‍ സഹസ്ഥാപകരായ പല്‍മര്‍ ലക്കി 18 മാസം മുമ്പ് ഫേസ്ബുക്കിനോട് വിട പറഞ്ഞിരുന്നു.

Comments

comments

Categories: Top Stories