പുതിയ ഗ്രൂപ്പ് സിഇഒയെ നിയമിക്കാനൊരുങ്ങി ഫ്ലിപ്കാർട്

പുതിയ ഗ്രൂപ്പ് സിഇഒയെ നിയമിക്കാനൊരുങ്ങി ഫ്ലിപ്കാർട്

നിലവിലെ ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ ബിന്നി ബന്‍സാല്‍ കമ്പനിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ-കൊമേഴ്‌സ് കമ്പനി ഫഌപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഒഫീസറെ( സിഇഒ) നിയമിക്കാനൊരുങ്ങുന്നുവെന്ന് സൂചന. മേയ് മാസത്തില്‍ കമ്പനി ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുന്‍ ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാല്‍ ഫഌപ്കാര്‍ട്ടില്‍ നിന്നും രാജിവച്ചതിനു പിന്നാലെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ബിന്നി ബന്‍സാല്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു.
ചെയര്‍മാന്‍, ഗ്രൂപ്പ് സിഇഒ എന്നിവരുടെ ഉത്തരവാദിത്തങ്ങള്‍ വേര്‍തിരിക്കാനുള്ള നീക്കത്തിലാണ് വാള്‍മാര്‍ട്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മേയ് മാസത്തിലാണ് ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഗഹരികളും 16 ബില്യണ്‍ ഡോളര്‍ കരാറിലൂടെ വാള്‍മാര്‍ട്ട് കമ്പനി ഏറ്റെടുത്തത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനു പുറമെ, ഫാഷന്‍ റീട്ടെയ്‌ലേഴ്‌സായ മൈന്ത്ര, ജംബോങ്, മൊബീല്‍ പേമെന്റ് പ്ലാറ്റ്‌ഫോം ഫോണ്‍പേ എന്നീവയും ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.
കമ്പനിക്ക് പുറത്തുമുള്ളവരെയും അകത്തുള്ളവരെയും ഗ്രൂപ്പ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഫഌപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തിയും പരിഗണനയിലുണ്ടെന്ന് കമ്പനിയുമായി അടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവിലെ ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ ബിന്നി ബന്‍സാല്‍ കമ്പനിയുടെ പ്രതിദിന പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തതിനാല്‍ ഫഌപ്കാര്‍ട്ട് ഉടന്‍ തന്നെ പുതിയ ഗ്രൂപ്പ് സിഇഒ ആരെന്ന് തീരുമാനിക്കും. എങ്കിലും കമ്പനിയുടെ ചെയര്‍മാനായി ബിന്നി ബന്‍സാല്‍ തുടരും.
പുതിയ ഗ്രൂപ്പ് സിഇഒയെ നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചിലപ്പോള്‍ നിലവിലെ ഘടന തന്നെ തുടരാന്‍ തീരുമാനിച്ചേക്കാം. അതേസമയം, ഈ മാസം ആദ്യം വാള്‍മാര്‍ട്ട് ഫഌപ്കാര്‍ട്ടിന്റെ നേതൃതലത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, ജനറല്‍ കൗണ്‍സല്‍, ചീഫ് എത്തിക്‌സ് ആന്‍ഡ് കംപ്ലയന്‍സസ് ഒഫീസര്‍, ഗ്രൂപ്പ് കണ്‍ട്രോളര്‍ എന്നിവരെയാണ് പുതുതായി വാള്‍മാര്‍ട്ട് നിയമിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy
Tags: Flipkart