വസീറാനി ഷൂല്‍ ഇന്ത്യയില്‍ ഈ മാസം 26 ന് അനാവരണം ചെയ്യും

വസീറാനി ഷൂല്‍ ഇന്ത്യയില്‍ ഈ മാസം 26 ന് അനാവരണം ചെയ്യും

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാറാണ് വസീറാനി ഷൂല്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഈ മാസം 26 ന് വസീറാനി ഷൂല്‍ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ അനാവരണം ചെയ്യും. മുംബൈയില്‍ വെച്ചായിരിക്കും ഷൂലിന്റെ സ്‌പെഷല്‍ മോഡല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാറാണ് വസീറാനി ഷൂല്‍. ഈ വര്‍ഷത്തെ ഗുഡ്‌വുഡ് സ്പീഡ് ഫെസ്റ്റിവലില്‍ വസീറാനി ഷൂല്‍ ആദ്യം അനാവരണം ചെയ്തിരുന്നു. മുംബൈ ആസ്ഥാനമായ വസീറാനി ഓട്ടോമോട്ടീവ് എന്ന പുതിയ ഇന്ത്യന്‍ കാര്‍ കമ്പനിയുടെ ടര്‍ബൈന്‍-ഇലക്ട്രിക് ഹൈപ്പര്‍കാറാണ് ഷൂല്‍.

ഡിസൈനറും സഹസ്ഥാപകനുമായ ചങ്കി വസീറാനിയാണ് ഷൂല്‍ സാക്ഷാല്‍ക്കരിച്ചത്. ഇതിനായി ഫോഴ്‌സ് ഇന്ത്യ എഫ് വണ്‍ ടീമിന്റെയും ടയര്‍ നിര്‍മ്മാതാക്കളായ മിഷെലിന്റെയും സഹായം ലഭിച്ചിരുന്നു. ചങ്കി വസീറാനി നേരത്തെ ജാഗ്വാര്‍ ലാന്‍ഡ് റോവറിലും റോള്‍സ് റോയ്‌സിലും പ്രവര്‍ത്തിച്ചിരുന്നു. ജെറ്റ് ടര്‍ബൈന്‍-ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് കാര്‍ ഉപയോഗിക്കുന്നത്. യുകെയിലെ കമ്പനിയുമായി ചേര്‍ന്നാണ് ടര്‍ബൈന്‍ വികസിപ്പിച്ചതെന്ന് വസീറാനി പറഞ്ഞു. പെട്രോള്‍ ഉപയോഗിച്ചും ഹൈപ്പര്‍കാര്‍ ഓടിക്കാം.

സ്വതന്ത്രമായ ടോര്‍ക്ക് വെക്ടറിംഗ് സാധ്യമാകുന്നതിന് ഓരോ ചക്രത്തിന് സമീപം ഓരോ ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുകയാണ്. കാര്‍ബണ്‍ ഫൈബര്‍ ടബ് ഷാസിയിലാണ് ഷൂല്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ബോഡിയില്‍ വ്യാപകമായി കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചിരിക്കുന്നു. ഡ്രാഗ് പരമാവധി കുറയ്ക്കുംവിധമാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഏകദേശം മുന്നൂറ് കിലോഗ്രാം മാത്രമാണ് ബാറ്ററി പാക്കിന്റെ ഭാരം. ഇവ ‘ഓണ്‍ ദ ഗോ’യില്‍ ചാര്‍ജ് ചെയ്യപ്പെടും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളില്‍ തന്റെ കമ്പനിക്ക് താല്‍പ്പര്യമില്ലെന്ന് ചങ്കി വസീറാനി പറഞ്ഞു. മികച്ച ഹാന്‍ഡ്‌ലിംഗ് ലഭിക്കുംവിധമാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ ബ്രേക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു.

കാര്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ ആയിരിക്കില്ലെന്ന് ചങ്കി വസീറാനി പറഞ്ഞു. ഉല്‍പ്പാദനം മിക്കവാറും കാലിഫോര്‍ണിയയില്‍ ആയിരിക്കും. കാലിഫോര്‍ണിയയിലാണ് കമ്പനിയുടെ ഡിസൈന്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ തലസ്ഥാനമാണ് കാലിഫോര്‍ണിയ. മാത്രമല്ല തങ്ങള്‍ക്ക് അവിടെ ബന്ധങ്ങളുണ്ടെന്ന് വസീറാനി വ്യക്തമാക്കി.

Comments

comments

Categories: Auto