ഡാറ്റ പ്രാദേശികവല്‍ക്കരണം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് വിനയാകും

ഡാറ്റ പ്രാദേശികവല്‍ക്കരണം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് വിനയാകും

സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും രാജ്യത്ത് തന്നെ സൂക്ഷിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് അവരുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാവസായിക വിദഗ്ധര്‍. ദേശീയ ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് രേഖയിലാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ ഉപയോക്തൃ ഡാറ്റ ഇന്ത്യയില്‍ തന്നെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശമുള്ളത്.
ഉപയോക്തൃ വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം കരട് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഡാറ്റാ പ്രാദേശികവല്‍ക്കരണം സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നാണ് നിഷിത് ദേശായി അസോസിയേറ്റ്‌സ് പാര്‍ട്ണര്‍ പ്രതിഭ ജയ്ന്‍ പറയുന്നത്. ഉപയോക്തൃ വിവരങ്ങള്‍ പരിശോധിക്കാനുള്ള അധികാരം കമ്പനികള്‍ സര്‍ക്കാരിന് നല്‍കുന്നിടത്തോളം കാലം അവ എവിടെ സൂക്ഷിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡാറ്റൈ പ്രാദേശികവല്‍ക്കരണം സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ചെലവ് വര്‍ധിക്കുന്നതിന് കാരണമായേക്കുമെന്നും പ്രതിഭ ജയ്ന്‍ ചൂണ്ടിക്കാട്ടി.
ഏതൊരു നയവും രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലും ഉപഭോക്തൃ സംരംക്ഷണം ഉറപ്പുവരുത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരിക്കണമെന്നും ജയ്ന്‍ പറഞ്ഞു. വളര്‍ന്നുവരുന്ന നിരവധി സംരംഭകര്‍ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കടക്കുന്നുണ്ട്. അവരെ വളരാന്‍ സഹായിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഡാറ്റ പ്രാദേശികവല്‍ക്കരണം നിര്‍ബന്ധമാക്കരുതെന്നാണ് മറ്റൊരു വ്യാവസായിക വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്.

അതേസമയം, ഡാറ്റ തദ്ദേശീയമായി സൂക്ഷിക്കുന്നതിനെ അനുകൂലിക്കുന്നവരാണ് ചില വ്യാവസായിക വിദഗ്ധര്‍. ഡാറ്റാ പ്രാദേശിക വല്‍ക്കരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തീരുമാനമാണെന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ ബിസ്വജിത് ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കണം. ദേശീയ ഇ-കൊമേഴ്‌സ് നയം രൂപീകരിക്കുന്നത് ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) ഓണ്‍ലൈന്‍ വ്യാപരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ നിലപാടടെടുക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: e- commerce