സ്വിഫ്റ്റ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

സ്വിഫ്റ്റ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഉല്‍സവ സീസണ്‍ പ്രമാണിച്ച് 2018 മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. 4.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ എല്‍എക്‌സ്‌ഐ, എല്‍ഡിഐ ബേസ് വേരിയന്റുകളില്‍ മാത്രമേ സ്‌പെഷല്‍ എഡിഷന്‍ ലഭിക്കൂ. സ്റ്റാന്‍ഡേഡ് സ്വിഫ്റ്റ് ബേസ് വേരിയന്റുകളുടെ അതേ വിലയിലാണ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്‌പെഷല്‍ എഡിഷന്‍ പാക്കേജിന്റെ ഭാഗമായി നിരവധി അധിക ഫീച്ചറുകള്‍ നല്‍കി.

ബോഡിയുടെ അതേ നിറത്തില്‍ ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, കറുത്ത പെയിന്റ് ചെയ്ത വീല്‍ കവറുകള്‍ എന്നിവയാണ് സ്വിഫ്റ്റ് സ്‌പെഷല്‍ എഡിഷന്റെ പുറമേ കാണുന്ന വിശേഷങ്ങള്‍. ഉള്‍ഭാഗത്ത് സിംഗിള്‍ ഡിന്‍ ബ്ലൂടൂത്ത് സ്റ്റീരിയോ മ്യൂസിക് സിസ്റ്റം, മുന്നില്‍ രണ്ട് സ്പീക്കറുകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഫീച്ചറുകള്‍.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളില്‍ സ്‌പെഷല്‍ എഡിഷന്‍ സ്വിഫ്റ്റ് ലഭിക്കും. പെട്രോള്‍ എന്‍ജിന്‍ 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. എഎംടി ഗിയര്‍ബോക്‌സ് ലഭിക്കില്ല. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, ഫോഡ് ഫിഗോ തുടങ്ങിയവയാണ് മാരുതി സ്വിഫ്റ്റിന്റെ എതിരാളികള്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് 2018 മോഡല്‍ സ്വിഫ്റ്റ് അവതരിപ്പിച്ചത്.

Comments

comments

Categories: Auto