‘ബീറ്റിൽ’ യാത്ര അവസാനിപ്പിക്കുന്നു

‘ബീറ്റിൽ’ യാത്ര അവസാനിപ്പിക്കുന്നു

70 വർഷത്തിലേറെ വരുന്ന ചരിത്രവുമായി സഞ്ചരിച്ച കാറാണ് ഫോക്‌സ്‌വാഗന്റെ ബീറ്റിൽ. മുകൾഭാഗം വളഞ്ഞ, രണ്ട് ഡോറുകളുള്ള, എഞ്ചിൻ പിൻഭാഗത്തുള്ള ബീറ്റിൽ കാർ നാസി കാലഘട്ടത്തിലാണ് പിറവിയെടുത്തതെങ്കിലും പിന്നീട് അതിന്റെ നാസി പൈതൃകം വലിച്ചെറിഞ്ഞ് ആഗോള ഓട്ടോമൊബീൽ രംഗത്ത് വലിയൊരു സംഭവമായി മാറുകയായിരുന്നു. അമേരിക്കയിലും, ഫ്രാൻസിലും, മെക്‌സിക്കോയിലും, ഇറ്റലിയിലുമടക്കമുള്ള രാജ്യങ്ങളിൽ എഴുപതിലധികം പ്രാദേശിക പേരുകളിൽ ബീറ്റിൽ അറിയപ്പെടുന്നു.

നീണ്ട 70 വർഷം ലോകമെമ്പാടും മന്ദം മന്ദം ചലിച്ച്, അംഗീകാരമാർജ്ജിച്ച്, നിരവധി പേരുടെ മനസിൽ ബിംബമായി മാറിയ, പോപ് സംസ്‌കാരത്തിന്റെ പ്രതീകമായ ഫോക്‌സ്‌വാഗന്റെ ചെറുവാഹനമായ ബീറ്റിൽ യാത്രാ വന്ദനം ചൊല്ലിയിരിക്കുന്നു. 2019 ജുലൈയിൽ ബീറ്റിലിന്റെ നിർമാണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണു ഫോക്‌സ്‌വാഗൻ. ബീറ്റിലിന്റെ നിർമാണം അവസാനിപ്പിക്കും മുമ്പ്, കമ്പനി Final Edition SE, Final Edition SEL എന്ന പേരുകളിൽ രണ്ട് പ്രത്യേക മോഡലുകൾ അവതരിപ്പിക്കുമെന്നു ഫോക്‌സ്‌വാഗൻ ഗ്രൂപ്പ് ഓഫ് അമേരിക്കയുടെ സിഇഒയും പ്രസിഡന്റുമായ ഹിൻറിച്ച് ജെ. വോബക്കൻ അറിയിച്ചു. ഫോക്‌സ്‌വാഗൻ ഒരു നിർണായക വഴിത്തിരിവിൽ നിൽക്കുമ്പോഴാണു ബീറ്റിൽ യാത്ര അവസാനിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വായുമലിനീകരണ നിയന്ത്രണങ്ങളിൽ (ഡീസൽ എമിഷൻ ടെസ്റ്റ്) ക്രമക്കേട് കാണിച്ചതിന്റെ പേരിൽ ജർമൻ വാഹന നിർമാതാവായ ഫോക്‌സ്‌വാഗന്റെ പ്രതിച്ഛായ തകർന്നിരിക്കുകയായിരുന്നു. ഇതിനെ മറികടക്കാൻ കമ്പനി പരിസ്ഥിതി ബോധമുള്ള പുതുതലമുറയെ ആകർഷിക്കും വിധമുള്ള ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പ് നടത്തുകയാണ്. വായുമലിനീകരണ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട അഴിമതിയും, അഴിമതി വരുത്തിവച്ച പേരുദോഷം മറികടക്കാൻ പരിസ്ഥിതി സൗഹാർദ്ദമായ ഇലക്ട്രിക് വാഹന സെഗ്‌മെന്റിൽ നടത്തിയ വലിയ നിക്ഷേപവുമാണു ഫോക്‌സ്‌വാഗനെ ബീറ്റിൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന്

റിപ്പോർട്ടുണ്ട്.

ജർമനിയുടെ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറാണു ബീറ്റിൽ കാറിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തി. ഫോക്‌സ്‌വാഗൻ എന്നത് ജർമൻ പദമാണ്. ഇതിന്റെ അർഥം ജനങ്ങളുടെ കാർ എന്നാണ്. ഫോക്‌സ്‌വാഗൻ സ്ഥാപിതമായത് 1932-ലാണ്. ബെർലിനിൽ ജർമൻ ലേബർ ഫ്രണ്ടാണു ഫോക്‌സ്‌വാഗൻ കമ്പനി സ്ഥാപിച്ചത്. 1930-കളുടെ ആരംഭത്തിൽ, ജർമൻ വാഹന വ്യവസായം ആഡംബര മോഡലുകൾ മാത്രം ഉൾപ്പെട്ടതായിരുന്നു. ഒരു ശരാശരി ജർമൻകാരനു മോട്ടോർ സൈക്കിളിന് അപ്പുറത്തേയ്ക്ക് ഒന്നും സ്വന്തമാക്കുവാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. 50 ജർമൻകാരിൽ ഒരാൾക്കു മാത്രമായിരുന്നു കാർ സ്വന്തമായി ഉണ്ടായിരുന്നത്. 1934-ൽ ഹിറ്റ്‌ലർ, ജനങ്ങൾക്ക് വേണ്ടി ഒരു കാർ ഡിസൈൻ ചെയ്യാൻ ഓട്ടോമോട്ടീവ് എൻജിനീയറായ ഫെർഡിനാൻഡ് പോർഷെയോട് നിർദേശിച്ചു. കാർ സ്വന്തമാക്കാൻ എല്ലാ ജർമൻകാർക്കും സാധിക്കണമെന്നു ഹിറ്റ്‌ലർ ആഗ്രഹിച്ചിരുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ, മൂന്ന് കുട്ടികൾക്കും, രണ്ട് മുതിർന്നവർക്കും സഞ്ചരിക്കാൻ സാധിക്കുന്ന കാർ ആയിരുന്നു ഹിറ്റ്‌ലറുടെ മനസിൽ. അങ്ങനെ 1938-ൽ ബീറ്റിൽ രൂപം കൊണ്ടു. പിറകിലായിരുന്നു എൻജിൻ. രണ്ട് പേർക്ക് സഞ്ചരിക്കാൻ സാധിക്കും വിധമാണു കാർ നിർമിച്ചത്. ഒരു സേവിംഗ്‌സ് സ്‌കീമിലൂടെ അഥവാ സമ്പാദ്യ പദ്ധതിയിലൂടെ ജർമനിയിലെ എല്ലാ പൗരന്മാർക്കും ബീറ്റിൽ ലഭ്യമാക്കുകയുണ്ടായി. അന്ന് ബീറ്റിലിന്റെ വില 990 Reichsmark ആയിരുന്നു. (അക്കാലത്ത് ജർമനിയിൽ ആഴ്ചയിൽ ഒരു തൊഴിലാളിയുടെ ശരാശരി വരുമാനമെന്നത് 32 Reichsmark ആയിരുന്നു.Reichsmark എന്നത് 1924 മുതൽ 1948 വരെ ജർമനിയിലുണ്ടായിരുന്ന കറൻസിയാണ്. പിന്നീട് അവിടെ Deutsche Mark നിലവിൽ വന്നു). ഹിറ്റ്‌ലർ കാറിനോട് അമിതമായ ഇഷ്ടം പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു. ഓട്ടോ റേസുകളിൽ ഹിറ്റ്‌ലർ പങ്കെടുത്തിരുന്നു. കാറുകളെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വായിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജർമനിയുടെ ഏകാധിപതിയായിരുന്നപ്പോഴും അദ്ദേഹം കാറിൽ ഡ്രൈവറിന് തൊട്ടടുത്തുള്ള സീറ്റിൽ ഇരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.

ആദ്യ കാലത്ത് കാർ ഫോക്‌സ്‌വാഗൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 1938 ജുലൈ 13-ന് ന്യൂയോർക്ക് ടൈംസ് എന്ന പത്രമാണ് ‘ബീറ്റിൽ’ എന്ന പേരിട്ടത്. ബീറ്റിൽസ് ഇന്ന് വിവിധ രാജ്യങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഫ്രാൻസിൽ ലേഡി ബഗ് അഥവാ Coccinelle എന്ന് അറിയപ്പെടുന്നു. ഇന്തോനേഷ്യയിൽ തവള അഥവാ ഫ്രോഗ് എന്നാണ് അറിയപ്പെടുന്നത്. ഇറ്റലിയിൽ Maggiolino എന്നും ബ്രസീലിൽ Fusca എന്നും അറിയപ്പെടുന്നു.രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനു മുൻപു ബീറ്റിൽ കാറിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങിയെങ്കിലും, 1939-ൽ കാറിന്റെ നിർമാണം നിറുത്തിവയ്‌ക്കേണ്ടി വന്നു. സൈനിക വാഹനങ്ങൾ നിർമിക്കേണ്ടി വന്നതിനാലായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. യുദ്ധത്തിൽ ബീറ്റിൽ കാർ നിർമാണ ഫാക്ടറിക്കു വൻതോതിൽ കേടുപാടുകൾ സംഭവിച്ചു. യുദ്ധത്തിന്റെ അവസാനം, ഫാക്ടറി ബ്രിട്ടീഷ് ഒക്യുപേഷൻ ഫോഴ്‌സസിന്റെ കൈയ്യിലകപ്പെടുകയും ചെയ്തു. ഈ സേന പിന്നീട് ഫാക്ടറി റീ ഓപ്പൺ ചെയ്യുന്നതിനായി ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും എൻജിനീയറുമായ മേജർ ഇവാൻ ഹേസ്റ്റിനെ ചുമതലപ്പെടുത്തി. ഫോക്‌സ്‌വാഗന് ജർമനിയും കടന്ന് ആകർഷിക്കാനുള്ള ശക്തിയുണ്ടെന്നു മനസിലാക്കിയ വ്യക്തി കൂടിയായിരുന്നു ഇവാൻ ഹേസ്റ്റ്.

ഹിപ്പി റൈഡ്

1960-കളിലാണു ഹിപ്പിയിസം പ്രചാരം നേടിയത്. ബീറ്റിലിന് cult status കൈവന്നതും അതേ കാലയളവിലായിരുന്നു. ഹിപ്പിയിസവുമായി സാമ്യമുണ്ടെന്ന പ്രചാരത്തെ തുടർന്നായിരുന്നു അത്. ഇത് കാറിന്റെ വിൽപനയെ വളരെയധികം സഹായിക്കുകയും ചെയ്തു. ബാഹ്യഗുണങ്ങളെക്കാൾ ഉപയോഗ യോഗ്യതയ്ക്കു പ്രാധാന്യം കൽപ്പിക്കുന്ന utilitarian transportation -ന്റെ അടയാളമായി അധികം താമസിയാതെ ബീറ്റിൽ മാറി. 1968-ൽ ‘ദി ലവ് ബഗ് ‘ എന്ന ഡിസ്‌നി മൂവി, ബീറ്റിലിനു വീണ്ടും പ്രശസ്തി നേടിക്കൊടുത്തു.

 

 

25 എച്ച്.പിയുള്ള ആദ്യ ബീറ്റിൽ

ആദ്യമായി പുറത്തിറങ്ങിയ ബീറ്റിലിന് 25 ഹോഴ്‌സ് പവറായിരുന്നു ശക്തി. മണിക്കൂറിൽ 100 കി.മി വേഗതയും. 1974-ൽ ബീറ്റിലിനു പിൻഗാമിയായി ഫോക്‌സ്‌വാഗൻ ഗോൾഫ് പുറത്തിറക്കി. 1994-ൽ ആദ്യ ബീറ്റിലിന്റെ രൂപമുള്ള കൺസെപ്റ്റ് കാർ പുറത്തിറക്കി. 1998,2010,2011 വർഷങ്ങളിൽ ബീറ്റിലിന്റെ പുതുരൂപങ്ങൾ അവതരിച്ചെങ്കിലും ലോകം അംഗീകരിച്ച രൂപത്തിൽനിന്നും മാറാൻ കമ്പനി തയാറായില്ല. 1938-ൽ ആദ്യ പതിപ്പ് ഇറങ്ങിയതു മുതൽ 2003 വരെ ബീറ്റിൽ കാറിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങളും വരുത്തിയിരുന്നില്ല. ഇക്കാലയളവിൽ വിറ്റഴിച്ചത് 21.5 മില്യൻ കാറുകളാണ്. 1950-കളുടെ ആരംഭത്തിൽ ബീറ്റിൽ കാറുകൾ അമേരിക്കൻ വിപണിയിലെത്തിയെങ്കിലും നാസി ബന്ധമുള്ളത് കാറിന്റെ വിൽപനയെ ബാധിച്ചു. എന്നാൽ 1959-ൽ പരസ്യ ഏജൻസിയായ Doyle Dane Bernback മികച്ച പരസ്യതന്ത്രത്തിലൂടെ വിപണിയിൽ ബീറ്റിലിനെ ആകർഷണീയമാക്കിയെടുത്തു. വാഹനത്തിന്റെ ഒതുക്കമുള്ള രൂപം ഗുണകരമായിരിക്കുമെന്ന് ഉപഭോക്താവിനെ ബോദ്ധ്യപ്പെടുത്താൻ അവർക്കു സാധിച്ചു.Think Small എന്നതായിരുന്നു അവർ പരസ്യത്തിന് ഉപയോഗിച്ച വാക്ക്. പിന്നീട് 1968-ല്‍ ദി ലവ് ബഗ് എന്ന ഡിസ്‌നി മൂവി പുറത്തിറങ്ങിയതും കാറിന്റെ വില്‍പ്പനയ്ക്കു സഹായകരമായി.

Comments

comments

Categories: Auto