ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ടാറ്റ സ്റ്റീല്‍ ഏറ്റെടുക്കും

ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ടാറ്റ സ്റ്റീല്‍ ഏറ്റെടുക്കും

മുംബൈ: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ഏറ്റെടുക്കുന്നതിന് ടാറ്റ സ്റ്റീല്‍ കരാര്‍ ഒപ്പിട്ടു. 4300-4700 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടപ്പാക്കുകയെന്ന് ടാറ്റ സ്റ്റീല്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്‍സിഎല്‍ടിക്ക് (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) പുറത്ത് ടാറ്റ സ്റ്റീല്‍ നടത്തുന്ന ആദ്യത്തെ പ്രധാന ഏറ്റെടുക്കലാണിത്. വായ്പാ ബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഭൂഷണ്‍ സ്റ്റീലിനെ നേരത്തെ ടാറ്റ ഏറ്റെടുത്തിരുന്നു. 36,000 കോടി രൂപ മുടക്കിയാണ് ഭൂഷണ്‍ സ്റ്റീലിന്റെ 72.65 ശതമാനം ഓഹരികള്‍ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തത്. ഉഷ മാര്‍ട്ടിനിന്റെ ജംഷഡ്പ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു മില്യണ്‍ ടണ്‍ ശേഷിയുള്ള സ്‌പെഷ്യാലിറ്റി സ്റ്റീല്‍ പ്ലാന്റ് അടക്കമാണ് ടാറ്റ സ്റ്റീല്‍ ഏറ്റെടുക്കുന്നത്.
ഓഹരി വിറ്റൊഴിയല്‍ നടപടിയുടെ ഭാഗമായി സ്റ്റീല്‍ ബിസിനസിന്റെ ഭാഗമായ എല്ലാ ജീവനക്കാരെയും മാറ്റുമെന്നും വായ്പാ ബാധ്യത തീര്‍ക്കുന്നതിനായി ആദ്യം വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഉഷ മാര്‍ട്ടിന്‍ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. 6-9 മാസത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഷ മാര്‍ട്ടിനിന്റെ 3,700 കോടി രൂപയോളം വരുന്ന വായ്പാ ബാധ്യത തീര്‍ക്കുന്നതിന് ഈ കരാര്‍ സഹായകമാകും.
ഓട്ടോമോട്ടീവ് മേഖലയില്‍ കൂടുതലായി ഉപയോഗിക്കുന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ടാറ്റ സ്റ്റീലിനെ ഈ ഏറ്റെടുക്കല്‍ സഹായിക്കും. ടാറ്റ സ്റ്റീല്‍ നേരിട്ടോ അല്ലെങ്കില്‍ കമ്പനിയുടെ ഏതെങ്കിലും അനുബന്ധ സംരംഭം ഉപയോഗിച്ചോ ആയിരിക്കും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഉഷ മാര്‍ട്ടിനിന്റെ സ്റ്റീല്‍ ബിസിനസ് ഏറ്റെടുക്കാന്‍ ടാറ്റ സ്റ്റീല്‍ താല്‍പ്പര്യപ്പെടുന്നതായി ജൂണിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ലിബര്‍ട്ടി ഗ്രൂപ്പ്, കല്യാണി സ്റ്റീല്‍ എന്നിവയും കമ്പനിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രാരംഭ ഘട്ടത്തില്‍ വേദാന്തയും കമ്പനി ഏറ്റെുക്കാന്‍ മുന്നോട്ടുവന്നിരുന്നു.

Comments

comments

Categories: Business & Economy
Tags: Tata Steel