അഭിലാഷ് ടോമി എന്ന സാഹസികന്‍

അഭിലാഷ് ടോമി എന്ന സാഹസികന്‍

ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ മത്സരത്തില്‍ പങ്കെടുക്കവേയാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 18 പേരാണ്. ഇതില്‍ എട്ട് പേര്‍ ഇടയ്ക്കു വച്ച് പിന്മാറിയിരുന്നു. ബാക്കിയുള്ള 11 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. അപകടത്തില്‍പ്പെടുന്നതു വരെ മൂന്നാം സ്ഥാനത്ത് തുടരുകയായിരുന്നു അഭിലാഷ് ടോമി.

സാഹസികര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ് ഒറ്റയ്ക്കുള്ള സമുദ്രയാത്ര. ഒന്നോര്‍ത്ത് നോക്കൂ, ഒറ്റയ്ക്ക്, ഒരു ചെറിയ പായ് വഞ്ചിയില്‍, അത്യാധുനിക വാര്‍ത്താവിനിമ സംവിധാനങ്ങളൊന്നുമില്ലാതെ, ദിവസങ്ങളോളം കാറ്റിനെയും, കടലിനെയും നിയന്ത്രിച്ച്, രാത്രിയും, പകലും യാത്ര ചെയ്യുന്നത്് എത്രമാത്രം മടുപ്പ് ഉളവാക്കുന്നതാണെന്ന്. മടുപ്പ് മാത്രമോ, കടലില്‍ പതുങ്ങിയിരിക്കുന്ന അപകട സാധ്യതയും എത്രയോ വലുതാണ്. അലറി വിളിച്ചാല്‍ പോലും ആരും കേള്‍ക്കാനില്ലാത്ത ഇടങ്ങള്‍ നിരവധിയുണ്ട് അവിടെ. എന്നിട്ടും അവയെല്ലാം നേരിടാനുറച്ച് കടല്‍ യാത്രയ്ക്ക് ഇറങ്ങുന്നവരെ ധീരന്മാരെന്നല്ലാതെ നമ്മള്‍ വേറെ എന്ത് പേര് വിളിക്കാന്‍. അങ്ങനെയൊരു ധീരനാണ് ഇന്ത്യന്‍ നാവികസേനയിലെ കമ്മാന്‍ഡറായ അഭിലാഷ് ടോമി. അദ്ദേഹം മലയാളി കൂടിയാണെന്നതു നമ്മള്‍ക്ക് കൂടുതല്‍ അഭിമാനിക്കാന്‍ വക നല്‍കുന്നു. അഭിലാഷ് ടോമിയെ കുറിച്ച് നമ്മള്‍ ആദ്യമായി കേള്‍ക്കുന്നത് 2012 നവംബര്‍ ഒന്നിനാണ്.അന്ന് അദ്ദേഹം മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്നും ഐഎന്‍എസ്Vമാധേയ് എന്ന പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റി സഞ്ചരിക്കാനിറങ്ങി. 151 ദിവസത്തെ യാത്രയ്ക്കു ശേഷം 2013 മാര്‍ച്ച് 31ന് തിരിച്ചെത്തി. 2013 ഏപ്രില്‍ ആറിന് അദ്ദേഹത്തെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി പങ്കെടുത്തു. ഈ വര്‍ഷം ജുലൈ ഒന്നിനാണ് വീണ്ടും ലോകം ഒറ്റയ്ക്കു ചുറ്റിക്കറങ്ങാന്‍ അദ്ദേഹം പായ്‌വഞ്ചിയുമായി ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോനില്‍നിന്നും പുറപ്പെട്ടത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ഭാഗമായിട്ടായിരുന്നു ഈ യാത്ര. എന്നാല്‍ 84 ദിവസം പിന്നിട്ട, 10,500 നോട്ടിക്കല്‍ മൈല്‍ ദൂരം പിന്നിട്ട ഈ യാത്രയില്‍ അദ്ദേഹത്തെ കാത്തിരുന്നത് വലിയൊരു അപകടമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെക്ക് ഭാഗത്ത്, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നും ഏകദേശം 1,900 നോട്ടിക്കല്‍ മൈല്‍ ദൂരം അകലെയായി അഭിലാഷ് ടോമി സഞ്ചരിച്ച തുരിയ എന്ന പായ്ക്കപ്പല്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും, മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റുമാണ് അപകടത്തിനു കാരണമായത്. മൗറീഷ്യസിനു സമീപം നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യന്‍ നാവികസേനയുടെ വിമാനമാണ് അഭിലാഷ് ടോമി സഞ്ചരിച്ച പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടതായി കണ്ടെത്തിയത്.

ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രം

കടല്‍ യാത്ര എന്നും സാഹസികതയും കൗതുകവും നിറഞ്ഞതാണ്. കടല്‍ യാത്രയെ കുറിച്ച് എത്രയെത്ര കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. എത്രയോ സിനിമകള്‍ വീക്ഷിച്ചിരിക്കുന്നു. എന്നാല്‍ സിനിമകളെ വെല്ലുന്ന ഒരു സാഹസിക സമുദ്രയാത്ര 1966ല്‍ നടന്നു. അത് 1966-ഓഗസ്റ്റിലായിരുന്നു. ഫ്രാന്‍സിസ് ചികെസ്റ്റര്‍ എന്ന ബ്രിട്ടീഷുകാരനായ Yachtsman (കപ്പലോടിക്കുന്നവന്‍) ലോകം ചുറ്റിയടിക്കാനായി ഇംഗ്ലണ്ടില്‍നിന്നും ഓസ്‌ട്രേലിയയിലേക്ക് ഒറ്റയ്ക്കു പായ്ക്കപ്പലില്‍ യാത്രയാരംഭിച്ചു. അഞ്ച് മുനമ്പുകളിലൂടെ (capes) ആയിരുന്നു അദ്ദേഹം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തത്. 16 മീറ്റര്‍ നീളമുള്ള ജിപ്‌സി മോത്ത് IV (Gipsy Moth IV) എന്ന പായ്ക്കപ്പലിലാണ് ഫ്രാന്‍സിസ് ചികെസ്റ്റര്‍ യാത്ര നടത്തിയത്. 226 ദിവസമെടുത്തു ലോകം ചുറ്റാന്‍. ഒരു ചെറിയ പായ്ക്കപ്പലില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ യാത്ര നടത്തിയതിലൂടെ അദ്ദേഹം ചരിത്രത്തിലിടം പിടിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള സാഹസികനും, മികച്ചൊരു നാവികനുമായിരുന്നു ഫ്രാന്‍സിസ് ചികെസ്റ്റര്‍. അദ്ദേഹം ഒറ്റയ്ക്കു നടത്തിയ സമുദ്രയാത്രയെക്കുറിച്ച് ബ്രിട്ടീഷ് പത്രമായ ദി സണ്‍ഡേ ടൈംസ് എക്‌സ്‌ക്ലൂസീവായ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. 1966-ഓഗസ്റ്റ് മാസം ആരംഭിച്ച സമുദ്രയാത്ര 1967 മേയ് മാസം 28ന് വിജയകരമായി അവസാനിച്ചു. യാത്രയിലെ ഹീറോയായ ഫ്രാന്‍സിസ് ചികെസ്റ്ററിനെ എലിസബത്ത് രാജ്ഞി II സര്‍ പദവി നല്‍കി ആദരിക്കുകയും ചെയ്തു. ചികെസ്റ്റര്‍ അങ്ങനെ നിരവധി പേരെ പ്രചോദിപ്പിച്ചു. ചികെസ്റ്ററിനെ മാതൃകയാക്കാന്‍ പിന്നീട് നിരവധി ശ്രമങ്ങളും നടന്നു. അങ്ങനെ 1968-ല്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് എന്ന പായ് വഞ്ചിയോട്ട മത്സരം നടത്താന്‍ തീരുമാനിച്ചു. ദി സണ്‍ഡേ ടൈംസ് എന്ന ബ്രിട്ടീഷ് ന്യൂസ്‌പേപ്പര്‍ സ്ഥാപനമാണു ആദ്യമായി മത്സരം സംഘടിപ്പിച്ചത്. അന്ന് മത്സരം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലായിരുന്നു. ഫീസുമില്ലായിരുന്നു. മത്സരാര്‍ഥികള്‍ക്ക് 1968 ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള സമയങ്ങളില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. 5,000 പൗണ്ടാണു സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. ഒന്‍പത് സെയിലര്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തതില്‍ ഒരാള്‍ മാത്രമാണ് ജേതാവായത്. ആറ് പേര്‍ ഇടയ്ക്കു വച്ചു പിന്മാറി. ഒരാള്‍ അപകടത്തില്‍പ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റൊരാളെ കാണാതായി. ഇയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ട്. മത്സരം അവസാനിച്ചത് 1969 ഏപ്രിലിലായിരുന്നു. ബ്രിട്ടീഷ് മര്‍ച്ചന്റ് നേവിയിലെ നാവികനായ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണനാണ് വിജയിയായത്. കടലിലൂടെ ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ, പരസഹായമില്ലാതെ ലോകം ചുറ്റുന്ന പായ് വഞ്ചിയോട്ടത്തില്‍ അങ്ങനെ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ വിജയിച്ചു. റോബിന് പിന്നീട് സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

50-ാം വാര്‍ഷികം

1968-ല്‍ ബ്രിട്ടീഷുകാരന്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ ഒറ്റയ്ക്ക് നടത്തിയ ഗോള്‍ഡന്‍ ഗ്ലോബ് റേസെന്ന സമുദ്ര യാത്രയുടെ ഓര്‍മയ്ക്കാണ് ഈ വര്‍ഷം സമുദ്ര യാത്ര സംഘടിപ്പിച്ചത്. ഈ വര്‍ഷം ജുലൈ ഒന്നിനായിരുന്നു ഫ്രാന്‍സിലെ ലെ സാബ്ലേ ദൊലോനില്‍നിന്നും അഭിലാഷ് ടോമി പുറപ്പെട്ടത്. 2019 ഏപ്രിലില്‍ ഇതേ സ്ഥലത്ത് മത്സരാര്‍ഥികള്‍ തിരിച്ചെത്തുകയും ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു സ്‌പെയ്ന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരും. ഈ മത്സരത്തില്‍ 18 പേരാണ് പങ്കെടുക്കുന്നത്. ഏഷ്യയില്‍നിന്നുള്ള ഏക വ്യക്തിയും അഭിലാഷ് ടോമിയാണ്. മത്സരത്തില്‍ മാനദണ്ഡമായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. ആധുനിക കാലത്തെ സാങ്കേതിക സംവിധാനങ്ങളായ ഡിജിറ്റല്‍ ക്യാമറ, ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ്. 50 വര്‍ഷം മുമ്പ് സമുദ്ര പര്യവേക്ഷണത്തിനായി ഉപയോഗിച്ചിരുന്ന രീതികളാണു പിന്തുടരേണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ വടക്കുനോക്കിയന്ത്രവും, റൂട്ട് മാപ്പുകളും മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിനു പുറമേ വെബ് ട്രാക്കിംഗിനായി ഒരു സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സിസ്റ്റം, ഷോര്‍ട്ട് ടെക്‌സ്റ്റ് പേജിംഗ് യൂണിറ്റ്, രണ്ട് സാറ്റ്‌ലൈറ്റ് ഫോണ്‍, ജിപിഎസ് ചാര്‍ട്ട്‌പ്ലോട്ടര്‍ എന്നിവയും റേസിംഗിന് അനുവദിച്ചു.

തുരിയ പായ്‌വഞ്ചി

ഞാന്‍ എന്ന ഭാവം ഉപേക്ഷിച്ചു സമ്പൂര്‍ണ സമത്വം കൈവരുന്ന അവസ്ഥ-ഇതാണ് തുരിയയുടെ അര്‍ഥം. ഗോള്‍ഡന്‍ ഗ്ലോബ് റേസിംഗില്‍ പങ്കെടുത്ത അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ പേരും തുരിയ എന്നായിരുന്നു. ഗോവയിലെ തുറമുഖത്താണ് വഞ്ചി നിര്‍മിച്ചത്. വഞ്ചി നിര്‍മിക്കാന്‍ കേരളത്തില്‍നിന്നുള്ള തടിയും ഉപയോഗിച്ചു. പായ വിദേശനിര്‍മിതമായിരുന്നു.

അഭിലാഷ് ടോമി

ആലപ്പുഴ സ്വദേശിയായ അഭിലാഷ് ടോമി 1979 ഫെബ്രുവരി അഞ്ചിനാണ് ജനിച്ചത്. പിതാവ് നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം ചെലവഴിച്ചത് നാവികസേനയുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു. അതു കൊണ്ടു തന്നെ നാവികസേനയെ കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിച്ചു. പഠനം പൂര്‍ത്തിയാക്കിയതോടെ നാവികസേനയില്‍ ചേര്‍ന്നു. നാവികസേനയില്‍ കമാന്‍ഡര്‍ പദവി വഹിക്കുന്ന അഭിലാഷ് ടോമിക്ക് രാജ്യം 2013-ല്‍ കീര്‍ത്തിചക്ര പുരസ്‌ക്കാരം സമ്മാനിച്ചു.

Comments

comments

Categories: FK News, Slider