മികച്ച ക്രോസ്ഓവര്‍ കാറുകള്‍

മികച്ച ക്രോസ്ഓവര്‍ കാറുകള്‍

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നു

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുകള്‍ക്ക് ആവശ്യക്കാരേറുന്ന പ്രവണത ഇന്ത്യയില്‍ വീണ്ടും പ്രകടമായിരിക്കുകയാണ്. കാറുകളില്‍ ചിലത് യഥാര്‍ത്ഥ ക്രോസ്ഓവറാണെങ്കില്‍ മറ്റ് പലതും ക്രോസ്ഓവര്‍ വേഷം ധരിച്ചു എന്ന് പറയുന്നതാവും ശരി. എന്തൊക്കെയായാലും ക്രോസ്ഓവറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യകത വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ ഇപ്പോള്‍ നിരവധി പുതിയ മോഡലുകള്‍ ലഭ്യമാണ്. ഏറ്റവും അവസാനം വിപണിയിലെത്തിയ ക്രോസ്ഓവറാകട്ടെ ടാറ്റ ടിയാഗോ എന്‍ആര്‍ജി. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ക്രോസ്ഓവര്‍, ക്രോസ്ഓവറിന് സമാനമായ കാറുകള്‍ ഇവയാണ്.

ടാറ്റ ടിയാഗോ എന്‍ആര്‍ജി

സ്റ്റാന്‍ഡേഡ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ടിയാഗോ എന്‍ആര്‍ജി. സ്റ്റാന്‍ഡേഡ് ടിയാഗോയുടെ ടോപ് സ്‌പെക് വേരിയന്റില്‍ മാത്രമാണ് ടിയാഗോ എന്‍ആര്‍ജി ലഭിക്കുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ടിയാഗോ എന്‍ആര്‍ജി ലഭിക്കും. ടിയാഗോ എന്‍ആര്‍ജി വേര്‍ഷന് സ്റ്റാന്‍ഡേഡ് ടിയാഗോയേക്കാള്‍ നീളവും വീതിയും ഉയരവും കൂടും. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലി മീറ്ററായി വര്‍ധിച്ചു. ബംപറുകളില്‍ ബ്ലാക്ക് ക്ലാഡിംഗ്, സൈഡ് സ്‌കര്‍ട്ടുകള്‍, വീല്‍ ആര്‍ച്ചുകള്‍, കറുത്ത റൂഫ് റെയിലുകള്‍, റിയര്‍ ബംപറില്‍ ഫോ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നീ സ്റ്റൈലിംഗ് ഫീച്ചറുകള്‍ കാറിന് ക്രോസ്ഓവര്‍ സമാനമായ ഡിസൈന്‍ സമ്മാനിക്കുന്നു. 14 ഇഞ്ച് 4 സ്‌പോക്ക് അലോയ് വീലുകള്‍, വലിയ റൂഫ് മൗണ്ടഡ് സ്‌പോയ്‌ലര്‍, പരിഷ്‌കരിച്ച ഹെഡ്‌ലാംപുകള്‍ & ടെയ്ല്‍ലാംപുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സ്റ്റാന്‍ഡേഡ് ടാറ്റ ടിയാഗോ ഉപയോഗിക്കുന്ന അതേ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് എന്‍ആര്‍ജി പതിപ്പില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ മോട്ടോര്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.05 ലിറ്റര്‍, 3 സിലിണ്ടര്‍, റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 69 ബിഎച്ച്പി കരുത്തും 140 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എന്‍ജിനുകള്‍ക്കും ഒരു ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമാണുള്ളത്. 5 സ്പീഡ് മാന്വല്‍.

ഡെല്‍ഹി എക്‌സ് ഷോറൂം വില : 5.5 ലക്ഷം മുതല്‍ 6.32 ലക്ഷം രൂപ വരെ

മാരുതി സുസുകി ഇഗ്നിസ്

ഇവിടെ പ്രതിപാദിക്കുന്ന മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും കുറവ് ക്രോസ്ഓവറിത്തമുള്ള കാറാണ് മാരുതി സുസുകി ഇഗ്നിസ്. എന്നാല്‍ ബോക്‌സി പ്രൊഫൈല്‍, എക്സ്റ്റീരിയര്‍ ക്ലാഡിംഗ്, ടാള്‍ ബോയ് സ്റ്റാന്‍സ്, 15 ഇഞ്ച് ഹൈ-ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകള്‍, ഡുവല്‍ ടോണ്‍ റൂഫ് എന്നിവ ആകര്‍ഷകങ്ങളാണ്. സവിശേഷ ലുക്കും മാരുതി സുസുകി ഇഗ്നിസിനെ വ്യത്യസ്തമാക്കുന്നു. എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ ഗ്രില്ലിന്റെ കൂടെ നല്‍കിയിരിക്കുന്നു. ഒപ്പമുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ യു ആകൃതിയിലാണ്. എന്നാല്‍ പ്രൊജക്റ്റര്‍ ലൈറ്റുകളും ഡേടൈം റണ്ണിംഗ് ലൈറ്റുകളും ടോപ് ആല്‍ഫ വേരിയന്റില്‍ മാത്രമേ ലഭിക്കൂ. സുസുകി ടെക്റ്റ് (ടോട്ടല്‍ ഇഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജി) ബോഡി, ഇബിഡി സഹിതം എബിഎസ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡാണ്.

ആവശ്യക്കാര്‍ കുറഞ്ഞതിനെതുടര്‍ന്ന് ഈ വര്‍ഷമാദ്യം ഡീസല്‍ ഇഗ്നിസ് അവസാനിപ്പിച്ചിരുന്നു. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് മാരുതി സുസുകി ഇഗ്നിസ് ലഭിക്കുന്നത്. ഈ മോട്ടോര്‍ 83 ബിഎച്ച്പി കരുത്തും 113 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

ഡെല്‍ഹി എക്‌സ് ഷോറൂം വില : 4.66 ലക്ഷം മുതല്‍ 7.05 ലക്ഷം രൂപ വരെ

ഫോഡ് ഫ്രീസ്റ്റൈല്‍

ഇന്ത്യയില്‍ ഫോഡ് നിരയിലെ ഏറ്റവും പുതിയ അംഗമായ ഓള്‍-ന്യൂ ഫ്രീസ്റ്റൈല്‍ കമ്പനിയുടെ ആദ്യ ക്രോസ്ഓവര്‍ കാര്‍ കൂടിയാണ്. ഫിഗോ ഹാച്ച്ബാക്ക് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഫ്രീസ്റ്റൈല്‍. നല്ല റോഡ് പ്രസന്‍സ് കാഴ്ച്ചവെയ്ക്കാന്‍ ഫോഡ് ഫ്രീസ്റ്റൈലിന് കഴിയും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ഡാഷ് ടോപ്പ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഫോഡിന്റെ സിങ്ക്3 കണക്റ്റിവിറ്റി സിസ്റ്റം എന്നിവ സ്മാര്‍ട്ട് ഫീച്ചറുകളാണ്. റിവേഴ്‌സ് പാര്‍ക്കിംഗ് സിസ്റ്റം, ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേഡാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഫോഡ് ഫ്രീസ്റ്റൈല്‍ ലഭിക്കും. ഡ്രാഗണ്‍ സീരീസില്‍ ഉള്‍പ്പെടുന്ന ഓള്‍-ന്യൂ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 94 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ വേരിയന്റിലെ വിശ്വസ്തനായ 1.5 ലിറ്റര്‍ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. രണ്ട് എന്‍ജിനുകളുമായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തിരിക്കുന്നു.

ഡെല്‍ഹി എക്‌സ് ഷോറൂം വില : 5.23 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെ

ഹ്യുണ്ടായ് ഐ20 ആക്റ്റിവ്

ടോപ് 5 ക്രോസ്ഓവറുകളില്‍ ഏറ്റവും ആദ്യം വിപണിയിലെത്തിയ ക്രോസ്ഓവര്‍ ഹാച്ച്ബാക്കാണ് ഹ്യുണ്ടായ് ഐ20 ആക്റ്റിവ്. ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ, ഫിയറ്റ് അവെഞ്ചുറ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും അത്യാവശ്യം ആവശ്യക്കാരുള്ള ഒരേയൊരു ക്രോസ്ഓവറാണ് ഹ്യുണ്ടായ് ഐ20 ആക്റ്റിവ്. 2018 ഐ20 ആക്റ്റിവ് ഹ്യുണ്ടായ് ഈയിടെ വിപണിയിലെത്തിച്ചിരുന്നു. റീസ്റ്റൈല്‍ ചെയ്ത എക്സ്റ്റീരിയര്‍, പുതിയ ഡുവല്‍ ടോണ്‍ (നീല-വെളുപ്പ്) പെയിന്റ്‌ജോബ്, പരിഷ്‌കരിച്ച ഗ്രില്‍, ബംപറുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഐ20 ആക്റ്റിവിന് സവിശേഷ ലുക്ക് സമ്മാനിക്കുന്നു.

പുതിയ ഗ്രേസ്‌കെയില്‍ തീമിലുള്ള ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സൈഡ് എസി വെന്റുകളിലും സീറ്റുകളിലും ഗിയര്‍ നോബിലും നീലനിറ സാന്നിധ്യം (കാറിന്റെ നിറത്തിന് അനുസരിച്ച് ഇവിടെയും നിറം മാറും) എന്നിവ നല്‍കി കാബിന്‍ പരിഷ്‌കരിച്ചു. ഐ20 യില്‍ കാണുന്ന അതേ അപ്‌ഹോള്‍സ്റ്ററിയാണ് ഐ20 ആക്റ്റിവിലും നല്‍കിയിരിക്കുന്നത്. എന്‍ജിനുകളില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ കപ്പ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 1.4 ലിറ്റര്‍ യു2 ഡീസല്‍ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും.

ഡെല്‍ഹി എക്‌സ് ഷോറൂം വില :7.05 ലക്ഷം മുതല്‍ 10.07 ലക്ഷം രൂപ വരെ.

ഹോണ്ട ഡബ്ല്യുആര്‍-വി

ജാപ്പനീസ് കമ്പനിയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ് ഹോണ്ട ഡബ്ല്യുആര്‍-വി. ഇവിടെ കൊടുക്കുന്ന ടോപ് 5 ക്രോസ്ഓവര്‍ കാറുകളില്‍ ഏറ്റവും കൂടുതല്‍ വില വരുന്ന വാഹനവും മറ്റൊന്നല്ല. ജാസ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ഡബ്ല്യുആര്‍-വി മാന്യമായ പെര്‍ഫോമന്‍സ് പുറത്തെടുക്കും. കാബിന്‍ വിശാലമാണ്. ഓപ്ഷണല്‍ വൈഫൈ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍, മള്‍ട്ടി ഫംഗ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെഗ്‌മെന്റില്‍ ആദ്യമായി ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് ഫീച്ചറുകള്‍.

ഹോണ്ടയുടെ പരീക്ഷിച്ചുവിജയിച്ച 1.2 ലിറ്റര്‍, ഐ-വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. പെട്രോള്‍ വേരിയന്റ് 17.5 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമ്പോള്‍ ഡീസല്‍ വേരിയന്റ് ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന 25.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സമ്മാനിക്കുന്നത്.

ഡെല്‍ഹി എക്‌സ് ഷോറൂം വില : 7.79 ലക്ഷം മുതല്‍ 10.26 ലക്ഷം രൂപ വരെ

Comments

comments

Categories: Auto