ഇന്ത്യയുടെ ആദ്യത്തെ ‘റെയ്റ്റ്’മായി ബ്ലാക്ക്‌സ്‌റ്റോണും എംബസി ഗ്രൂപ്പും

ഇന്ത്യയുടെ ആദ്യത്തെ ‘റെയ്റ്റ്’മായി ബ്ലാക്ക്‌സ്‌റ്റോണും എംബസി ഗ്രൂപ്പും

5,000 സമാഹരിക്കാന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും; ഓഫീസ് പോര്‍ട്ട്‌ഫോളിയോ ഏരിയയുടെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയ്റ്റ്

മുംബൈ: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (റെയ്റ്റ്) നിലവില്‍ വരാനൊരുങ്ങുന്നു. യുഎസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്‌സ്‌റ്റോണ്‍ ഗ്രൂപ്പും, ബെംഗലൂരു ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പും ചേര്‍ന്ന സംയുക്ത സംരംഭമായ ‘എംബസി ഓഫീസ് പാര്‍ക്‌സ്’ ആണ് ഈ വിഭാഗത്തില്‍ രാജ്യത്തെ ആദ്യ സംരംഭം. 5,000 കോടി രൂപയിലധികം നിക്ഷേപം സമാഹരിക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഓഹരി വിപണിയില്‍ ഫയലിംഗ് നടത്തി. റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയില്‍ വ്യക്തിഗത നിക്ഷേപത്തിന് അവസരമൊരുക്കുന്നവയാണ് റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍. ലോകമെമ്പാടും വിവിധ രൂപത്തില്‍ ഈ ആശയം നിലനില്‍ക്കുന്നുണ്ട്. ആഗോള നിലവാരത്തിനനുസരിച്ച് ഇവയെ ചിട്ടപ്പെടുത്താന്‍ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തേത് എന്നതിന് പുറമെ, ബ്ലാക്ക്‌സ്‌റ്റോണ്‍ എംബസിയുടെ റെയ്റ്റ്, ഓഫീസ് പോര്‍ട്ട്‌ഫോളിയോ ഏരിയയുടെ അടിസ്ഥാനത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. ഇതോടുകൂടി യുഎസ്, യുകെ, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവയ്‌ക്കൊപ്പം ആഗോള റെയ്റ്റ് വിപണിയിലേക്ക് ഇന്ത്യയും പ്രവേശിക്കും. റെയ്റ്റിന് കീഴില്‍ 33 ദശലക്ഷം ചതുരശ്ര അടിയുടെ ഓഫീസ് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ട്‌ഫോളിയോയാണ് എംബസി ഓഫീസ് പാര്‍ക്‌സ് ലിസ്റ്റ് ചെയ്യുക. ഇതില്‍ 24 ദശലക്ഷം ചതുരശ്ര അടി സ്ഥലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കെട്ടിടത്തിന്റെ 95 ശതമാനവും വാടകക്ക് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന ഓഫീസ് സ്‌പേസിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരികയാണ്. ഗൂഗിള്‍, ജെപി മോര്‍ഗന്‍, മൈക്രോസോഫ്റ്റ്, സിസ്‌കോ, ഐബിഎം, വെല്‍സ് ഫാര്‍ഗോ, മെഴ്‌സിഡസ് ബെന്‍സ് എന്നിവയുള്‍പ്പെടെയുള്ള വാടകക്കാരില്‍ നിന്നും കമ്പനിക്ക് ലഭിക്കുന്ന വാര്‍ഷിക വാടക വരുമാനം 2,000 കോടി രൂപയാണ്. 150ല്‍ അധികം വാടകക്കാരാണ് നിലവിലുള്ളത്. ഇതില്‍ പകുതിയിലധികവും ഫോര്‍ച്യൂണ്‍ 500 കമ്പനികളാണ്.

”ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് വളര്‍ച്ചാ കേന്ദ്രീകൃതമായ ഓഹരി മൂലധനമെത്തിക്കുന്നതിന് വേണ്ടത്ര സാധ്യതകള്‍ റെയ്റ്റ് നല്‍കും”, ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജിവ് മെമാനി പറഞ്ഞു. 2011 മുതല്‍ ഓഫീസ് സ്‌പേസ് കണ്ടെത്തുന്നതില്‍ മുന്‍നിരക്കാരായി ബ്ലാക്ക്‌സ്റ്റോണ്‍ തുടരുന്നു. ഈ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നാണ് കമ്പനിയായെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാന മേഖല, പുനൈ, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ 70ല്‍ അധികം ആസ്തികള്‍ നിര്‍ദിഷ്ട റെയ്റ്റ് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ഇത് കൂടാതെ നരിമാന്‍ പോയ്ന്റിലെ എക്‌സ്പ്രസ് ടവര്‍ അടക്കം തങ്ങളുടെ ചില വാണിജ്യ ആസ്തികളും പോര്‍ട്ട്‌ഫോളിയോയില്‍ ബ്ലാക്ക്‌സ്‌റ്റോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Blackstone