മറവി രോഗികളെ മറക്കാതിരിക്കാം

മറവി രോഗികളെ മറക്കാതിരിക്കാം

ഓരോ മൂന്ന് സെക്കന്റിലും ലോകത്തെ ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിക്കുന്നു എന്ന സ്ഥിതിയിലേക്ക് അല്‍ഷിമേഴ്‌സ് അഥവാ മറവി രോഗം അതിന്റെ ഭീകരത പ്രകടിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതിസങ്കീര്‍ണമായ ഈ രോഗത്തെക്കുറിച്ച് ലോകമെങ്ങുമുള്ള 30 ശതമാനത്തോളം ആളുകള്‍ മാത്രമാണ് ബോധവാന്‍മാരായിട്ടുള്ളതെന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരമാണ്. ചികിത്സകര്‍ക്ക് പോലും പിടികൊടുക്കാതെ നിഗൂഢ സ്വഭാവം പ്രകടിപ്പിക്കുന്ന മറവി രോഗത്തെ കുറിച്ചുള്ള സാമൂഹിക അവബോധം വര്‍ധിപ്പിക്കേണ്ടത്, രോഗികള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കാന്‍ അത്യന്താപേക്ഷിതമാണ്. ഇതിനായുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ലോകം സെപ്റ്റംബര്‍ മാസത്തെ അല്‍ഷിമേഴ്‌സ് മാസമായി ആചരിക്കുന്നത്.

 

ലോകം മുഴുവന്‍ സെപ്റ്റംബര്‍ അല്‍ഷിമേഴ്‌സ് മാസമായി ആചരിച്ചു വരികയാണ്. മറവി രോഗത്തെ കുറിച്ച് അവബോധം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ലോകം മുഴുവന്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ വളര്‍ന്നു വരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് മറവി രോഗം (ഡിമെന്‍ഷ്യ). ആഗോളതലത്തില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. അഞ്ചുകോടിയോളം ജനങ്ങള്‍ രോഗത്തിന് അടിപ്പെട്ടവരാണ്. ഇന്ത്യയില്‍ മാത്രംഏതാണ്ട് 40 ലക്ഷത്തോളം മറവി രോഗികളുണ്ട്.

ആരോഗ്യസംരക്ഷണത്തിന്റെ വളര്‍ച്ചയിലൂടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചത് ഇതിനൊരു കാരണമാകാം. എന്നാല്‍ മറവിരോഗത്തെ ചുറ്റിപറ്റി ഒരുപാടു ദൂഷണങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നതാണ് ദൗര്‍ഭാഗ്യകരം. വ്യക്തിയുടെ ഓര്‍മ, ചിന്ത, പെരുമാറ്റം, വികാരങ്ങള്‍ എന്നിവയെ എല്ലാം ബാധിക്കുന്ന രോഗങ്ങളുടെ കൂട്ടായ്മയുടെ പേരാണ് ഡിമെന്‍ഷ്യ. ഇതു സംബന്ധിച്ച് ആദ്യമായി വിശദീകരണം നല്‍കിയ ജര്‍മന്‍ സൈക്ക്യാട്രിസ്റ്റ് അലോയിസ് അല്‍ഷിമറിന്റെ പേരാണ് ഈ രോഗത്തിന് നല്‍കിയിരിക്കുന്നത്. ഡിമെന്‍ഷ്യ വെറുമൊരു അംനേഷ്യ അല്ലെന്ന കാര്യം മനസിലാക്കണം, അത് ഓര്‍മയെ മാത്രമല്ല ബാധിക്കുന്നത്. എന്നാല്‍ എല്ലാ ഡിമെന്‍ഷ്യകളും അല്‍ഷിമേഴ്‌സിന്റെ വകഭേദങ്ങളുമല്ല.

ചില വ്യത്യസ്തമായ കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അല്‍ഷിമേഴ്‌സ് മൂലമുള്ള മറവി രോഗം കൂടുതലും പ്രായമായവരെയാണ് ബാധിക്കുന്നത്. പ്രായമാകുമ്പോള്‍ സാധാരണ കണ്ടുവരാറുള്ള ഓര്‍മക്കുറവിനപ്പുറം അപാകതകള്‍ കാണുമ്പോള്‍ മക്കളോ ബന്ധുക്കളോ ആണ് രോഗിയെ കൂട്ടിക്കൊണ്ടു വരുന്നത്. ലക്ഷണങ്ങളുടെ ആരംഭം സാവധാനമായതിനാല്‍ എപ്പോഴാണ് കുഴപ്പങ്ങള്‍ തുടങ്ങിയതെന്ന് പോലും കൃത്യമായി അവര്‍ക്ക് പറയാനാവില്ല. ഡിമെന്‍ഷ്യ ബാധിച്ചാല്‍ നിത്യജീവിതത്തിലെ പല പതിവുകളും ഇവര്‍ മറന്നു തുടങ്ങും. പ്രാതലും അത്താഴവും കഴിച്ച കാര്യം മറന്ന് വീണ്ടും അത് ആവശ്യപ്പെട്ടേക്കാം. പ്രായം കൂടുന്നതും കുടുംബത്തില്‍ ആര്‍ക്കെങ്കിലും അല്‍ഷിമേഴ്‌സ് വന്ന പാരമ്പര്യം ഉണ്ടെങ്കിലും ഡിമെന്‍ഷ്യക്കുള്ള സാധ്യത വര്‍ധിക്കും.

ഇതില്‍ പ്രായംതന്നെയാണ് പ്രധാന വില്ലന്‍. ഡിമെന്‍ഷ്യ ബാധിതര്‍ മറവി കൂടാതെ പെരുമാറ്റത്തിലും മനശാസ്ത്രപരമായും ചില പുതിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇത് കാഴ്ചക്കാരില്‍ ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. എന്നാല്‍ പെരുമാറ്റ വൈകല്യങ്ങള്‍ ശബ്ദങ്ങളായി പുറത്തു വന്നുതുടങ്ങുമ്പോള്‍ ശുശ്രൂഷകര്‍ രോഗത്തെ കുറിച്ച് ബോധവാന്മാരായിട്ടുണ്ടാകും. ഭയം, നിരാശ, അപരാധം, ഉറക്കക്കുറവ്, വിദ്വേഷം തുടങ്ങിയവയെല്ലാം ഡിമെന്‍ഷ്യയുടെ പെരുമാറ്റ, മനശാസ്ത്രപരമായ ലക്ഷണങ്ങളാണ്. ചില രോഗികളില്‍ സംശയങ്ങള്‍ ഉടലെടുത്തു തുടങ്ങും. പ്രത്യേകിച്ച് ശുശ്രൂഷകരോടായിരിക്കും ഇത്. ശുശ്രൂഷകര്‍ അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും പണം അപഹരിക്കാനോ വിലപിടിപ്പുള്ള എന്തെങ്കിലും എടുത്തുകൊണ്ടു പോകാനോ ശ്രമിക്കുന്നതായും തോന്നിത്തുടങ്ങും.

ഡിമെന്‍ഷ്യ രോഗനിര്‍ണയം വ്യക്തിക്കും കുടുംബത്തിനും ഒരുപോലെ വിനാശകരമായ അനുഭവമായിരിക്കും. ഡിമെന്‍ഷ്യയുടെ പ്രാഥമിക ഘട്ടമാണെങ്കില്‍ പോലും രോഗനിര്‍ണം രോഗിയെ നിരാശയിലാഴ്ത്തും. പ്രാഥമിക ഘട്ടത്തിലെ ഷോക്ക് മറികടക്കാന്‍ രോഗിക്ക് നല്ല പിന്തുണയും മനശാസ്ത്രപരമായ വിലയിരുത്തലും വേണം. രോഗ നിര്‍ണയത്തോടെ കുടുംബാംഗങ്ങള്‍ക്കും ആഘാതമേറ്റപോലെയാകും. ഡിമെന്‍ഷ്യ രോഗനിര്‍ണയം മനസാന്നിധ്യത്തോടെ മനസിലാക്കേണ്ടതും അംഗീകരിക്കേണ്ടതും അത്യാവശ്യമാണ്. മാനസികാരോഗ്യ വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ സഹായിക്കാനാകും. അല്‍ഷിമേഴ്‌സ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ നിര്‍ണയിച്ചു കഴിഞ്ഞാല്‍ പിന്നെ ന്യൂറോളജിസ്റ്റിന്റെയും മനശാസ്ത്രജ്ഞന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാകൂ.

ഡിമെന്‍ഷ്യയുടെ പുരോഗതി തടയുന്നതിനുള്ള പല ചികിത്സകളുമുണ്ട്. ഡിമെന്‍ഷ്യ മൂലമുണ്ടാകുന്ന പെരുമാറ്റ വ്യത്യാസങ്ങളും മനശാസ്ത്രപരമായ മാറ്റങ്ങളും കുറക്കുന്നതിനും വിവിധ ചികിത്സാ മാര്‍ഗങ്ങളുണ്ട്. മനശാസ്ത്രജ്ഞര്‍, ന്യൂറോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഒരു ടീമിന്റെ ശുശ്രൂഷയാണ് ഡിമെന്‍ഷ്യ ബാധിതര്‍ക്കുവേണ്ടത്. കടുത്ത ഓര്‍മക്കുറവും പെരുമാറ്റ വൈകല്യങ്ങളും ശുശ്രൂഷകന്റെ ക്ഷമ പരീക്ഷിക്കുന്നതാവും. ഇതെല്ലാം സംഭവിക്കുന്നത് രോഗത്തിന്റെ ഭാഗമായാണെന്നും മനപൂര്‍വ്വമല്ലെന്നും മനസിലാക്കുന്നതാണ് പ്രധാനം. തലച്ചോറിനുണ്ടാകുന്ന അധോഗമനം കുട്ടികളെ പോലെ പെരുമാറുന്നതിന് വഴിയൊരുക്കും. ഇതെല്ലാം ശുശ്രൂഷകന് വെല്ലുവിളിയാകും.

ആവശ്യമായ ചികിത്സയും ജീവിതശൈലി പരിപാലനവും വഴി ഡിമെന്‍ഷ്യ ബാധിതരെ സാധാരണ ജീവിതത്തിനടുത്തേക്ക് കൂട്ടികൊണ്ടു വരാന്‍ സാധിക്കും. നഷ്ടപ്പെട്ട ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നത് ബുദ്ധിമുട്ടാണ്. ശരിയായ ചികിത്സയിലൂടെ രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും. ഡിമെന്‍ഷ്യ ബാധിതരെ ശുശ്രൂഷിക്കുന്നത് സല്‍ഫലം നല്‍കുമെങ്കിലും വെല്ലുവിളി ഏറെ കടുത്തതാണ്. ഡിമെന്‍ഷ്യയുടെ ആദ്യ ഘട്ടത്തില്‍ രോഗി സ്വതന്ത്രനും കാര്യമായ ശ്രദ്ധ ആവശ്യമില്ലാത്തയാളാണെന്നും തോന്നും. എന്നാല്‍ രോഗം മുന്നോട്ട് പോകുമ്പോള്‍ ശുശ്രൂഷ മതിയാകാതെവരും. മുഴുവന്‍ സമയവും പരിചരണം ആവശ്യമായ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെടുക.

ഡിമെന്‍ഷ്യയുടെ പ്രാഥമിക ലക്ഷണങ്ങള്‍

1. നിത്യജീവിതത്തെ ബാധിക്കുന്ന രീതിയില്‍ ഓര്‍മ്മ
നഷ്ടപ്പെടല്‍
2. മുന്‍കൂട്ടി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബുദ്ധിമുട്ടുക
3. സംസാരിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍
കണ്ടെത്താന്‍ ബുദ്ധിമുട്ടുക
4. സാധനങ്ങള്‍ സ്ഥാനം തെറ്റിച്ച് വെക്കുക,
നഷ്ടപ്പെടുക
5. സാമൂഹ്യപരമായ പിന്മാറ്റം

തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നവജ്യോതി ഡി-അഡിക്ഷന്‍ ക്ലിനിക്കില്‍ കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റാണ് ലേഖകന്‍

Comments

comments

Categories: Slider, Top Stories
Tags: Alzheimers