2,020 സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് ഒയോ

2,020 സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് ഒയോ

പുതിയ സാങ്കേതിക വിദ്യകളിലെ നിക്ഷേപം തുടരും

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരുമടക്കം 2,020 ഓളം പേരെ നിയമിക്കാന്‍ ഒയോ റൂംസ് പദ്ധതിയിടുന്നു. ചൈന, ഇന്തോനേഷ്യ, യുകെ എന്നിവിടങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.
2020ഓടെ 2,020 സാങ്കേതിക വിദഗ്ധരെ കൂടി തങ്ങളുടെ ടീമിന്റെ ഭാഗമാക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും ഒയോ റൂംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ 700 ഓളം സാങ്കേതികവിദഗ്ധരാണ് ഒയോ റൂംസിന്റെ ഭാഗമായിട്ടുള്ളത്. 20ല്‍ അധികം ഇന്‍-ഹൗസ് പ്രൊഡക്റ്റുകളാണ് ഇവര്‍ കമ്പനിക്കായി വികസിപ്പിച്ചിട്ടുള്ളത്.
ഇതുവരെയുള്ള കണക്കെടുത്താല്‍ ഒയോ റൂംസിന് മൊത്തം 2,900 ജീവനക്കാരാണുള്ളത്. ഇന്ത്യ, മലേഷ്യ, യുഎഇ, നേപ്പാള്‍, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ 230ഓളം നഗരങ്ങളിലായി 8,500ല്‍ അധികം ഹോട്ടലുകളാണ് ഒയോ റൂംസിനുള്ളത്. 2013ലാണ് ഒയോ റൂംസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 2015ല്‍ ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, സെക്വേയ കാപിറ്റല്‍, ഗ്രീനോക്‌സ് കാപിറ്റല്‍, ജിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ നിക്ഷേപകരില്‍ നിന്നായി 24 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.
2016ല്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും ഇന്നോവെന്‍ കാപിറ്റലും മറ്റ് നിക്ഷേപകരും ചേര്‍ന്ന് 90 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി. 2017ല്‍ വീണ്ടും കമ്പനി പത്ത് മില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. ഇതോടെ ഒയോ റൂംസിന്റെ മൊത്തം മൂല്യം 250 മില്യണ്‍ ഡോളറിലെത്തിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നാണ് ഒയോ. ഇന്ത്യയില്‍ ഗോവ, ഷിംല, കേരളം, പുതുച്ചേരി, ഉദയ്പ്പൂര്‍ തുടങ്ങി പത്തിലധികം കേന്ദ്രങ്ങളിലാണ് ഒയോ പ്രവര്‍ത്തനം നടത്തുന്നത്.

Comments

comments

Categories: Business & Economy
Tags: OYO