പുതിയ റിട്ടേണ്‍ ഫോം ആറ് മാസത്തിനുള്ളില്‍ തയാറാകും

പുതിയ റിട്ടേണ്‍ ഫോം ആറ് മാസത്തിനുള്ളില്‍ തയാറാകും

ഒക്‌റ്റോബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ടിഡിഎസും ടിസിഎസും ബാധകമാകുമെന്നും സുശീല്‍കുമാര്‍ മോദി

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ ഫോം രൂപകല്‍പന ചെയ്യാന്‍ ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) ടെക് ഭീമന്‍ ഇന്‍ഫോസിസിന് നിര്‍ദേശം നല്‍കി. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്ടിഎനിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ചേര്‍ന്ന മന്ത്രിതല സമിതിയുടെ പത്താമത് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികള്‍ക്ക് റിട്ടേണ്‍ ഫയലിംഗ് ലളിതമാക്കുന്നതിനായാണ് പുതിയ ഫോം രൂപകല്‍പ്പന ചെയ്യാന്‍ ജിഎസ്ടിഎന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണിത്. അടുത്ത നാലോ ആറോ മാസത്തിനുള്ളില്‍ ലളിതമായ രീതിയിലുള്ള പുതിയ റിട്ടേണ്‍ ഫോം അവതരിപ്പിക്കുമെന്നും വ്യാപാരികയള്‍ക്ക് ഇത് സഹായകമാകുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ചെറുകിട നികുതി ദായകര്‍ക്കായി ഒരു ഏകീകൃത എക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 കമ്പനികളെ മന്ത്രിതല സമിതി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതുപോലെ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ടിഡിഎസും ടിസിഎസും ബാധകമാകുമെന്നും മോദി അറിയിച്ചു. കേന്ദ്ര ജിഎസ്ടി നിയമത്തിലെ 52-ാം വകുപ്പ് അനുസരിച്ച് അടുത്ത മാസം ഒന്നുമുതല്‍ ടിഡിഎസും ടിസിഎസും നടപ്പാക്കി തുടങ്ങുമെന്ന് സെപ്റ്റംബര്‍ 13നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

Comments

comments

Categories: Business & Economy